24 October Thursday

ജയിച്ചാൽ പരമ്പര ; ഇന്ത്യ‐ദക്ഷിണാഫ്രിക്ക അവസാന ട്വന്റി‐20 ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019

കോഹ്‌ലി പരിശീലനത്തിനെത്തിയപ്പോൾ


ബംഗളൂരു
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി–-20 പരമ്പര ഉറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു. മൂന്നു മത്സരപരമ്പരയിലെ അവസാനമത്സരം രാത്രി ഏഴിന്‌ ബംഗളൂരുവിലെ എം ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടക്കും. ജയിച്ചാൽ ഇന്ത്യക്ക്‌ പരമ്പര സ്വന്തമാക്കാം. ദക്ഷിണാഫ്രിക്കയ്‌ക്കാകട്ടെ ഒപ്പമെത്താൻ ജയം അനിവാര്യമാണ്‌. ആദ്യകളി മഴയെടുത്തപ്പോൾ രണ്ടാംമത്സരം ഇന്ത്യ ഏഴ്‌ വിക്കറ്റിന് സ്വന്തമാക്കിയിരുന്നു. ജയത്തോടെ ഒക്‌ടോബർ രണ്ടിന്‌ ആരംഭിക്കുന്ന ടെസ്റ്റ്‌ പരമ്പരയ്‌ക്ക്‌ ആത്മവിശ്വാസത്തോടെ ഇറങ്ങാനാണ്‌ വിരാട്‌ കോഹ്‌ലിയും സംഘവും തയ്യാറെടുക്കുന്നത്‌.

അവസാന ട്വന്റി–-20യിൽ എല്ലാ കണ്ണുകളും ഋഷഭ്‌ പന്തിലാണ്‌. മഹേന്ദ്രസിങ്‌ ധോണിക്ക്‌ പിന്മുറക്കാരനാകാൻ നൽകിയ അവസരമൊന്നും വിക്കറ്റ്‌ കീപ്പർ മുതലെടുത്തിട്ടില്ല. വെസ്റ്റിൻഡീസ്‌ പര്യടനത്തിൽ തീർത്തും മങ്ങി. കഴിഞ്ഞ കളിയിൽ നാലു റണ്ണുമായി മടങ്ങി.

ക്യാപ്‌റ്റൻ കോഹ്‌ലിയുടെ മികവിലാണ്‌ മൊഹാലിയിൽ നടന്ന രണ്ടാംമത്സരം ഇന്ത്യ അനായാസം സ്വന്തമാക്കിയത്‌. ‌52 പന്തിൽ 72 റണ്ണുമായി പുറത്താകാതെ നിന്ന്‌ വലംകൈയൻ ഇന്ത്യക്ക്‌ ജയം സമ്മാനിച്ചു. ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടാകില്ലെന്നാണ്‌ സൂചന. ജസ്‌പ്രീത്‌ ബുമ്രയും ഭുവനേശ്വർ കുമാറും ഇല്ലാതെ ഇറങ്ങിയ പേസ്‌ നിര ദക്ഷിണാഫ്രിക്കൻ ബാറ്റിങ്‌ നിരയെ പരീക്ഷിച്ചു. ദീപക്‌ ചഹാറും നവ്‌ദീപ്‌ സെയ്‌നിയും അച്ചടക്കത്തോടെ പന്തെറിഞ്ഞു.

രവീന്ദ്ര ജഡേജയും ക്രുണാൾ പാണ്ഡ്യയും വാഷിങ്‌ടൺ സുന്ദറും ബാറ്റിലും പന്തിലും മികവ്‌ കാട്ടുന്നവരാണ്‌. ഏകദിന ലോകകപ്പിനുശേഷം നീണ്ട ഇന്നിങ്‌സ്‌ കളിക്കാനായിട്ടില്ല രോഹിത്‌ ശർമയ്‌ക്ക്‌. ടെസ്റ്റിനുമുന്നോടിയായി മികവ്‌ കാട്ടാനുള്ള ശ്രമത്തിലാണ്‌ ഇന്ത്യൻ ഉപനായകൻ. ദക്ഷിണാഫ്രിക്കയ്‌ക്കാകട്ടെ നല്ല തുടക്കം കിട്ടിയിട്ടും മികച്ച സ്‌കോർ പടത്തുയർത്താനായില്ല. ക്യാപ്‌റ്റൻ ക്വിന്റൺ ഡി കോക്കും ബൗളിങ്ങിൽ കഗീസോ റബാദയുമാണ്‌ അവരുടെ കരുത്തർ.

ഇന്ത്യ: രോഹിത്‌ ശർമ, ശിഖർ ധവാൻ, വിരാട്‌ കോഹ്‌ലി, ഋഷഭ്‌ പന്ത്‌, ശ്രേയസ്‌ അയ്യർ, ഹാർദിക്‌ പാണ്ഡ്യ, രവീന്ദ്ര ജഡേജ, ക്രുണാൾ പാണ്ഡ്യ, വാഷിങ്‌ടൺ സുന്ദർ, ദീപക്‌ ചഹാർ, നവ്‌ദീപ്‌ സെയ്‌നി.

ദക്ഷിണാഫ്രിക്ക: റീസ ഹെൻഡ്രിക്‌സ്‌, ക്വിന്റൺ ഡി കോക്‌, ടെംബ ബവുമ, റാസി വാൻ ദെർ ദുസെൻ, ഡേവിഡ്‌ മില്ലർ, ഡ്വെയ്‌ൻ പ്രിട്ടോറിയസ്‌, ആൻഡ്‌ലെ ഫെഹ്‌ളുകായോ, യോൻ ഫോട്യൂൻ, കഗീസോ റബാദ, ആൻറിച്ച്‌ നോർത്യേ, ടബ്രിയസ്‌ ഷംസി.


പ്രധാന വാർത്തകൾ
 Top