24 March Sunday

ഏഷ്യാ കപ്പ്‌ ക്രിക്കറ്റ്‌ : ഇന്ത്യക്ക് 174 റൺ ലക്ഷ്യം

വെബ് ഡെസ്‌ക്‌Updated: Saturday Sep 22, 2018

ബംഗ്ലാദേശിന്റെ നാല്‌ വിക്കറ്റെടുത്ത ജഡേജയുടെ ആഹ്ലാദം


ദുബായ്
ഒരുവർഷത്തെ ഇടവേളയ്ക്കുശേഷമുള്ള ഏകദിന ക്രിക്കറ്റിലെ തിരിച്ചുവരവ് രവീന്ദ്ര ജഡേജ ഗംഭീരമാക്കി. ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിലെ ആദ്യമത്സരത്തിൽ ബംഗ്ലാദേശിനെതിരെ ജഡേജ നാല് വിക്കറ്റെടുത്തു. ബംഗ്ലാദേശ് 173ന് പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ്ചെയ്യാനിറങ്ങിയ ബംഗ്ലാദേശിനെ അച്ചടക്കത്തോടെ പന്തെറിഞ്ഞ ഇന്ത്യൻബൗളർമാർ അനങ്ങാൻ വിട്ടില്ല. ആദ്യഘട്ടത്തിൽ പേസർമാരും പിന്നെ സ്പിന്നർമാരും കളിനിയന്ത്രണം ഏറ്റെടുത്തു.

ഹാർദിക് പാണ്ഡ്യ പരിക്കേറ്റ് പിന്മാറിയതുകൊണ്ടുമാത്രം ടീമിൽ ഇടംകിട്ടിയ ജഡേജ  അവസരം ഉപയോഗിച്ചു. ബംഗ്ലാദേശിന്റെ മധ്യനിരയെ ജഡേജ ചുരുട്ടിക്കെട്ടി. പത്തോവറിൽ 29 റൺമാത്രം വഴങ്ങിയാണ് ജഡേജ നാല് വിക്കറ്റ് വീഴ്ത്തിയത്.

തിരിച്ചുവരവിലെ ആദ്യ ഓവർ സംഭവബഹുലമായിരുന്നു. രണ്ടാമത്തെ പന്തുതന്നെ നോബോളായി. അടുത്ത പന്ത് അമ്പയർ ഡെഡ്ബോൾ വിളിച്ചു. തുടർന്നുള്ള രണ്ടു പന്തുകൾ ഷാകിബ് ജഡേജയെ തുടർച്ചയായി ബൗണ്ടറി പായിച്ചു. പക്ഷേ, തുടർന്നും കൂറ്റനടിക്ക് ശ്രമിച്ച ഷാകിബിനെ (12 പന്തിൽ 17) ജഡേജ ശിഖർ ധവാന്റെ കൈയിൽ കുരുക്കി. ആദ്യ ഓവറിൽ 13 റൺ വഴങ്ങിയ ഈ ഇടംകൈയൻ സ്പിന്നർ പിന്നാലെ ബംഗ്ലാ ബാറ്റ്സ്മാൻമാരെ വിറപ്പിച്ചു. മുഷ്ഫിക്കർ റഹീം (45 പന്തിൽ 21), മുഹമ്മദ് മിഥുൻ (19 പന്തിൽ 9), മൊസദ്ദെക് ഹൊസൈൻ (43 പന്തിൽ 12) എന്നിവരെയും ജഡേജ മടക്കി.

മൂന്നുവീതം വിക്കറ്റെടുത്ത പേസർമാരായ ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുമ്രയുംമികച്ച പ്രകടനം പുറത്തെടുത്തു. മൂന്ന് സ്പിന്നർമാരെയാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ കളത്തിൽ ഇറക്കിയത്.

ലിട്ടൺ ദാസും നസ്മുൾ ഹൊസൈനും ചേർന്നാണ് ബംഗ്ലാ ഇന്നിങ്സ് ആരംഭിച്ചത്. ഭുവനേശ്വർ‐ബുമ്ര സഖ്യം ഇരുവരെയും കാര്യമായി പരീക്ഷിച്ചു. 16 റണ്ണെടുക്കുന്നതിനിടെ ഇരുവരും കൂടാരം കയറി. ഏഴു റണ്ണെടുത്ത ലിട്ടണെ ഭുവനേശ്വറും നസ്മുളിനെ (7) ബുമ്രയും പുറത്താക്കി. ഷാകിബ്‐മുഷ്ഫിക്കർ സഖ്യം പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരുഘട്ടത്തിൽ 5‐65ലേക്ക് ബംഗ്ലാദേശ് തകർന്നു. മഹ്മദുള്ള റിയാദും മൊസദ്ദെകും ചേർന്നാണ് വൻതകർച്ചയിൽനിന്ന് ബംഗ്ലാദേശിനെ കരകയറ്റിയത്. എന്നാൽ, മഹ്മദുള്ള ബംഗ്ലാദേശ് മികച്ച സ്കോർ എന്ന പ്രതീക്ഷ കൈവിട്ടു.

അവസാന ഓവറുകളിൽ മെഹിദി ഹസനും (50 പന്തിൽ 42), ക്യാപ്റ്റൻ മഷ്റഫി മൊർതാസയും (32 പന്തിൽ 26) ചേർന്നാണ് ബംഗ്ലാദേശിനെ 150 കടത്തിയത്. ഏഷ്യാകപ്പിൽ ഇന്ന് കളിയില്ല. നാളെ ഇന്ത്യ പാകിസ്ഥാനെ നേരിടും.

അഫ്ഗാൻ 6‐257
ദുബായ്
ഏഷ്യാ കപ്പ്‌ ക്രിക്കറ്റ്‌ സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 257 റണ്ണെടുത്തു. 118 പന്തിൽ 97 റണ്ണുമായി പുറത്താകാതെനിന്ന ഹസ്മത്തുള്ള ഷാഹിദിയാണ് അഫ്ഗാനെ മികച്ച സ്കോറിലെത്തിച്ചത്.
ടോസ് നേടിയ അഫ്ഗാൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ വേഗത്തിൽ റണ്ണെടുക്കാൻ അഫ്ഗാൻ ബാറ്റ്സ്മാൻമാർക്ക് കഴിഞ്ഞില്ല. എന്നാൽ കളിയുടെ അവസാന ഓവറുകിൽ അവർ ആഞ്ഞടിച്ചു. 56 പന്തിൽ 67 റണ്ണെടുത്ത ക്യാപ്റ്റൻ അഷ്ഗർ അഫ്ഗാനാണ് ആക്രമണത്തിന് തുടക്കമിട്ടത്. പാക് ഫീൽഡർമാരുടെ ചോരുന്ന കൈകളും അഫ്ഗാനെ തുണച്ചു. നാല് ക്യാച്ചുകളാണ് പാക് ഫീൽഡർമാർ പാഴാക്കിയത്.

അസ്ഗറിന്റെ ഇന്നിങ്സിൽ അഞ്ച് സിക്സറും രണ്ട് ബൗണ്ടറികളും ഉൾപ്പെട്ടു. ഇന്നിങ്സിന്റെ തുടക്കത്തിൽ പതുക്കെ റണ്ണെടുത്ത ഹസ്മത്തുള്ള അസ്ഗർ എത്തിയശേഷം സ്കോറിങ്ങിന് വേഗം കൂട്ടി. ഹസ്മത്തുള്ളയുടെ തുടർച്ചയായ രണ്ടാം അരസെഞ്ചുറിയാണിത്.


പ്രധാന വാർത്തകൾ
 Top