29 May Friday

മുഴങ്ങി.. ഒഗ‌്ബെച്ചെ

പ്രദീപ‌് ഗോപാൽUpdated: Monday Oct 21, 2019

കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ക്യാപ്‌റ്റൻ ബർതലോമേവ്‌ ഒഗ്ബെച്ചെയുടെ മുന്നേറ്റം തടയാൻ എടികെ താരങ്ങൾ ഫൗൾ ചെയ്‌തപ്പോൾ ഫോട്ടോ: പി വി സുജിത്


കൊച്ചി
ആശങ്കയുടെ കാർമേഘങ്ങൾ  പെയ‌്തിറങ്ങി. അവിടെ കേരള ബ്ലാസ‌്റ്റേഴ‌്സ‌് വിജയത്തിന്റെ പുതുമഴ നനഞ്ഞു. ഒരേയൊരു നായകനായിരുന്നു ബർതലോമേവ്‌ ഒഗ്‌ബെച്ചെ.  എടികെയോട‌് ഒരു ഗോളിന‌് പിന്നിട്ടുനിന്നശേഷം ബ്ലാസ‌്റ്റേഴ‌്സിന‌് 2‐1ന്റെ ജയം നൽകിയ നായകൻ. ആദ്യത്തേത‌് പെനൽറ്റി. പിന്നെ തകർപ്പൻ അടിയിലൂടെ ഈ നൈജീരിയക്കാരൻ ബ്ലാസ‌്റ്റേഴ‌്സിന‌് ജയമൊരുക്കി. കളിയുടെ ആറാം മിനിറ്റിൽ കാൾ മക‌്ഹഗ‌് ആണ‌് ‌എടികെയെ മുന്നിലെത്തിച്ചത‌്.

ഐഎസ‌്എൽ ആറാം പതിപ്പിൽ ഉശിരോടെ തുടങ്ങി ബ്ലാസ‌്റ്റേഴ‌്സ‌്. കഴിഞ്ഞ സീസണിലും എടികെയെ കീഴടക്കിയായിരുന്നു തുടക്കം. കഴിഞ്ഞ പതിപ്പിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട‌് പടിയിറങ്ങിപ്പോയ ബ്ലാസ‌്റ്റേഴ‌്സ‌ിന്റെ മനോഹരമായ തിരിച്ചുവരവ‌്.  കൊച്ചിയിൽ മഴയത്തും ഒഴികെയെത്തിയ നാൽപ്പതിനായിരം കാണികൾക്ക‌് അത‌് വിരുന്നായി. എൽകോ ഷട്ടോരിയെന്ന പരിശീലകൻ അവർക്ക് കൊതിപ്പിക്കുന്ന തുടക്കം നൽകി. അടുത്ത കളി മുംബൈ എഫ‌്സിയോടാണ‌്. 24ന‌്. കൊച്ചി തന്നെയാണ‌് വേദി.

കൊച്ചി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ഫുട്‌ബോൾ പ്രേമികൾ            ഫോട്ടോ: കെ എസ്‌ പ്രവീൺകുമാർ

കൊച്ചി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ഫുട്‌ബോൾ പ്രേമികൾ ഫോട്ടോ: കെ എസ്‌ പ്രവീൺകുമാർ


 

പതറിയായിരുന്നു തുടക്കം. അത‌് എടികെ ആദ്യം മുതലെടുക്കുകയും ചെയ‌്തു. വിള്ളൽ വീണതുപോലെയായിരുന്നു ബ്ലാസ‌്റ്റേഴ‌്സിന്റെ പ്രതിരോധമതിൽ. പരസ‌്പരം ഇണങ്ങാതെ പ്രതിരോധവും മധ്യനിരയും മുന്നേറ്റവും ചിതറിനിന്നു. ആ ഇടർച്ചയിൽനിന്നായിരുന്നു എടികെയുടെ ഗോൾ. ജീക‌്സൺ സിങ‌് അപകടകരമായ സ്ഥലത്തുവച്ച‌് ജയേഷ‌് റാണെയെ ഫൗൾ ചെയ‌്തതിൽനിന്ന‌് തുടക്കം. ഹാവിയെർ ഹെർണാണ്ടസ‌് ഫ്രീകിക്കെടുത്തു. ബോക‌്സിന്റെ വലതുമൂലയിലേക്ക‌്. അവിടെ മുഹമ്മദൗ നിങ്ങും അഗസ‌്റ്റിൽ ഇനിഗ്വിസും ഒരുപോലെ ചാടി ഉയർന്നു. ഇനിഗ്വെസിന്റെ തലയിൽതട്ടി പിന്നോട്ട‌്. കാൾ മക‌്ഹഗ‌് കാത്തിരുന്നതുപോലെ. നിലത്തുവീഴുംമുമ്പ‌് പന്ത‌് ഇടങ്കാലിൽ കൊരുത്ത‌് മിന്നൽപോലെ തൊടുത്തു. ബിലാൽ ഖാനെ കാഴ‌്ചക്കാരനാക്കി പന്ത‌് വലയിൽ പതിഞ്ഞു. ആരാധകകൂട്ടം തരിച്ചുനിന്നു.

