21 April Sunday

ജയിക്കുന്നില്ല ബ്ലാസ്‌റ്റേഴ്‌സ്‌ ; കേരള ബ്ലാസ്‌റ്റേഴ്‌സ്‌‐1 ഡൽഹി ഡൈനാമോസ്‌‐1

ഇ സുദേഷ്‌Updated: Sunday Oct 21, 2018

കേരള ബ്ലാസ്‌റ്റേഴ്‌സിനായി ഗോൾ നേടിയ സി കെ വിനീതിനെ അഭിനന്ദിക്കുന്ന സഹകളിക്കാർ / ഫോട്ടോ: അരുൺ രാജ്‌

കൊച്ചി
ആദ്യപകുതിയിലെ അലസതയ‌്ക്കും അവസാനഘട്ടത്തിലെ അശ്രദ്ധയ‌്ക്കും ബ്ലാസ്റ്റേഴ്സ് വലിയ വില കൊടുത്തു. സ്വന്തം മൈതാനത്തെ രണ്ടാംമത്സരത്തിലും അവസാനഘട്ടത്തിൽ ഗോൾവഴങ്ങി മഞ്ഞപ്പട ജയം കൈവിട്ടു. എതിർതട്ടകത്തിലെ അലറിവിളിക്കുന്ന കാണികൾക്കുമുന്നിൽ പതറാതെ പൊരുതിയ ഡൽഹി സമനിലയിലൂടെ വിലപ്പെട്ട ഒരു പോയിന്റ് സ്വന്തമാക്കി. ബ്ലാസ്റ്റേഴ‌്സിനായി സി കെ വിനീതും ഡൽഹിക്കായി ആന്ദ്രിയ കാലുദേറോവിച്ചും ഗോൾ നേടി.

വിദേശതാരങ്ങളുടെ എണ്ണം വെട്ടിക്കുറച്ച പരിശീലകൻ ഡേവിഡ് ജെയിംസിന്റെ പരീക്ഷണം  പിഴച്ചു. ലീഡ‌് നേടിയിട്ടും പ്രതിരോധം കടുപ്പിക്കാത്ത പിഴവും ആവർത്തിച്ചു. സീസണിൽ ഇതുവരെ ഫോമിലാകാതിരുന്ന ഡൽഹിക്ക‌് എതിർപാളയത്തിലെ വിദേശികളുടെ എണ്ണക്കുറവ‌് അനുഗ്രഹമായി. അഞ്ചു വിദേശികളുടെ പിൻബലത്തിൽ ഡൽഹി ബ്ലാസ‌്റ്റേഴ‌്സിന്റെ ആവേശത്തിന‌് അണകെട്ടി. ആദ്യപകുതിയിൽ എതിരാളിക്കുമേൽ നേടിയ ആധിപത്യം അന്തിമവിശകലനത്തിൽ ഡൽഹിയുടെ നേട്ടമായി.

രണ്ടാംപകുതിയുടെ തുടക്കത്തിൽ മുഴുവൻ ആവേശവും കാലുകളിൽ ആവാഹിച്ചുപൊരുതി ബ്ലാസ‌്റ്റേഴ‌്സ‌് ലീഡ‌് നേടി. ഈ ഘട്ടത്തിൽമാത്രമായിരുന്നു കളിയിൽ ടീമിന‌് മേൽക്കൈ. ആ മുൻതൂക്കം ജയംവരെ നിലനിർത്താനുള്ള മിടുക്കുണ്ടായില്ല. പകരക്കാരെക്കൊണ്ടുവന്ന‌് പ്രതിരോധം ഉറപ്പിക്കാൻ ജെയിംസ‌് ശ്രമിച്ചില്ല. പകരം ആക്രമിക്കാൻ ആളെ കൊണ്ടുവന്നു. അതിനു മൂർച്ചയും ഉണ്ടായില്ല. ഈ അവസരം മുതലാക്കി ഡൽഹി ഒപ്പമെത്തി.  കഴിഞ്ഞ മത്സരത്തിൽ മുംബൈ എഫ്സിക്കെതിരെയും ബ്ലാസ‌്റ്റേഴ‌്സ‌് ഇതേ തെറ്റിലൂടെ രണ്ടു പോയിന്റ‌് നഷ്ടമാക്കിയിരുന്നു.

