20 September Friday

വമ്പില്ലാതെ ലങ്ക

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

ലസിത്‌ മലിംഗ


കൊളംബോ
പ്രതിസന്ധികൾ തളർത്തിയ സംഘവുമായാണ‌് ശ്രീലങ്ക ലോകകപ്പിനെത്തുന്നത‌്. ക്യാപ‌്റ്റനെ കണ്ടെത്താൻപോലും വിഷമിച്ചു. ഏറ്റവും മോശം കാലഘട്ടത്തിലുള്ള ലങ്കയ‌്ക്ക‌് ഈ ലോകകപ്പിൽ അത്ഭുതങ്ങൾ മാത്രമേ മുന്നോട്ടുള്ള വഴിയൊരുക്കൂ. 1996ലെ ചാമ്പ്യൻമാരായ ലങ്ക രണ്ട‌ുതവണ ഫൈനലിലും കടന്നിട്ടുണ്ട‌്. ഈ ലോകകപ്പിൽ പക്ഷേ, ദുർബലരാണ‌്.

ടീം തെരഞ്ഞെടുപ്പ‌്തന്നെ വിമർശമുണ്ടാക്കി. പരിചയസമ്പന്നരായ ദിനേശ‌് ചൻഡിമൽ, നിരോഷൻ ഡിക‌്‌വെല്ല എന്നിവരെ ഒഴിവാക്കി. സ‌്പിന്നർ അകില ധനജ‌്ഞയ‌്ക്കും സ്ഥാനം കിട്ടിയില്ല. ഓപ്പണർ ധനുഷ‌്ക ഗുണതിലകയെയും പരിഗണിച്ചില്ല. ദിമുത‌് കരുണരത‌്നെയാണ‌് ക്യാപ‌്റ്റൻ‌. കഴിഞ്ഞ ലോകകപ്പിലാണ‌് കരുണരത‌്നെ അവസാനമായി കളിച്ചത‌്. നാല‌് വർഷത്തിനുശേഷം ക്യാപ‌്റ്റനായി ടീമിൽ തിരിച്ചെത്തി. 17 മത്സരങ്ങളുടെ പരിചയം മാത്രമാണ‌് ഈ ഓപ്പണിങ‌് ബാറ്റ‌്സ‌്മാന‌്.

ചൻഡിമലും ഡിക‌്‌വെല്ലയും ഈ വർഷമാദ്യം ലങ്കയെ നയിച്ചതാണ‌്. തുടർന്ന‌് ലസിത‌് മലിംഗ ക്യാപ‌്റ്റനായി. മലിംഗയ‌്ക്ക‌ു കീഴിൽ 12 മത്സരങ്ങൾ ലങ്ക തുടർച്ചയായി തോറ്റു.  ചൻഡിമലിനെയും ഡിക‌്‌വെല്ലെയെയും ടീമിൽനിന്ന‌ുതന്നെ പുറത്താക്കി. പരിശീലകൻ ചന്ദ്രിക ഹതുരസിംഗയ‌്ക്ക‌് ചൻഡിമലിനെ നിലനിർത്താൻ താൽപ്പര്യമുണ്ടായിരുന്നു. എന്നാൽ, ലങ്കൻ ക്രിക്കറ്റ‌് ബോർഡ‌് സമ്മതം മൂളിയില്ല. കരുണരത‌്നെയെ ക്യാപ‌്റ്റനാക്കുന്നതിൽ പരിശീലകൻ എതിർപ്പ‌് പ്രകടിപ്പിച്ചു. ലങ്കൻ ബോർഡ‌് അതിലും അനുകൂല നിലപാട‌് എടുത്തില്ല. ഈ വർഷം ദക്ഷിണാഫ്രിക്കയിൽ കരുണരത‌്നെയുടെ നേതൃത്വത്തിൽ ലങ്ക ടെസ‌്റ്റ‌്, ട്വന്റി–-20 പരമ്പരകൾ നേടിയിരുന്നു. ഈ മികവ‌് കരുണരത‌്നെയ‌്ക്ക‌് അനുകൂലമായി. ടീമിലെ മുതിർന്ന കളിക്കാരൻ ഏഞ്ചലോ മാത്യൂസുമായി പരിശീലകൻ നല്ല ബന്ധത്തിലല്ല. കഴിഞ്ഞ രണ്ട‌ു വർഷത്തിനിടെ ഒമ്പത‌് ക്യാപ‌്റ്റൻമാരെ ലങ്ക പരീക്ഷിച്ചു. ഇതിനിടെ മുൻ നായകൻ സനത‌് ജയസൂര്യക്കെതിരായ അഴിമതി ആരോപണങ്ങളും ലങ്കൻ ക്രിക്കറ്റിനെ ബാധിച്ചു.

