07 February Tuesday

കനലുകൾ പൂക്കളാകട്ടെ ; അർജന്റീന ഇന്ന്‌ കളത്തിലിറങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022

image credit lionel messi twitter

ദോഹ
ലോകകപ്പ്‌ വേദി എന്നും കനൽക്കളമായിരുന്നു ലയണൽ മെസിക്ക്‌. കണ്ണുനനഞ്ഞ്‌, മുഖം കുനിച്ചു നടന്ന എത്രയോ രാവുകൾ. അറബിക്കഥയിലെ നിധി തേടിയെത്തിയ ഭാഗ്യാന്വേഷിയാണ്‌ ഖത്തറിൽ മെസി. ഒറ്റയ്‌ക്കല്ല, ഇടവും വലവും പടയാളികളുണ്ട്‌. മുമ്പെങ്ങുമില്ലാത്ത ആത്മവിശ്വാസത്തിന്റെ പടച്ചട്ടയുമുണ്ട്‌. ആദ്യ അങ്കം സൗദി അറേബ്യയുമായാണ്‌. വലിയൊരു പോരാട്ടത്തിന്‌ ശുഭകരമായി തുടക്കംകുറിക്കാൻ മെസിയുടെ അർജന്റീന ഇന്ന്‌ കളത്തിലിറങ്ങുന്നു. ഇന്ത്യൻ സമയം പകൽ 3.30ന്‌ കളംതെളിയും.

അൽപ്പം വൈകിയാണെങ്കിലും മോഹിച്ചതൊക്കെ നേടിയാണ്‌ മെസിയും കൂട്ടരും എത്തുന്നത്‌. ആദ്യമായൊരു രാജ്യാന്തര കിരീടം കഴിഞ്ഞവർഷത്തെ കോപ അമേരിക്കയിൽ മെസി സ്വന്തമാക്കി. ആ ശേഖരത്തിൽ ഇപ്പോഴും ലോക കിരീടത്തിന്റെ കുറവുണ്ട്‌. ആ തിളക്കംകൂടിയുണ്ടെങ്കിലേ മെസിയുടെ കളിജീവിതം പൂർണമാകുകയുള്ളൂ. ലോകകപ്പ്‌ വേദിയിൽ ഇനിയുണ്ടാകില്ലെന്ന്‌ മെസി തന്നെ വ്യക്തമാക്കിയിരുന്നു.

2016ലെ കോപ അമേരിക്ക ഫൈനലിൽ തോറ്റ്‌ വിരമിക്കൽ പ്രഖ്യാപിച്ച വൈകാരികനിമിഷത്തിൽനിന്ന്‌ ഈ മുപ്പത്തഞ്ചുകാരൻ എത്രയോ മാറി. വിരമിക്കൽ തീരുമാനം മാറ്റി കളത്തിലേക്ക്‌ തിരിച്ചെത്തി 53 കളിയിൽ 36 ഗോൾകൂടി നേടി. പതറാത്ത നായകനായി. ബ്രസീലിനെ തോൽപ്പിച്ച്‌ കോപ ചാമ്പ്യൻമാരായി. യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയെ കീഴടക്കി.

2018ൽ ഫ്രാൻസിനോട്‌ പ്രീ ക്വാർട്ടറിൽ തോറ്റ്‌ പുറത്തായ അർജന്റീന ടീമിനെ തോൽക്കാനിഷ്ടമല്ലാത്തവരുടെ സംഘമാക്കിയത്‌ ലയണൽ സ്‌കലോണിയെന്ന പരിശീലകനാണ്‌. തോൽവിയറിയാതെ 36 മത്സരം പൂർത്തിയാക്കിയിരുന്നു. ഇറ്റലിയുടെ റെക്കോഡിന്‌ ഒരെണ്ണംമാത്രം കുറവ്‌. യുവനിര സമ്മേളിക്കുന്ന അർജന്റീന ടീമിൽ മെസിയെന്ന കപ്പിത്താന്‌ സ്വതന്ത്രമായി വിഹരിക്കാനുള്ള ഇടമാണ്‌ സ്‌കലോണി ഒരുക്കിയിരിക്കുന്നത്‌. മെസിക്കൊപ്പം കൂട്ടുകാരൻ എയ്‌ഞ്ചൽ ഡി മരിയയും മുന്നേറ്റത്തിലുണ്ട്‌. യുവതാരം ലൗതാരോ മാർട്ടിനെസും. മധ്യനിരയിൽ ജിയോവാന്നി ലോ സെൽസോയുടെ പിന്മാറ്റം തിരിച്ചടിയാണ്‌. റോഡ്രിഗോ ഡി പോളും പപു ഗോമെസും ലിയാൻഡ്രോ പരദെസുമുണ്ട്‌. പ്രതിരോധം ക്രിസ്‌റ്റ്യൻ റോമേറോയും നിക്കോളാസ്‌ ഒട്ടമെൻഡിയും ലിസാൻഡ്രോ മാർട്ടിനെസും കാക്കുന്നു. വലയ്‌ക്കുമുന്നിൽ എമിലിയാനോ മാർട്ടിനെസുമുണ്ട്‌.
1994ൽ അത്ഭുതം കാട്ടിയ സൗദിയുടെ പിന്മുറക്കാർ പ്രതിരോധത്തിന്‌ പേരുകേട്ടവരാണ്‌. ഏഷ്യൻ മേഖലയിലെ കരുത്തൻമാർ. മധ്യനിരയിലെ സൽമാൻ അൽ ഫറാജ്‌ ആണ്‌ പ്രധാന താരം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top