25 June Tuesday

ഇംഗ്ലണ്ടിന്‌ ആർച്ചെറുടെ മൂർച്ച

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019


ലണ്ടൻ
പാകിസ്ഥാന‌് പിന്നാലെ ഇംഗ്ലണ്ടും ലോകകപ്പിനുള്ള 15 അംഗ ടീമിനെ പുതുക്കിപ്പണിതു. 20 ദിവസം മുമ്പുമാത്രം ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയ യുവ പേസ‌് വിസ‌്മയം ജോഫ്ര ആർച്ചെറെ ടീമിൽ ഉൾപ്പെടുത്തി. വെസ‌്റ്റിൻഡീസിൽ ജനിച്ച ഈ ഇരുപത്തിനാലുകാരൻ ടീമിലെത്തിയപ്പോൾ ഇടംകൈയൻ പേസർ ഡേവിഡ‌് വില്ലി പുറത്തായി. ബൗളർ ജോ ഡെൻലിക്ക‌് പകരം ലിയം ഡോസനും മയക്കുമരുന്ന‌് ഉപയോഗത്തിന‌് പുറത്തായ ബാറ്റ‌്സ‌്മാൻ അലക‌്സ‌് ഹാലെസിനു പകരം ജെയിംസ‌് വിൻസും ടീമിലെത്തി.

  ലോകകപ്പ‌് നേടാൻ സാധ്യത കൽപ്പിക്കപ്പെടുന്ന ഇംഗ്ലീഷ‌് ടീമിന്റെ പ്രാഥമിക പട്ടികയിൽ ആർച്ചെറും ഡോസനും ഉണ്ടായിരുന്നില്ല. ബൗളിങ്ങിൽ വൈവിധ്യം പുലർത്തുന്ന ആർച്ചെറെ ഉൾപ്പടുത്തണമെന്ന ആവശ്യം ശക്തമായിരുന്നു. വെസ‌്റ്റിൻഡീസിലെ ബാർബഡോസിൽ ജനിച്ച ആർച്ചെറിന്റെ പിതാവ‌് ഇംഗ്ലീഷുകാരനാണ‌്. വിൻഡീസിന്റെ അണ്ടർ 19 ടീമിൽ കളിച്ച ശേഷമാണ‌് ഇംഗ്ലണ്ടിന്റെ ദേശീയ ടീമിലെത്തുന്നത‌്.

  ഇംഗ്ലണ്ടിൽ താമസമാക്കി ഏഴ‌് വർഷത്തിനുശേഷം മാത്രമേ കളിക്കാൻ സാധിക്കുകയുള്ളു എന്ന നിബന്ധനയിലെ ഇളവാണ‌് വഴിത്തിരിവായത‌്. അതുപ്രകാരം 2022ലെ കളിക്കാൻ സാധിക്കൂ. എന്നാൽ ഈ നിബന്ധന മൂന്ന‌് വർഷമാക്കി കുറച്ചതാണ‌് തുണയായത‌്. തുടർന്ന‌് ഈ മാസം മൂന്നിന‌് അയർലൻഡിനെതിരെയായിരുന്നു അരങ്ങേറ്റം. പിന്നീട‌് പാകിസ്ഥാനെതിരെ രണ്ട‌് കളി. ആകെ മൂന്ന‌് കളിയിൽ മൂന്ന‌് വിക്കറ്റ‌്. ഐപിഎലിൽ രാജസ്ഥാൻ റോയൽസിനുവേണ്ടി 11 കളിയിൽ 11 വിക്കറ്റ‌് നേടി.   മണിക്കൂറിൽ 145 കിലോമീറ്റർ വേഗത്തിലാണ‌്  ആർച്ചെറുടെ പന്തേറ‌്. വേഗത്തിനൊപ്പം പന്തുകളുടെ  വൈവിധ്യമാണ‌് പ്രത്യേകത. പുതിയ പന്തിലും പഴകിയ പന്തിലും ഈ ചെറുപ്പക്കാരൻ കാണിക്കുന്ന അൽഭുതം  ഇംഗ്ലീഷ‌് സെലക‌്ടർമാരെ ആകർഷിച്ചു.

പാകിസ്ഥാനും അയർലൻഡിനും എതിരായ പരമ്പരയിലെ മോശം പ്രകടനമാണ‌് ബൗളർ ഡെൻലിയുടെ സാധ്യത ഇല്ലാതാക്കിയത‌്. മൂന്ന‌് കളിയിൽ 11 ഓവർ എറിഞ്ഞ‌് ഒരു വിക്കറ്റ‌് മാത്രം സമ്പാദ്യം. റോയൽ ലണ്ടൻ കപ്പിൽ ഹാംപ‌്ഷയറിനുവേണ്ടി 18 വിക്കറ്റെടുത്ത‌ത‌് ഡോസന‌് അനുഗ്രഹമായി. ബാറ്റിങ്ങിലും മോശമായില്ല.  നേരത്തെ ലോകകപ്പ‌് ടീമിൽ ഉണ്ടായിരുന്ന അലക‌്സ‌് ഹാലെസിനെ മയക്കുമരുന്ന‌് ഉപയോഗിച്ചതിന‌് സസ‌്പെൻഡ‌് ചെയ‌്തിരുന്നു‌. ആ സ്ഥാനത്തേക്കാണ‌് ജയിംസ‌് വിൻസിനെ പരിഗണിച്ചത‌്.

ടീം: ഇയോവിൻ മോർഗൻ (ക്യാപ‌്റ്റൻ), ജോണി ബെയർസ‌്റ്റോ, ജാസൺ റോയ‌്, ജോ റൂട്ട‌്, ജോസ‌് ബട‌്‌ലർ, മൊയീൻ അലി, ബെൻ സ‌്റ്റോക‌്സ‌്, ടോം കുറൻ, ലിയം ഡോസൻ, ആദിൽ റഷീദ‌്, ജോഫ്ര ആർച്ചെർ, ക്രിസ‌് വോക‌്സ‌്, മാർക‌് വുഡ‌്, ലിയാം പ്ലങ്കറ്റ‌്, ജയിംസ‌് വിൻസ‌്.


പ്രധാന വാർത്തകൾ
 Top