മതേയ പോപ്ലാട്നിക്കിനെയും ഗോളി ധീരജ് സിങ്ങിനെയും ആദ്യ ഇലവനിൽനിന്ന് ഒഴിവാക്കി. കഴിഞ്ഞ രണ്ടു കളിയിലും നാല‌് വി‌ദേശതാരങ്ങളെമാത്രം കളിപ്പിച്ച പരിശീലകൻ ജെയിംസ് ഇത്തവണ വിദേശികളുടെ എണ്ണം മൂന്നാക്കിയത് അത്ഭുതപ്പെടുത്തി. പിൻനിരയിലും മധ്യനിരയിലും മുന്നേറ്റത്തിലും ഓരോ വിദേശികളെമാത്രം പരിഗണിച്ചു. എന്നാൽ, മൂന്നാം മത്സരത്തിൽ പരിശീലകന്റെ വിശ്വാസം കാക്കാൻ സ്വദേശിതാരങ്ങൾക്കായില്ല. കഴിഞ്ഞ മത്സരങ്ങളിൽ വിങ്ങുകളിലൂടെ പടർന്നുകയറിയ വിങ‌് ബാക്കുകളായ മുഹമ്മദ് റാക്കിപ്പും ലാൽറുവാട്ടത്തരയും കാലുകൾ കെട്ടിയിട്ടപോലെയായിരുന്നു. മധ്യനിരയിൽ സീമിൻലെൻ ദുംഗൽ മങ്ങി. സഹൽ അബ്ദുൾ സമദിനും ഹോളിചരൺ നർസരിക്കും മൈതാനമധ്യത്തിൽ ഇടം കണ്ടെത്താനായില്ല.

കഴിഞ്ഞ രണ്ടു മത്സരത്തിലും തുടക്കംമുതൽ നടത്തിയ കുതിപ്പ് ശനിയാഴ്ച ബ്ലാസ്റ്റേഴ്സിന് അന്യമായി. ഒത്തിണക്കമില്ലായ്മ ഓരോ താരത്തിന്റെയും പന്തുതട്ടലിൽ തെളിഞ്ഞുകണ്ടു. ഈ സീസണിൽ ആദ്യമായി ഒന്നാം ഇലവനിൽ ഇടംകണ്ട വിനീത് തുടക്കത്തിൽ മങ്ങി. മുന്നേറ്റത്തിൽ സ്റ്റോയ്നോവിച്ചുമായി തരിമ്പും ഇണങ്ങിയില്ല.

ആദ്യപകുതിയിൽ ഇരുകൂട്ടർക്കും ചില അവസരങ്ങൾ ലഭിച്ചു. ഈ പകുതിയുടെ മുക്കാൽപങ്കും പന്ത് കാലിൽ സൂക്ഷിച്ച ഡൽഹിക്കായിരുന്നു അവസരങ്ങൾ കൂടുതൽ. മൂന്നുതവണ അവർ ഗോളിനടുത്തെത്തി. മധ്യനിരയിൽ നിറഞ്ഞുനിന്ന വിദേശതാരങ്ങളായ ഗിവാനി മിഷേൽ യൂജിനും റെനോ മിഹേലിച്ചുമായിരുന്നു അവരുടെ ആധിപത്യത്തിന്റെ നെടുനായകർ. ഇടതുവിങ്ങിൽ ഇന്ത്യൻതാരം ലാലിയൻസുവാല ഛാങ്തെയുടെ കുതിപ്പുകൾ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ അങ്കലാപ്പിലാക്കി.  ബ്ലാസ‌്റ്റേഴ‌്സിന്റെ നീക്കങ്ങൾക്ക‌് മധ്യനിരയിൽ തടയിടാനും അവർക്കായി. തടിമിടുക്കുള്ള വിദേശതാരങ്ങൾ ഇതിനു സഹായിച്ചു. ഈ തന്ത്രത്തിൽ ബ്ലാസ‌്റ്റേഴ‌്സ‌് മധ്യനിരയ‌്ക്കു ചലനമറ്റു.

