25 May Saturday

ഞാൻ,ഞാൻ മാത്രം

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018

ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ പോർച്ചുഗൽ മൊറോകോയെ കീഴടക്കി (1‐0). ഇതോടെ റൊണാൾഡോയ്‌ക്ക്‌ രണ്ട്‌ കളിയിൽ നാല്‌ ഗോളായി. പോർച്ചുഗൽ ഗ്രൂപ്പ്‌ ബിയിൽ പ്രീ ക്വാർട്ടർ സാധ്യത സജീവമാക്കി. മൊറോകോ പുറത്തായി.

മോസ്കോ
അവസരങ്ങൾ രണ്ടുതവണ മുട്ടിവിളിക്കില്ല, ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അതറിയാം. മൊറോകോയ്ക്ക് അറിയില്ല. ഒറ്റഗോളിൽ പോർച്ചുഗൽ എന്ന കളിക്കൂട്ടത്തെ ഒറ്റയ്ക്ക് തോളേറ്റി റൊണാൾഡോ. സ്പെയ്നിനിനെതിരെ ഹാട്രിക്കുമായി നിറഞ്ഞാടിയ ഈ അത്ഭുതമനുഷ്യൻ മൊറോകോയുടെ ഹൃദയത്തിലേക്ക് നിറയൊഴിച്ച് പോർച്ചുഗലിനെ പ്രീക്വാർട്ടറിന് അരികെയെത്തിച്ചു. രണ്ട് കളിയും തോറ്റ മൊറോകോ നിരാശയോടെ മടങ്ങി.

സ്പെയ്നിനോട് ജ്വലിച്ച ബൂട്ടിൽ തീപ്പൊരി കെട്ടടങ്ങിയിരുന്നില്ല. മൊറോകോയുടെ സ്വപ്നങ്ങളെ ചാമ്പലാക്കാൻ അത് മതിയായി. പ്രകടനത്തിൽ പിന്നിലായിട്ടും കളത്തിൽ ഉഴറിനടന്നിട്ടും പോർച്ചുഗൽ അവസാന നിമിഷത്തിൽ മൂന്ന് പോയിന്റുമായി തീരംപിടിച്ചത് റൊണാൾഡോയുടെ ഒറ്റഗോൾ അത്ഭുതംകൊണ്ടാണ്. ലുഷ്നികിയിൽ ചില നേരങ്ങളിൽ മാത്രം റൊണാൾഡോയെ കണ്ടു. ആ നിമിഷങ്ങളിൽ സ്റ്റേഡിയം ഇരമ്പി. മൊറോകോ പ്രതിരോധം വിറച്ചു. ആ നിമിഷങ്ങളിൽ പന്തും റൊണാൾഡോയുമായി അത്രമേൽ ആത്മബന്ധത്തിലായി. വിധികുറിച്ച ഹെഡറിനുശേഷം രണ്ടുതവണ റൊണാൾഡോ മൊറാകോ ഗോൾമുഖത്തെ പിടിച്ചുകുലുക്കി. രണ്ട് ഫ്രീകിക്കുകൾ. പക്ഷേ, ലക്ഷ്യത്തിലേക്ക് പന്ത് ഇറങ്ങിയില്ല. ഒരുതവണ കൂട്ടുകാരൻ ഗൊൺസാലോ ഗുയദെസിന് ഒന്നാന്തരം അവസരമൊരുക്കി. മറ്റു ചിലപ്പോൾ ബോക്സിൽ വീണ് പെനൽറ്റിക്ക് വാദിച്ചു. ലുഷ്നികിയെ റൊണാൾഡോ രസിപ്പിച്ചുകൊണ്ടേയിരുന്നു.

പക്ഷേ, ടീമെന്ന നിലയിൽ പോർച്ചുഗൽ മൊറോകോയ്ക്കു പിന്നിൽ കിതയ്ക്കുകയായിരുന്നു. മൊറോകോയ്ക്ക്  കളിയിലുടനീളം മേധാവിത്തം ഉണ്ടായിട്ടും മികച്ച അവസരങ്ങൾ കിട്ടിയിട്ടും പോർച്ചുഗലിന്റെ വാതിൽ തുറക്കാനായില്ല. ഗോൾകീപ്പർ റൂയി പട്രീഷ്യോയുടെ ഉജ്വല പ്രകടനവും മൊറോകോയെ തടഞ്ഞു.
ഇറാനോട് ദാനഗോളിൽ തോറ്റ മൊറോകോ പോർച്ചുഗലിനോട് തിളക്കത്തോടെ തിളങ്ങി. വലതുപാർശ്വത്തിൽ നൂറുദീൻ അമ്രാബാത് ആദ്യനിമിഷങ്ങളിൽതന്നെ പോർച്ചുഗൽ ഗോൾമേഖലയിലേക്ക് കുതിച്ചെത്തി. ബോക്സിലേക്ക് ക്രോസുകൾ പായിച്ചു. പോർച്ചുഗൽ മധ്യനിര അനക്കമറ്റു. ബെർണാഡോ സിൽവ നിരാശപ്പെടുത്തി. ആദ്യനിമിഷങ്ങളിലെ നീക്കങ്ങളിൽ മൊറോകോ പോർച്ചുഗലിനെ പ്രകടനംകൊണ്ട് പിന്നിലാക്കി.

