എകതെറിൻബർഗ്
ഇടിക്കൂട്ടിൽ പുതുചരിത്രം കുറിച്ച് ഇന്ത്യയുടെ അമിത് പംഗൽ. കസാഖ്സ്ഥാന്റെ സകേൻ ബിബോസിനോവിനെ ഇടിച്ചിട്ട് ലോക ബോക്സിങ് ചാമ്പ്യൻഷിപ് ഫൈനലിൽ കടന്നു. ലോകചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ ബോക്സറാണ് ഇരുപത്തിമൂന്നുകാരൻ. 52 കിലോഗ്രാം വിഭാഗത്തിലാണ് ഹരിയാനക്കാരൻ മത്സരിക്കുന്നത്.
ഇന്നു നടക്കുന്ന ഫൈനലിൽ ഉസ്ബക്കിസ്ഥാന്റെ ഷാകോബിദിൻ സോയ്റോവാണ് പംഗലിന്റെ എതിരാളി. 63 കിലോ വിഭാഗത്തിൽ മനീഷ് കൗശിക്ക് വെങ്കലവുമായി മടങ്ങി. സെമിയിൽ നിലവിലെ ചാമ്പ്യനായ ക്യൂബയുടെ ആൻഡി ക്രൂസിനോട് മനീഷ് കീഴടങ്ങി.
‘ഈ നേട്ടം മഹത്തരമാണ്. പിന്തുണച്ചവർക്ക് നന്ദി. സ്വർണത്തിനായി കഠിനശ്രമം നടത്തും.’
ബിബോസിനോവിനു മുന്നിൽ കൗശലപൂർവമായിരുന്നു പംഗലിന്റെ നീക്കം. പതിയെ ആക്രമിച്ചും പ്രതിരോധിച്ചും മുന്നേറി. രണ്ടാം റൗണ്ടിൽ കസാഖുകാരൻ വെല്ലുവിളി ഉയർത്തിയെങ്കിലും ഏഷ്യൻ ചാമ്പ്യൻ അതിജീവിച്ചു. അവസാന റൗണ്ടിൽ ബിബിസോവിന് അനങ്ങാനായില്ല. പിന്നിലാകാതെയാണ് 3–-2ന് ജയവും കലാശപ്പോരിനുള്ള യോഗ്യതയും പംഗൽ ഉറപ്പിച്ചത്.
സെമിയിൽ ഫ്രാൻസിന്റെ ബിലാൽ ബെന്നമയെ തോൽപ്പിച്ചാണ് സോയ്റോവ് ഫൈനലുറപ്പിച്ചത്. നിലവിൽ 52 കിലോഗ്രാം വിഭാഗത്തിൽ ഒളിമ്പിക് ചാമ്പ്യനാണ് സോയ്റോവ്.
ശക്തനായ ക്രൂസിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല കോമൺവെൽത് ഗെയിംസ് വെള്ളി ജേതാവായ മനീഷിന്. അനായാസമായിരുന്നു ക്യൂബക്കാരൻ കളി പിടിച്ചത് (0–-5). ലോക ചാമ്പ്യൻഷിപ് പുരുഷ വിഭാഗത്തിൽ ഇതേവരെ ഒരു ഇന്ത്യക്കാരനും സ്വർണമോ വെള്ളിയോ നേടിയിട്ടില്ല.
അഞ്ച് വെങ്കലമാണ് ലോകചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി പുരുഷൻമാർ കൊണ്ടുവന്നിട്ടുള്ളത്. ഇതാദ്യമായാണ് ഒരു പതിപ്പിൽ രണ്ട് മെഡലുകൾ ഇന്ത്യ സ്വന്തമാക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..