2015 ലോകകപ്പിനുശേഷം കളിച്ച 84 ഏകദിന മത്സരങ്ങളിൽ 55ലും ലങ്ക തോൽവി വഴങ്ങി. കഴിഞ്ഞവർഷം ഒക‌്ടോബറിലാണ‌് അവസാനമായി ഒരു മത്സരം ജയിച്ചത‌്. 2017ൽ ദുർബലരായ സിംബാബ‌്‌വെയോട‌് പരമ്പരയിൽ തോറ്റു. ഈ വർഷം ക‌ളിച്ച എട്ടു മത്സരങ്ങളിലും ജയമില്ല.  പരിചയസമ്പന്നരായ മലിംഗയിലും മാത്യൂസിലുമാണ‌് ലങ്കയുടെ പ്രതീക്ഷകൾ. മുപ്പത്തഞ്ചുകാരനായ മലിംഗ ഐപിഎലിൽ മുംബെ ഇന്ത്യൻസിനെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പ്രകടനമാണ‌് നടത്തിയത‌്. ചെന്നൈ സൂപ്പർ കിങ‌്സിനെതിരായ ഫൈനലിൽ തിളങ്ങി. എങ്കിലും ട്വന്റി–-20യിലെ മികവ‌് ഏകദിനത്തിൽ ആവർത്തിക്കാനാകുമോ എന്ന‌് കണ്ടറിയണം.
പരിക്കുകാരണം തളർന്നുപോയ മാത്യൂസിനും ഇത‌് അവസാന ലോകകപ്പാണ‌്. പന്തുകൊണ്ടും ബാറ്റ‌് കൊണ്ടും തിളങ്ങാനാകുന്ന മാത്യൂസ‌് താളം കണ്ടെത്തിയാൽ ലങ്കയ‌്ക്ക‌് മുന്നേറാം.

ഓൾറൗണ്ടർ തിസര പെരേരയാണ‌് മറ്റൊരു പ്രധാനതാരം. ലാഹിരു തിരിമണ്ണെ, മിലിന്ദ സിരിവർധനെ, ജീവൻ മെൻഡിസ‌്, ജെഫ്ര വാൻഡെർസെ എന്നിവർ ഏറെക്കാലത്തിനുശേഷം ഏകദിന ടീമിൽ എത്തിയവരാണ‌്. നല്ല വിക്കറ്റ‌് കീപ്പറുമില്ല. കുശാൽ പെരേരയും കുശാൽ മെൻഡിസുമാണ‌് വിക്കറ്റ‌് കീപ്പർ സ്ഥാനത്തേക്ക‌് പരിഗണിക്കപ്പെടുന്നവർ.

1996ൽ അർജുന രണതുംഗയ‌്ക്ക‌ു കീഴിൽ ലോകകപ്പ‌് നേടിയ ലങ്ക 2007, 2011 ലോകകപ്പുകളിൽ ഫൈനലിൽ കടന്നു. കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടറിൽ പുറത്തായി. ജൂൺ ഒന്നിന‌് ന്യൂസിലൻഡുമായാണ‌് ലോകകപ്പിൽ ലങ്കയുടെ ആദ്യ മത്സരം.
 


പ്രധാന വാർത്തകൾ
 Top