16 June Sunday

പിടയുന്നു യുവന്റസ്‌

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019


മാഡ്രിഡ‌്
ചാമ്പ്യൻസ‌് ലീഗ‌് കിരീടം സ്വപ‌്നം കാണുന്ന യുവന്റസിന‌് കനത്ത തിരിച്ചടി. ആദ്യപാദ പ്രീ ക്വാർട്ടറിൽ രണ്ട‌് ഗോളിന‌് യുവന്റസിനെ അത‌്‌ലറ്റികോ മാഡ്രിഡ‌് വീഴ‌്ത്തി. രണ്ട‌് സെന്റർ ബാക്കുകൾ ചേർന്നാണ‌് യുവന്റസിനെ തകർത്തത‌്. ഹോസെ മരിയ ജിമിനെസും ദ്യേഗോ ഗോഡിനും. ഇരുവരും തകർപ്പൻ ഗോ‌ളുകൾ നേടി.

സ്വന്തം തട്ടകത്തിൽ ഉശിരൻ തുടക്കമായിരുന്നു അത‌്‌ലറ്റികോയുടേത‌്. പ്രതിരോധത്തിനൊപ്പം പ്രത്യാക്രമണവും സമന്വയിപ്പിച്ച‌് അവർ കളിച്ചു. ഗോൾ കീപ്പർ യാൻ ഒബ്ലാക്കിന്റെ പ്രകടനവും നിർണായകമായി. ക്രിസ‌്റ്റ്യാനോ റൊണാൾഡോയുടെ മിന്നുന്ന ഫ്രീകിക്ക‌് ബാറിന‌ു മുകളിലേക്ക‌് കുത്തിയകറ്റിയ ഒബ്ലാക്ക‌് അവസാനഘട്ടത്തിൽ റോഡ്രിഗോ ബെന്റാങ്കുറിന്റെ വോളിയും തടഞ്ഞു. റൊണാൾഡോ ആറ‌ുതവണ ഷോട്ട‌് പായിച്ചു. ഒരിക്കൽ മാത്രമേ ലക്ഷ്യത്തിലേക്ക‌് പറന്നുള്ളൂ.

ആദ്യഘട്ടത്തിൽത്തന്നെ അത‌്‌ലറ്റികോ യുവന്റസിന‌് അപകടസൂചന നൽകി. ദ്യേഗോ കോസ‌്റ്റയെ ബോക‌്സിൽ വീഴ‌്ത്തിയതിന‌് റഫറി പെനൽറ്റി വിധിച്ചു. പക്ഷേ, വീഡിയോ സഹായസംവിധാനം (വാർ) വഴി തീരുമാനം മാറ്റി. ബോക‌്സിന‌് പുറത്തുവച്ചായിരുന്നു ഫൗൾ. പിന്നാലെ കോസ‌്റ്റയ‌്ക്ക‌് സുവർണാവസരം കിട്ടി. ഗോൾകീപ്പർ മാത്രം മുന്നിൽ, കോസ‌്റ്റ പന്ത‌് പുറത്തേക്കടിച്ചു. ഒൺട്വേയ‌്ൻ ഗ്രീസ‌്മാൻ ബോക‌്സിൽവച്ച‌് കോരിയിട്ട പന്ത‌് യുവന്റസ‌് ഗോൾ കീപ്പർ വോജിയെ സെസെസ‌്നി തട്ടിയകറ്റി. പന്ത‌് ബാറിൽത്തട്ടി മടങ്ങി.

രണ്ടാംപകുതിയിലും കളി അത‌്‌ലറ്റികോ നിയന്ത്രിച്ചു. റൊണാൾഡോയെ ജിമിനെസും ഗോഡിനും പിടിച്ചുകെട്ടി. മുന്നേറ്റത്തിൽ കോസ‌്റ്റയ‌്ക്ക‌് പകരം അൽവാരോ മൊറാട്ടയെത്തി. നിമിഷങ്ങൾക്കുള്ളിൽ ഫിലിപെ ലൂയിസിന്റെ ക്രോസിൽ തലവച്ച‌് മൊറാട്ട ലക്ഷ്യം കാണുകയും ചെയ്‌തു. എന്നാൽ, വാർ പരിശോധനയിൽ ഗോൾ നിഷേധിച്ചു. യുവന്റസ‌് പ്രതിരോധക്കാരൻ ജോർജിയോ കില്ലെനിയെ ഫൗൾ ചെയ‌്തതിനാണ‌് ഗോൾ നിഷേധിച്ചത‌്.

അഞ്ച‌് മിനിറ്റിനുള്ളിൽ അത‌്‌ലറ്റികോയുടെ ശ്രമം പൂർണതയിലെത്തി. കോർണറിൽ തട്ടിത്തെറിച്ച പന്ത‌് മൊറാട്ടയിലേക്ക‌്. മൊറാട്ടയുടെ ഹെഡർ മരിയോ മാൻഡ‌്സുകിച്ച‌് തടയാൻ ശ്രമിച്ചു. പക്ഷേ, മാൻഡ‌്സുകിച്ചിന്റെ തലയിൽ തട്ടിയ പന്ത‌് ജിമിനെസിന്റെ കാലിലേക്കാണ‌് വീണത‌്‌. ഒന്നാന്തരം ഷോട്ടിലൂടെ ജിമിനെസ‌് അത‌്‌ലറ്റികോയെ മുന്നിലെത്തിച്ചു. പിന്നാലെ മറ്റൊരു സെറ്റ‌് പീസ‌് യുവന്റസ‌് ഗോൾമുഖത്ത‌് അപകടംവിതച്ചു. തട്ടിത്തെറിച്ച പന്ത‌് വലതുഭാഗത്ത‌് ഗോഡിന‌ു കിട്ടി. വായുവിലുയർന്ന‌്, ദുഷ‌്കരമായ മൂലയിൽനിന്ന‌് ഗോഡിൻ അടിപായിച്ചു. തൊട്ടുമുന്നിലുളള റൊണാൾഡോയുടെ തലയിൽ ചെറുതായി തൊട്ട‌് പന്ത‌് വലയിൽ കുരുങ്ങി.
മാർച്ച‌് 12നാണ‌് രണ്ടാംപാദം.


പ്രധാന വാർത്തകൾ
 Top