മൊറോകോയുടെ 1001 ചോദ്യങ്ങൾക്ക് റൊണാൾഡോയെന്ന ഒറ്റ ഉത്തരം മതിയായിരുന്നു പോർച്ചുഗലിന്. നാലാം മിനിറ്റിൽ വലതുഭാഗത്തുനിന്ന് സിൽവ തൊടുത്ത കോർണർ കിക് ജാവോ മുടീന്യോയുടെ കാലിൽതട്ടി. തൊട്ടുമുന്നിൽ റൊണാൾഡോ. മൊറോകോ പ്രതിരോധിക്കാരൻ കരിം എൽ അഹ്മദിയുടെ ബൂട്ടിനരികിലൂടെ ധൈര്യപൂർവം റൊണാൾഡോ തലനീട്ടി.  ഗോൾകീപ്പർ മുനീർ എൽ കജൂയിയുടെ കൺമുന്നിലൂടെ പന്ത് വലതൊട്ടു. മൊറോകോയുടെ ഇടതുവശം ഒഴിഞ്ഞുകിടന്നു. വലതുബാക്കായ അഷ്റഫ് ഹക്കീമി ഇടതുവശത്താണ് കളിച്ചത്. ഈ റയൽ മാഡ്രിഡ്താരം ആദ്യപകുതിയിൽ പോർച്ചുഗൽ മുന്നേറ്റത്തെ തടയുന്നതിൽ പരാജയപ്പെട്ടു.
ഗോൾ വീണത് മൊറോകോയെ തരിമ്പും തളർത്തിയില്ല. ഇരുപാർശ്വങ്ങളിൽ ഹകിം സിയെച്ചും അമ്രാബാത്തും മൊറോകോയുടെ കളിവേഗങ്ങൾക്ക് ഊർജം നൽകി.

ആദ്യപകുതിയിൽ പക്ഷേ, കൃത്യമായ അവസരങ്ങൾ മൊറോകോയ്ക്ക് കിട്ടിയില്ല. ഇടവേളയ്ക്കുശേഷം മൊറോകോ കളി പൂർണമായും പിടിയിലൊതുക്കി. ഒരു അവസരമാണ് ഇതിനിടയിൽ പോർച്ചുഗലിന് കിട്ടിയത്. റൊണാൾഡോ ബോക്സിലേക്ക് തട്ടിനൽകിയ പന്തിൽ ഗുയദേസ് കാൽവച്ചു. മൊറോകോ ഗോളി കജൂയി ഒറ്റക്കൈകൊണ്ട് തട്ടിയകറ്റി. മൊറോകോ കളിയിലേക്ക് വേഗം തിരിച്ചെത്തി. പോർച്ചുഗൽ മധ്യനിരയെ നിഷ്പ്രഭമാക്കി. സിയെച്ചിന്റെ ഫ്രീകിക് ബോക്സിലേക്ക് പറന്നിറങ്ങി. ബെൽഹൻഡ കാൽ വച്ചു. പട്രീഷ്യ ഒന്നാന്തരമൊരു ചാട്ടത്തിലൂടെ പന്ത് തട്ടിയകറ്റി. പിന്നെയും കിട്ടി മൊറോകോയ്ക്ക് അവസരങ്ങൾ. ക്യാപ്റ്റൻ മെഹ്ദി ബെനാറ്റിയ രണ്ടു തവണ പന്ത് ക്രോസ്ബാറിന് മുകളിലൂടെ പറത്തി. 25ന് ഇറാനുമായാണ് പോർച്ചുഗലിന്റെ അവസാന ഗ്രൂപ്പ് മത്സരം.

യൂറോപ്പിൽ റോണോ നമ്പർ 1
മോസ്കോ
ഏറ്റവും കൂടുതൽ രാജ്യാന്തരഗോളുകൾ നേടിയ യൂറോപ്യൻ കളിക്കാരനെന്ന ബഹുമതി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. 152 കളിയിൽ 85 ഗോൾ. ഹംഗറിയുടെ ഇതിഹാസതാരം പുസ്കാസിന്റെ പേരിലുള്ള 84 ഗോളാണ് റൊണാൾഡോയുടെ ബൂട്ട് മറച്ചത്. പുസ്കാസ് 1945‐1956 കാലത്ത് 89 കളിയിൽനിന്നാണ് ഇത്രയും ഗോളടിച്ചത്.
ലോകത്ത് ഏറ്റവുമധികം രാജ്യാന്തര ഗോളുകളുടെ റെക്കോഡ് ഇറാന്റെ അലി ദയിയുടെ പേരിലാണ്. 109 ഗോൾ. 1993 മുതൽ 2001 കളിച്ചിരുന്ന അലി ദയി 149 കളിയിൽനിന്നാണ് ഇത്രയും ഗോൾ നേടിയത്. 

മൊറോകോയ്ക്കെതിരായി ഗോൾ നേടിയതോടെ ഈ ലോകകപ്പിൽ സുവർണബൂട്ടിനുള്ള പോരാട്ടത്തിൽ റൊണാൾഡോ മുന്നിലെത്തി. ഇതുവരെ രണ്ട് കളിയിൽ നാല് ഗോൾ. ആദ്യ കളിയിൽ സ്പെയ്നിനെതിരെ ഹാട്രിക് നേടിയിരുന്നു. റഷ്യയുടെ ഒലക് സാലൻഗോയ്ക്കുശേഷം ലോകകപ്പിൽ തുടർച്ചയായി അഞ്ചുകളിയിലും ഗോളടിച്ച താരമെന്ന ബഹുമതിയും ഈ മുപ്പത്തിമൂന്നുകാരൻ കരസ്ഥമാക്കി.
 

പ്രധാന വാർത്തകൾ
 Top