13 November Wednesday

ആവേശക്കുടചൂടി വീണ്ടും മഞ്ഞക്കാലം

അജിൻ ജി രാജ്‌Updated: Monday Oct 21, 2019

എടികെ സഹഉടമയും ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ നിയുക്‌ത പ്രസിഡന്റുമായ സൗരവ്‌ ഗാംഗുലിയും കേരള ബ്ലാസ്‌റ്റേഴ്‌സ്‌ സഹഉടമ നടൻ ചിരഞ്ജീവിയും മൈതാനത്തെത്തിയപ്പോൾ


കൊച്ചി
ഒരു മഴയ്‌ക്കും ആവേശം ചോർത്താനായില്ല. പാട്ടും നൃത്തവും കൊഴുപ്പിച്ച സന്ധ്യയിൽ ഐഎസ്‌എലിന്‌ വീണ്ടും ഇടിവെട്ട്‌ കൊടിയേറ്റം. കേരളത്തിന്റെ വടക്കുമുതൽ തെക്കുവരെയുള്ള ഫുട്‌ബോൾ പ്രേമികൾ കളികാണാനെത്തിയപ്പോൾ കൊച്ചി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയം നിറഞ്ഞൊഴുകി.

സർവം മഞ്ഞമയമായിരുന്നു. തെരുവുകളിൽ മഞ്ഞ പൂത്തു. സ്‌റ്റേഡിയം മഞ്ഞയിൽ തുളുമ്പി. കിക്കോഫിന്‌ മണിക്കൂറുകൾ മുമ്പേ സ്‌റ്റേഡിയം മഞ്ഞക്കടലായി. ചെണ്ടമേളവും ആർപ്പുവിളികളുമായി ആരാധകർ പ്രിയപ്പെട്ട ടീമിനെ വരവേറ്റു. ബോളിവുഡ്‌ താരങ്ങളായ ടൈഗർ ഷിറോഫും ദിഷ പട്ടാണിയും അവതരിപ്പിച്ച നൃത്തചുവടോടെയായിരുന്നു തുടക്കം. പിന്നാലെ എടികെ സഹ ഉടമ സൗരവ്‌ ഗാംഗുലിയും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സഹ ഉടമ ചിരഞ്ജീവിയും എത്തിയതോടെ മൈതാനം പൊട്ടിത്തെറിച്ചു. എതിർ ടീമുകാരനായിട്ടും ഗാംഗുലിക്കായിരുന്നു ആർപ്പുവിളികളേറേ. നിത അംബാനിയും വേദിയിലെത്തി.

പോയ സീസണിലെ കാഴ്‌ചയല്ല സ്‌റ്റേഡിയത്തിലുണ്ടായിരുന്നത്‌. മുഴുവൻ ടിക്കറ്റും വിറ്റൊഴിഞ്ഞപ്പോൾ എല്ലാ സീറ്റും നിറഞ്ഞു. വൈകുന്നേരമെത്തിയ മഴ കളിയാരാധകരെ പിന്നോട്ടടിക്കുമെന്ന്‌ കരുതി. എന്നാൽ മഞ്ഞക്കുപ്പായമണിഞ്ഞ്‌ കാണികൾ ഒഴുകിയെത്തി. ഒപ്പം പ്രിയതാരങ്ങളുടെ ചിത്രങ്ങളടങ്ങിയ ബാനറുകളും.
കളിക്കാർ വാം അപ്പിനായി മൈതാനത്തെത്തിയപ്പോൾ ഗ്യാലറി ആർത്തുവിളിച്ചു. കളി തുടങ്ങിയതോടെ ആവേശം ഇരട്ടിയായി.


പ്രധാന വാർത്തകൾ
 Top