17 July Wednesday

ഇറ്റലിയിൽ എട്ടാമതും യുവന്റസ‌്

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019


ടൂറിൻ
ജർമൻ പെസ്സെല്ലയുടെ ദാനഗോൾ യുവന്റസിന്‌ അഞ്ച്‌ കളികൾ ബാക്കിനിൽക്കെ ഇറ്റാലിയൻ ലീഗ്‌ കിരീടം സമ്മാനിച്ചു. ഫിയറന്റീനയെ 2 –-1ന്‌ തോൽപ്പിച്ചാണ്‌  മാസിമില്ലാനോ അല്ലെഗ്രിയുടെ ടീം തുടർച്ചയായ എട്ടാം കിരീടം ഉയർത്തിയത്‌. യൂറോപ്പിലെ പ്രധാന ലീഗിൽ തുടർച്ചയായി ഏറ്റവും കൂടുതൽ തവണ വിജയിച്ച ടീമെന്ന നേട്ടവും യുവന്റസ്‌ സ്വന്തമാക്കി.

ചാമ്പ്യൻസ്‌ ലീഗ്‌ ക്വാർട്ടറിൽ സ്വന്തം തട്ടകത്തിൽ ഡച്ച്‌ ക്ലബ്‌ അയാക്‌സിനോട്‌ തോറ്റ്‌ പുറത്തായതിനു പിന്നാലെയുള്ള കിരീടനേട്ടം ടൂറിനുകാർക്ക്‌ ആശ്വാസം പകരുന്നതാണ്‌. 33 കളികളിൽനിന്നായി 87 പോയിന്റാണ്‌ യുവന്റസിനുള്ളളത്‌. രണ്ടാമതുള്ള നാപോളിക്ക്‌ 67ഉം. ശേഷിക്കുന്ന കളികളിലെല്ലാം യുവന്റസ്‌ തോൽക്കുകയും നാപോളി ജയിക്കുകയും ചെയ്‌താൽപ്പോലും പട്ടികയിൽ ഒന്നാമതെത്താൻ  കഴിയില്ല.

കളിയുടെ തുടക്കത്തിൽ ഫിയറന്റീന എതിരാളികളെ പ്രഹരിച്ചു. നിക്കോള മിലനോവിച്ച്‌ പന്ത്‌ വലയിലെത്തിച്ചു. യുവന്റസ്‌ പരിഭ്രമിച്ചു. അയാക്‌സിൽനിന്നേറ്റ തോൽവി ഒരുനിമിഷം അവർ ഓർത്തു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഫിയറന്റീന പ്രതിരോധം തളച്ചു. കൂട്ടാളി ഫെഡറികോ ബെർണാഡേഷിക്കും അനങ്ങാനായില്ല. യുവന്റസിന്‌ അധികം കാത്തിരിക്കേണ്ടിവന്നില്ല. പ്രതിരോധക്കാരൻ അലക്‌സ്‌ സാൻഡ്രോയുടെ ഹെഡ്ഡർ അവരെ ഒപ്പമെത്തിച്ചു. ഇടവേള പിരിഞ്ഞ ഉടൻ യുവന്റസ്‌ മുന്നിലെത്തി. റൊണാൾഡോയുടെ ക്രോസ്‌ പ്രതിരോധിക്കാനുള്ള പെസെല്ലയുടെ ശ്രമം പാളി. പന്ത്‌ വലയിൽ. ഇരുടീമുകളും പ്രതിരോധിച്ച്‌ പന്തുതട്ടിയപ്പോൾ ഗോളുകളകന്നു.

ഇറ്റലിയിൽ ഇത്തവണ യുവന്റസിന്‌ എതിരാളികളുണ്ടായില്ല. കളിച്ച 33ൽ 28ലും ജയിച്ചു. തോറ്റത്‌ രണ്ടു കളികൾ മാത്രം. മൂന്നെണ്ണം സമനിലയിലായി. 67 ഗോളുകൾ എതിർവലയിലേക്ക്‌ അടിച്ചുകയറ്റി. വഴങ്ങിയത്‌ 23 എണ്ണം മാത്രം. 19 ഗോളടിക്കുകയും എട്ട്‌ ഗോളവസരമൊരുക്കുകയും ചെയ‌്ത  റൊണാൾഡോയാണ്‌ യുവന്റസിനായി മിന്നിയത്‌. സീസണിൽ മോഹവില നൽകി റയൽ മാഡ്രിഡിൽനിന്ന്‌ കൂടാരത്തിലെത്തിച്ച പോർച്ചുഗീസുകാരൻ പ്രതീക്ഷ കാത്തു. റോമ–- ഇന്റർമിലാൻ പോരാട്ടം ഓരോ ഗോളടിച്ച‌് സമനിലയിൽ പിരിഞ്ഞു. എ സി മിലാൻ പർമയോടും സമാന സ‌്കോറിന‌് സമനില വഴങ്ങി.


പ്രധാന വാർത്തകൾ
 Top