മൂന്ന‌ു മുന്നേറ്റക്കാരെവച്ചുള്ള എടികെ പരിശീലകൻ അന്റോണിയോ ലോപെസ‌് ഹൊബാസിന്റെ പരീക്ഷണം ജയം കണ്ടതുപോലെയായിരുന്നു കാര്യങ്ങൾ. റോയ‌് കൃഷ‌്ണ ചാട്ടുളിപോലെ കുതിച്ചു. ഡേവിഡ‌് വില്യംസ‌് ഒപ്പത്തിന‌ുനിന്നു. സുസൈരാജ‌് വിടുവുകളിലൂടെ നീങ്ങി. ഗോൾവലയ‌്ക്ക‌് മുന്നിൽ ബിലാൽ പരുങ്ങി.
ഇടയ‌്ക്ക‌് ബ്ലാസ‌്റ്റേഴ‌്സിന്റെ പ്രത്യാക്രമണം. ജെസെൽ കർണെയ‌്റോയുടെ  ഫ്രീകിക്കിൽ ജയ‌്റോ റോഡ്രിഗസ‌് തലവച്ചു. നേരിയ വ്യത്യാസത്തിൽ പന്ത‌് പുറത്തുപോയി. കെ പ്രശാന്ത‌് വലതുമൂലയിൽനിന്ന‌് മനോഹരമായി തൊടുത്ത ക്രോസ‌് എടികെ ഗോൾ കീപ്പർ അരിന്ദം ഭട്ടാചാര്യയുടെ കൈയിൽ തട്ടി അകന്നു.

ബോക‌്സിൽ മൈക്കേൽ സുസൈരാജിനെ ജയ‌്റോ വീഴ‌്ത്തിയതിന‌് എടികെ പെനൽറ്റിക്ക‌് വാദിച്ചു. റഫറി അനുവദിച്ചില്ല. അടുത്തനിമിഷം ആക്രമണം എടികെ ഗോൾമുഖത്ത‌്. വരയ‌്ക്ക‌് തൊട്ടരികെവച്ച‌് ഒഗ‌്ബെച്ചെയുടെ ഹെഡർ. എടികെ ഗോൾമുഖത്ത‌് കൂട്ടപ്പൊരിച്ചിൽ. പ്രണോയ‌് ഹാൾദെർ ജയ‌്റോയെ വീ‌ഴ‌്ത്തി. പെനൽറ്റി. ഒഗ‌്ബെച്ചെ വലതുമൂലയ‌്ക്ക‌് നിലംപറ്റി അടിച്ചു. അരിന്ദം കൃത്യമായി ചാടി. പക്ഷേ, പന്ത‌് എത്തിപ്പിടിക്കാനായില്ല. ഒഗ്ബെച്ചെയുടെ ആ ഗോളിൽ  ബ്ലാസ‌്റ്റേഴ‌്സിന്റെ ചിറകുകൾ വിടർന്നു. 

 

കുതിച്ചുനീങ്ങുന്ന ഒഗ‌്ബെച്ചെയ‌്ക്കൊപ്പം പ്രശാന്തും നർസാറിയും.  പ്രതിരോധത്തിന്റെ ഇടതുവാതിലിൽനിന്ന‌് കർണെയ‌്റോയുടെ കുതിപ്പുകൾ. ജയ‌്റോ നിറഞ്ഞുകളിച്ചു. പ്രതിരോധത്തിലേക്കിറങ്ങി നിങ‌് എടികെയുടെ മുനയൊടിച്ചു.

ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ ബ്ലാസ‌്റ്റേഴ‌്സ‌് എടികെ ഗോൾമേഖലയിലേക്ക‌് ഇരമ്പിയാർത്തു. വലതുമൂലയിൽ പ്രശാന്ത‌് കുതിക്കുമ്പോൾ എടികെ പ്രതിരോധം ചിതറി. ബോക‌്സിൽ കയറി. പിന്നിലേക്ക‌് പാസ‌്. സിഡോഞ്ചോയുടെ കാലിൽതട്ടി. ഹാൾദെർ അടിച്ചൊഴിവാക്കാൻ ശ്രമം നടത്തി. പന്ത‌് കിട്ടിയില്ല. ഒഗ‌്ബെച്ചെയുടെ കാലുകളിൽ. ബ്ലാസ‌്റ്റേഴ‌്സ‌് 2‐1.

രണ്ടാംപകുതിയിൽ പ്രതിരോധത്തിലേക്ക‌് ശ്രദ്ധ ചെലുത്തി. എടികെ ഒന്നൊന്നായി ആക്രമണം നെയ‌്തെങ്കിലും ജയ‌്റോയും മുഹമ്മദ‌് റാകിപും കർണെയ‌്റോയും വിട്ടുകൊടുത്തില്ല. പ്രബീർ ദാസായിരുന്നു രണ്ടാംപകുതിയിൽ എടികെ ആക്രമണങ്ങളുടെ  പ്രഭവകേന്ദ്രം. ഒറ്റയ‌്ക്കുള്ള പ്രബീറിന്റെ അപകടകരമായ നീക്കത്തെ ഓടിയെത്തിയ ജയ‌്റോ തടയുകയായിരുന്നു. ബോക‌്സിനുള്ളിലെ ആ രക്ഷാപ്രവർത്തനം ബ്ലാസ‌്റ്റേഴ‌്സിനെ കാത്തു.


 


പ്രധാന വാർത്തകൾ
 Top