05 August Wednesday
യുവന്റസ്‌ ഇന്ന്‌ ബോളാഞ്ഞയോട്‌

ഇറ്റാലിയൻ ഫുട്‌ബോൾ ലീഗ്‌: ആശങ്കയോടെ യുവന്റസ്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 22, 2020

ക്രിസ്റ്റ്യാനോ റൊണാൾഡോ പരിശീലനത്തിൽ


റോം
നെഞ്ചിടിപ്പോടെ യുവന്റസ്‌ ഇന്നിറങ്ങുന്നു. ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിൽ ബോളാഞ്ഞയാണ്‌ മൗറീസിയോ സാറിയുടെ ടീമിന്‌ എതിരാളികൾ. കോവിഡ്‌ ഇടവേള കഴിഞ്ഞ്‌ കളത്തിലെത്തിയ യുവന്റസ്‌ നിരാശയിലാണ്‌. ഇറ്റാലിയൻ കപ്പ്‌ ഫൈനലിൽ നാപ്പോളിയോട്‌ തോറ്റു. ലീഗിൽ ഒറ്റ പോയിന്റിന്റെ ലീഡിലാണ്‌ ഒന്നാമത്‌ നിൽക്കുന്നത്‌. ഇന്ന്‌ ജയിച്ചില്ലെങ്കിൽ സമ്മർദത്തിലാകും. 26 മത്സരങ്ങളിൽ 63 പോയിന്റാണ്‌ യുവന്റസിന്‌. രണ്ടാമതുള്ള ലാസിയോക്ക്‌ 62ഉം. 12 കളികൾ ബാക്കിയുണ്ട്‌. കോവിഡിനെ തുടർന്ന്‌ നിർത്തിവച്ച ഇറ്റാലിയൻ ലീഗ്‌ ടോറിനോ–-പാർമ മത്സരത്തോടെ പുനരാരംഭിച്ചു. ആദ്യ കളി സമനിലയിൽ പിരിഞ്ഞു (1–-1).

ഇറ്റാലിയൻ കപ്പിലെ ഒറ്റ തോൽവിയല്ല സാറിയെ അലട്ടുന്നത്‌. കോവിഡ്‌ പ്രതിസന്ധി കഴിഞ്ഞ്‌ കളത്തിലെത്തിയ രണ്ട്‌ കളികളിലും ക്രിസ്റ്റ്യാനോ റൊണാൾഡോ അടങ്ങിയ മുന്നേറ്റത്തിന്‌ ഗോളടിക്കാനായില്ല. ഇറ്റാലിയൻ കപ്പ്‌ രണ്ടാംപാദ സെമിയിൽ എസി മിലാനെതിരെയും ഫൈനലിൽ നാപ്പോളിക്കെതിരെയും നിശ്ചിത സമയങ്ങളിൽ ലക്ഷ്യത്തിലെത്താനായില്ല. ഫൈനലിലെ ഷൂട്ടൗട്ടിൽ ആദ്യ രണ്ടെണ്ണം പിഴച്ചു. മിലാനെതിരെ റൊണാൾഡോയ്‌ക്കും പെനൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. മുന്നേറ്റത്തിലെ ഈ പിഴവുകളാണ്‌ യുവന്റസിന്റെ പ്രധാന തലവേദന.

റൊണാൾഡോ തന്നെയാണ്‌ കളിയുടെ ആകർഷണം. പോർച്ചുഗീസുകാരന്റെ മടങ്ങിവരവിലാണ്‌ എല്ലാ കണ്ണുകളും. യുവന്റസിനെപ്പോലെ റോണോയും മറക്കാൻ ആഗ്രഹിക്കുന്നതാണ്‌ അവസാന രണ്ട്‌ മത്സരങ്ങളും. മിലാനെതിരെ പെനൽറ്റി പാഴാക്കി. നാപ്പോളിക്കെതിരായ തോൽവിയോടെ തുടർച്ചയായ രണ്ട്‌ ഫൈനലിൽ ആദ്യമായി തോൽക്കുന്നുവെന്ന വിശേഷണവും മുപ്പത്തഞ്ചുകാരന്‌ സ്വന്തമായി. 2014 മുതൽ 2019 വരെ ഇറങ്ങിയ 11 ഫൈനലുകളിലും കിരീടം ഉയർത്തിയിരുന്നു റൊണാൾഡോ.

പരിക്കും യുവന്റസിന്‌ തിരിച്ചടിയാണ്‌. ഗൊൺസാലോ ഹിഗ്വെയ്‌ൻ, ജ്യോർജിയോ കില്ലെനി, അലക്‌സ്‌ സാൻഡ്രോ എന്നിവർ പുറത്താണ്‌. ലീഗിൽ പത്താമതാണ്‌ ബോളാഞ്ഞ.ബുധനാഴ്‌ച അറ്റ്‌ലാന്റയ്‌ക്കെതിരെയാണ്‌ ലാസിയോയുടെ കളി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top