കിട്ടിയ അപൂർവ അവസരങ്ങൾ ഗോളിലേക്കെത്തിക്കാൻ ആതിഥേയർക്കായില്ല. ലാൽറുവാട്ടത്തര ബോക്സിനുള്ളിൽ കടന്ന് നൽകിയ ക്രോസ് സ്റ്റോയ്നോവിച്ച് ഗോളിക്കു തൊട്ടുമുന്നിൽനിന്ന‌് അടിച്ചെങ്കിലും പുറത്തേക്ക‌ുപോയി. നർസാരിയുടെ ലോങ‌് റേഞ്ചറും സ്റ്റോയ്നോവിച്ചിന്റെ നീളൻ വോളിയും ഡൽഹി ഗോൾമുഖം വിറപ്പിച്ചു.

രണ്ടാംപകുതിയുടെ തുടക്കം തികച്ചും രൂപമാറ്റംവന്ന ബ്ലാസ്റ്റേഴ്സിനെയാണ് കണ്ടത്. നർസരിക്കുപകരം പോപ്ലാട്നിക‌് വന്നതോടെ കളി അടിമുടി മാറി. മധ്യനിര ഉണർന്നു. ഡൽഹി ഗോൾമുഖത്തേക്ക് നിരന്തരം പന്തെത്തി. സഹൽ അധ്വാനിച്ചുകളിച്ചു. നിക്കോള ക്രാമെറേവിച്ചും ഒപ്പം ചേർന്നു. മൂന്നു മിനിറ്റിനകം ഫലംകണ്ടു. സ്റ്റോയ്നോവിച്ചിന്റെ കോർണറിൽനിന്നായിരുന്നു ഗോൾ. പെനൽറ്റി സ്പോട്ടിനടുത്ത് വീണ കോർണർ കിക്ക് കൂട്ടപ്പൊരിച്ചിലിനിടെ വീനീതിനു പാകത്തിനു കിട്ടി. നിലത്തുകിടന്ന് ഒന്നു കറങ്ങിത്തിരിഞ്ഞ് വിനീത് പന്ത് വലയ‌്ക്കുള്ളിലേക്ക് അടിച്ചുകയറ്റി.

ലീഡ് നേടിയിട്ടും ആക്രമിക്കാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പദ്ധതി. സഹലിനുപകരം മറ്റൊരു മലയാളിതാരം കെ പ്രശാന്തും ദുംഗലിനുപകരം കിസിതോ കെസിറോണും വന്നു. അതോടെ ബ്ലാസ്റ്റേഴ്സ് നിരയിൽ വിദേശികൾ അഞ്ചായി.  വേഗം കുറഞ്ഞ ഈ താരങ്ങളുമായി ഇണങ്ങാൻ പോപ‌്‌ലാട‌്നിച്ചും സ‌്റ്റോയ‌്നോവിക്കും പ്രയാസപ്പെട്ടു. ബ്ലാസ‌്റ്റേഴ‌്സിന്റെ കളിയുടെ താളം മുറിഞ്ഞു.
വിസിൽ മുഴങ്ങാൻ മിനിറ്റുകൾ ശേഷിക്കെ ഡൽഹി കളി മുറുക്കി. അവർ അവസരങ്ങൾ സൃഷ‌്ടിച്ചു കൊണ്ടിരുന്നു.

ബ്ലാസ്റ്റേഴ‌്‌സ‌് പ്രതിരോധത്തിന്റെ ആശയക്കുഴപ്പം മുതലെടുത്ത് സമനിലയും പിടിച്ചു. ഇടതുവിങ്ങിൽനിന്ന് ഉയർന്നുവന്ന ക്രോസ് നാരായൺ ദാസ് ഗോൾപോസ്റ്റിനു മുന്നിലേക്ക് തലകൊണ്ട‌്  ഉയർത്തിയിട്ടു. കാത്തിരുന്ന മുന്നേറ്റക്കാരൻ ആന്ദ്രിജ കാലുദേറോവിച്ചിന്റെ ഗംഭീര ഹെഡ്ഡർ ഗോളി നവീൻകുമാറിനെ നിഷ്പ്രഭനാക്കി വലയിൽ.


പ്രധാന വാർത്തകൾ
 Top