18 November Monday

വേണം പുതിയ തുടക്കം ; ഇന്ത്യ ഇന്ന്‌ വെസ്റ്റിൻഡീസിനോട്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

നോർത്ത്‌ സൗണ്ട്‌ > ടെസ്‌റ്റ്‌ ക്രിക്കറ്റിൽ പുതിയ തുടക്കത്തിനായി വിരാട്‌ കോഹ്‌ലിയും സംഘവും ഇന്ന്‌ ഇറങ്ങുന്നു. ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരമാണ്‌. വെസ്‌റ്റിൻഡീസാണ്‌ എതിരാളികൾ. രണ്ട്‌ മത്സരങ്ങളാണ്‌ പരമ്പരയിൽ.ആന്റിഗ്വയിലെ നോർത്ത്‌ സൗണ്ട്‌ വിവിയൻ റിച്ചാർഡ്‌സ്‌ സ്‌റ്റേഡിയത്തിലാണ്‌ മത്സരം. വിൻഡീസിലെ പിച്ചുകൾ ഇപ്പോൾ പേസിനെ തുണയ്‌ക്കുന്നതാണ്‌. ബാറ്റ്‌സ്‌മാൻമാർ പരീക്ഷിക്കപ്പെടും.

വിൻഡീസിൽ ട്വന്റി–-20, ഏകദിന പരമ്പരകൾ എളുപ്പത്തിൽ നേടിയാണ്‌ കോഹ്‌ലിയും കൂട്ടരും ടെസ്‌റ്റിന്‌ ഇറങ്ങുന്നത്‌. രണ്ട്‌ വർഷത്തെ ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്പിനാണ്‌ തുടക്കുമാകുന്നത്‌. 2021ലാണ്‌ അവസാനിക്കുക.ടെസ്‌റ്റ്‌ ക്രിക്കറ്റിലെ ഒന്നാം റാങ്കുകാരാണ്‌ ഇന്ത്യൻ ടീം. ഓസ്‌ട്രേലിയൻ മണ്ണിൽ പരമ്പര നേട്ടം കുറിച്ചു. സമീപകാലത്ത്‌ വിദേശ മണ്ണിൽ മികച്ച പ്രകടനമാണ്‌. പേസ്‌ ബൗളിങ്‌ നിരയുടെ മിടുക്കാണ്‌ ഈ കുതിപ്പിനുപിന്നിൽ. എട്ടുമാസത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ ഇന്ത്യൻ ടീം ടെസ്‌റ്റ്‌ കളിക്കുന്നത്‌.

ടെസ്‌റ്റിലെ ഒന്നാം റാങ്കുകാരൻ കോഹ്‌ലിയാണ്‌ ബാറ്റിങ്‌  നിരയുടെ ശക്തി. ചേതേശ്വർ പൂജാരയാണ്‌ മറ്റൊരു പ്രധാനി. ബാറ്റിങ്‌ ദുഷ്‌കരമായ പിച്ചുകളിൽ പൂജാരയുടെ ചെറുത്തുനിൽപ്പാണ്‌ ടീമിനെ രക്ഷിക്കുക. അഞ്ചാംനമ്പറിൽ അജിൻക്യ രഹാനെയ്‌ക്കാണ്‌ സാധ്യത. ഈ പരമ്പരയിലും മങ്ങിയാൽ വൈസ്‌ ക്യാപ്‌റ്റന്റെ നിലനിൽപ്പ്‌ പരുങ്ങലിലാകും. സ്ഥിരതയില്ലാത്തതാണ്‌ രഹാനെയുടെ പ്രശ്‌നം. രോഹിത്‌ ശർമ, ഹനുമ വിഹാരി എന്നിവരും ബാറ്റിങ്‌ നിരയിലുണ്ട്‌.

ബൗളിങ്‌ നിരയിൽ ഒന്നാംനമ്പർ താരം ജസ്‌പ്രീത്‌ ബുമ്രയുടെ തിരിച്ചുവരവ്‌ കരുത്തുകൂട്ടും.  ലോകകപ്പിനുശേഷം വിശ്രമത്തിലായിരുന്നു ബുമ്ര. മുഹമ്മദ്‌ ഷമിയും ഇശാന്ത്‌ ശർമയുമാണ്‌ പേസ്‌നിരയിൽ ബുമ്രയുടെ കൂട്ടാളികൾ. ജാസൺ ഹോൾഡറുടെ നേതൃത്വത്തിൽ ഇറങ്ങുന്ന വിൻഡീസ്‌ പട ഇംഗ്ലണ്ടിനെ ഞെട്ടിച്ചവരാണ്‌. ഹോൾഡറുടെ ഓൾ റൗണ്ട്‌ മികവാണ്‌ വിൻഡീസിന്‌ കരുത്തേകുന്നത്‌. കെമർ റോച്ചും ഷാനൺ ഗബ്രിയേലും പേസ്‌ വിഭാഗത്തിൽ ഹോൾഡർക്ക്‌ പിന്തുണ നൽകും. ബാറ്റ്‌സ്‌മാൻമാരിൽ ക്രെയ്‌ഗ്‌ ബ്രത്‌വയ്‌റ്റ്‌, ഷായ്‌ ഹോപ്‌,  ഷിംറോൺ ഹെറ്റ്‌മെയർ, ഡാരെൻ ബ്രാവോ എന്നിവരും പിടിച്ചുനിൽക്കാൻ കെൽപ്പുള്ളവരാണ്‌.

ഓൾ റൗണ്ടർ റോസ്‌റ്റൺ ചേസാണ്‌ വിൻഡീസ്‌ നിരയിലെ നിർണായക ഘടകം. അവസാന പരമ്പരയിൽ ചേസ്‌ ഇന്ത്യൻ ബൗളർമാരെ പ്രതിരോധിച്ചിരുന്നു.


പ്രധാന വാർത്തകൾ
 Top