26 August Monday

ജയിക്കുന്നില്ല അർജന്റീന

വെബ് ഡെസ്‌ക്‌Updated: Friday Jun 21, 2019

അർജന്റീനയുടെ ലയണൽ മെസിയുടെ മുന്നേറ്റം തടയുന്ന പരാഗ്വേ പ്രതിരോധതാരങ്ങൾ


ബെലൊ ഹൊറിസോന്റേ (ബ്രസീൽ)
കോപ അമേരിക്കയിൽ അർജന്റീന പരാഗ്വേയോട‌് തോൽക്കാതെ രക്ഷപ്പെട്ടു.  ഇരുവരും ഓരോ ഗോളടിച്ച‌് സമനിലയിൽ പിരിഞ്ഞു. മെസിയുടെ പെനൽറ്റിയാണ‌് അർജന്റീനയെ രക്ഷിച്ചത‌്. ക്വാർട്ടർ സ‌ാധ്യതകൾ ഉറപ്പിക്കാൻ ജയം ലക്ഷ്യമിട്ടാണ‌് അർജന്റീന ഇറങ്ങിയത‌്. എന്നാൽ ആദ്യം വലകുലുക്കിയത‌് പരാഗ്വേ ആയിരുന്നു. 37–-ാം മിനിറ്റിൽ  റിച്ചാർഡ‌് സാഞ്ചസ‌് പരാഗ്വേയെ മുന്നിലെത്തിച്ചു. ഇടത‌് പാർശ്വത്തിൽനിന്ന‌് മിഗ്വേൽ അൽമിറോൻ നടത്തിയ കണ്ണഞ്ചിപ്പിക്കുന്ന മുന്നേറ്റത്തിലാണ‌് പന്ത‌് അർജന്റീനൻ മേഖലയിൽ എത്തിയത‌്. അൽമിറോന്റെ ക്രോസ‌് സാഞ്ചസ‌് പ്രതിരോധത്തെയും ഗോളി ഫ്രാങ്കോ അർമാനിയെയും ഭേദിച്ച‌് വലയിലെത്തി.

രണ്ടാം പകുതിയിൽ നായകൻ ലയണൽ മെസിയാണ‌്  പെനൽറ്റിയിലൂടെ അർജന്റീനൻ പ്രതീക്ഷകൾ നിലനിർത്തിയത‌്. പരാഗ്വേയുടെ ഇവാൻ പെരിസ‌ിന്റെ ഹാൻഡ‌്ബോൾ വീഡിയോ സഹായ സംവിധാനത്തിലൂടെ തെളിയുകയായിരുന്നു. പെനൽറ്റിയെടുത്ത മെസിക്ക‌് പിഴച്ചില്ല. തൊട്ടുപിന്നാലെ പരാഗ്വേയ‌്ക്ക‌് ഗോളടിക്കാനുളള സുവർണാവസരം ലഭിച്ചു. എന്നാൽ ഡെർലിസ‌് ഗോൺസാലെസ‌് എടുത്ത പെനൽറ്റി  കിക്ക‌് അർജന്റീനൻ ഗോളി അർമാനി തട്ടിയകറ്റി. ആദ്യ പകുതിയിൽ ഗോൺസാലെസിനെ  തന്റെ പരിധിയിൽനിന്ന‌് പുറത്തിറങ്ങി ഫൗൾ ചെയ‌്തതിന‌് അർമാനിക്ക‌് ചുവപ്പ‌് കാർഡ‌് ലഭിക്കാത്തത‌് ഭാഗ്യം കൊണ്ടായിരുന്നു.

  കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ നാല‌് മാറ്റങ്ങളാണ‌് കോച്ച‌് ലയണൽ സ‌്കലോനി വരുത്തിയത‌്. സെർജിയോ അഗ്വേറോയെയും ഏഞ്ചൽ ഡി മരിയയെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയില്ല. ടീം കുറച്ചുകൂടി ഒത്തിണക്കം കാട്ടിയെങ്കിലും. ഭാവന നിറഞ്ഞ നീ‌ക്കങ്ങളുണ്ടായില്ല.

പകരക്കാരനായി ഇറങ്ങിയ അഗ്വേറോ മികച്ചൊരു പാസ‌് ലൗതാരോ മാർട്ടിനസിന‌് നൽകി. എന്നാൽ മാർട്ടിനസ‌് ഉയർത്തിയടിച്ച പന്ത‌് ബാറിൽ തട്ടിയെത്തിയത‌് മെസിയുടെ കാലുകളിലേക്കായിരുന്നു. മെസിയുടെ കിക്ക‌് ഗോളി തട്ടിയകറ്റി. ഗോൺസാലെസ‌ിന്റെ പെനൽറ്റി കിക്കും മത്യാസ‌് റോജസിന്റെ ഫ്രീകിക്കും തട്ടിയകറ്റി അർമാനിയാണ‌് അർജന്റീനയുടെ ജീവൻ നീട്ടിയെടുത്തത‌്. രണ്ടാം പകുതിയിലെ കുറച്ചുസമയം ഒഴിച്ചാൽ മത്സരത്തിൽ പരാഗ്വേ പ്രതിരോധം തകർക്കാൻ അർജന്റീനയ‌്ക്ക‌് ആയില്ല.എന്നാൽ ഭാഗ്യം അർജന്റീനയെ തുണയ‌്ക്കുകയായിരുന്നു.

രണ്ട‌് കളിയിൽനിന്ന‌് സമനിലയോടെ ഒരു പോയിന്റുമായി ബി ഗ്രൂപ്പിലെ അവസ‌ാന സ‌്ഥാനക്കാരാണ‌് അർജന്റീന.  ഞായറാഴ‌്ച രാത്രി 12.30ന‌് നടക്കുന്ന കളിയിൽ ഖത്തറിനെ തോൽപ്പിച്ചാൽ മാത്രമാണ‌് അർജന്റീനയ‌്ക്ക‌് ക്വാർട്ടർ  സ്വപ‌്നം കാണാനാകൂ. അതേസമയം തന്നെ കൊളംബിയ പരാഗ്വേയെ നേരിടും. ഖത്തറിനെ എതിരില്ലാത്ത ഒരു ഗോളിന‌് തോൽപ്പിച്ച കൊളംബിയയാണ‌് ആറ‌് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത‌്. രണ്ട‌് പോയിന്റുമായി പരാഗ്വേ രണ്ടാമതാണ‌്.
നാളെ രാവിലെ 4.30ന്‌ ചിലി ഇക്വഡോറിനെയും രാത്രി 12.30ന്‌ ബ്രസീൽ പെറുവിനെയും ബൊളീവിയ വെനസ്വേലയേയും നേരിടും.


പ്രധാന വാർത്തകൾ
 Top