21 March Thursday

മലയാളിക്കരുത്തിൽ ഗോകുലം

സ്വന്തം ലേഖകൻUpdated: Wednesday Nov 21, 2018


കോഴിക്കോട‌്
ഐ ലീഗ‌് ഫുട‌്ബോളിൽ ഗോകുലം കേരള എഫ‌്സി കുതിപ്പു നടത്തുമ്പോൾ ടീമിന‌് കരുത്ത‌് മലയാളിതാരങ്ങൾ.  പോയിന്റ‌്പട്ടികയിൽ രണ്ടാംസ്ഥാനത്ത‌്  നിൽക്കുന്ന ഗോകുലത്തിന്റെ ആദ്യ പതിനൊന്നിൽ പകുതിയും മലയാളികളാണ‌്. കുറഞ്ഞത‌് അഞ്ചു മലയാളിതാരങ്ങളെ ആദ്യപട്ടികയിൽ മുഖ്യപരിശീലകൻ ബിനോ ജോർജ‌് ‌ഉൾപ്പെടുത്തും.

നിർണായകനിമിഷങ്ങളിൽ ഗോൾ നേടി ടീമിനെ മുന്നോട്ട‌ുനയിച്ച എസ‌് രാജേഷ‌്‌, ഗോളടിച്ചും സഹതാരങ്ങൾക്ക‌് അവസരമൊരുക്കിയും കരുത്താകുന്ന  വി പി സുഹൈർ, അതിവേഗനീക്കങ്ങളുമായി എതിരാളികളെ അമ്പരപ്പിക്കുന്ന ഗനി അഹമ്മദ‌് നിഗം, മധ്യനിരയിൽ ഭാവനപൂർണമായ കളി നെയ്യുന്ന അർജുൻ ജയരാജ‌്, ഗോൾവലയ‌്ക്ക‌ുമുന്നിൽ ചോരാത്ത കൈകളുമായി നിൽക്കുന്ന ഷിബിൻരാജ‌് കുനിയിൽ എന്നിവരാണ‌് ഗോകുലത്തിന്റെ കരുത്ത‌്. കെ സൽമാൻ, ജിഷ‌്ണു ബാലകൃഷ‌്ണൻ, ജസ‌്റ്റിൻ ജോർജ‌്, മുഹമ്മദ‌് റാഷിദ‌്  എന്നിവരാണ‌് മറ്റു കളിക്കാർ.
രണ്ട‌ു ഗോളുകൾ നേടിയ തിരുവനന്തപുരം പൊഴിയൂരുക്കാരൻ എസ‌് രാജേഷാണ‌് ടീമിലെ താരം. അർധ അവസരങ്ങൾപോലും രാജേഷ‌്‌ ഗോളാക്കും. ആദ്യ മൂന്നുകളിയിൽ രണ്ടാംപകുതിയിൽ പകരക്കാരനായിറങ്ങിയ രാജേഷ‌്, മിനർവ പഞ്ചാബിനെതിരെയുള്ള കളിയിൽ ആദ്യ പതിനൊന്നിൽ ഇടംനേടി.  നിർണായകമായ ഗോൾ നേടി ടീമിനെ വിജയത്തിലെത്തിച്ചു. റെയിൽവേയുടെ താരമായ രാജേഷ‌്, കരാറടിസ്ഥാനത്തിലാണ‌് ഗോകുലത്തിന്റെ ബൂട്ട‌് കെട്ടുന്നത‌്.

പാലക്കാട‌് എടത്തനാട്ടുകര സ്വദേശിയായ വി പി സുഹൈർ ടീമിനായി  മികച്ച പ്രകടനമാണ‌് നടത്തുന്നത‌്. രണ്ട‌ുഗോളിന‌് വഴി തുറന്നുനൽകിയ സുഹൈർ ചെന്നൈയ‌്ക്കെതിരായ കളിയിൽ ഗോളും കണ്ടെത്തി. ഈസ‌്റ്റ‌് ബംഗാളിനു രണ്ടു സീസണിൽ കളിച്ചശേഷമാണ‌് ഗോകുലത്തിൽ എത്തിയത‌്. 2014ൽ അഖിലേന്ത്യാ അന്തർസർവകലാശാല ഫുട‌്ബോളിൽ ടോപ‌് സ‌്കോററായിരുന്നു.

പന്തുമായി മുന്നേറാനും സ്വന്തം ബോക‌്സിൽ രക്ഷാപ്രവർത്തനം നടത്താനും കഴിയുന്ന കോഴിക്കോട‌് നാദാപുരത്തുകാരനായ ഗനി അഹമ്മദ‌് നിഗം,  വേഗമുള്ള  മുന്നേറ്റത്തിലൂടെ എതിരാളികളെ വട്ടം കറക്കുന്നു. ഷില്ലോങ‌് ലേജോങ്ങിനെതിരെ ഗോൾ നേടി.  പുണെ സിറ്റി എഫ‌്സിയിൽനിന്നു വായ‌്പാടിസ്ഥാനത്തിൽ ഗോകുലത്തിലെത്തി.

  ഭാവനാസമ്പന്നമായ നീക്കങ്ങളാണ‌് മലപ്പുറം തൃക്കലങ്ങോട്ട‌് സ്വദേശിയായ അർജുൻ ജയരാജിനെ വ്യത്യസ‌്തനാക്കുന്നത‌്. എതിരാളികളെ  അമ്പരപ്പിക്കുന്ന നീക്കമാണ‌് അർജുന്റേത‌്‌. ഗോളവസരം സൃഷ്ടിക്കുന്നതാണ‌് കൂടുതൽ ഇഷ്ടം. പുണെ എഫ‌്സി അക്കാദമിയിൽനിന്നുമാണ‌് കളി തുടങ്ങിയത‌്. അവസാന രണ്ട‌ുകളികളിൽ പരിക്കിനെ തുടർന്ന‌് ഇറങ്ങിയില്ല.

    കോഴിക്കോട‌് വെസ‌്റ്റ‌്ഹിൽ സ്വദേശിയായ ഷിബിൻരാജ‌് ഗോകുലത്തിന്റെ ഒന്നാംനമ്പർ ഗോൾകീപ്പർ മാത്രമല്ല, കഴിഞ്ഞ രണ്ട‌ുകളികളിൽ നായകകുപ്പായവും അണിഞ്ഞു. മിനർവ പഞ്ചാബിനെതിരെയുള്ള കളിയടക്കം മിക്ക മത്സരങ്ങളിലും ഷിബിൻരാജിന്റെ തകർപ്പൻപ്രകടനങ്ങളാണ‌് ഗോകുലത്തിന‌് രക്ഷയായത‌്. രണ്ടുവർഷമായി മോഹൻ ബഗാന‌ുവേണ്ടിയാണ‌് കളിച്ചത‌്.


പ്രധാന വാർത്തകൾ
 Top