13 May Thursday

ഈ പന്ത്‌ ഞങ്ങളുടേത്‌ ; സൂപ്പർ ലീഗ്’ നടത്താനൊരുങ്ങുന്ന വമ്പൻ ക്ലബ്ബുകൾക്കെതിരെ സോക്കർലോകം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 21, 2021


ലണ്ടൻ
യൂറോപ്യൻ ഫുട്‌ബോളിനെ ഒരു ഭൂതം വിഴുങ്ങിയിരിക്കുന്നു-– മുതലാളിത്തത്തിന്റെ ഭൂതം. ഫിഫയെയും യുവേഫയെയും വെല്ലുവിളിച്ച് ‘യൂറോപ്യൻ സൂപ്പർ ലീഗ്’ നടത്താനൊരുങ്ങുന്ന വമ്പൻ ക്ലബ്ബുകൾക്കെതിരെ സോക്കർലോകം ഒന്നിക്കുന്നു. സൂപ്പർ ലീഗുമായി മുന്നോട്ടുപോകുന്നവർ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും നടപടികളിൽ ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കരുതെന്നും ഫിഫ തലവൻ ജിയാനി ഇൻഫാന്റിനോ തുറന്നടിച്ചു. എല്ലാവർക്കും തെറ്റുപറ്റുമെന്നും തിരുത്താനുള്ള സമയം ഇനിയും ബാക്കിയുണ്ടെന്നുമാണ്‌ യുവേഫ പ്രസിഡന്റ്‌ അലെക്‌സാണ്ടർ സെഫറിന്റെ പ്രതികരണം. ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസനും രാജ്യത്തെ ഫുട്‌ബോളിനെ ഈ പണക്കിലുക്കത്തിന്‌ വിട്ടുകൊടുക്കില്ലെന്ന്‌ വ്യക്തമാക്കി.

ഇംഗ്ലണ്ടിൽ ആരാധകർ തെരുവിലാണ്‌. സൂപ്പർ ലീഗിൽ പങ്കാളികളാകുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്‌, ലിവർപൂൾ തുടങ്ങിയ ക്ലബ്ബുകളുടെ ആരാധകരെല്ലാം നൂറ്റാണ്ടുകളായുള്ള വൈരം മറന്ന്‌ ഒന്നിച്ച്‌ തെരുവിൽ അണിനിരന്നു. ‘പാവപ്പെട്ടവന്റെ കളി മുതലാളിമാർ കൊള്ളയടിക്കുന്നു’ എന്ന ബാനറുകളാണ്‌ എല്ലായിടവും. അത്‌ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ്‌ ട്രാഫോർഡിലും അഴ്‌സണലിന്റെ എമിറേറ്റ്‌സ്‌ സ്‌റ്റേഡിയത്തിലും ഒരുപോലെ പാറിപ്പറക്കുന്നു.

സോക്കർപ്രേമികൾമാത്രമല്ല, താരങ്ങളുടെയും ടീമുകളുടെയും പ്രതിഷേധവും ശക്തിപ്രാപിച്ചുവരികയാണ്‌. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിലെ ലീഡ്‌സ്‌ യുണൈറ്റഡ്‌–-ലിവർപൂൾ മത്സരത്തിനുമുമ്പായി ലീഡ്‌സ്‌ ടീം വാം അപ്പിനായി ഇറങ്ങിയത്‌ ‘ഫുട്‌ബോൾ ആരാധകരുടേതാണ്‌’ എന്നെഴുതിയ കുപ്പായവുമായി. കളിക്കുമുമ്പ്‌ എല്ലൻ റോഡിൽ ലിവർപൂൾ ആരാധകർ ടീം ജേഴ്‌സി കത്തിച്ചു. ഇംഗ്ലണ്ടിലെ പ്രതിഷേധം സ്‌പെയ്‌നിലെയും  ഇറ്റലിയിലെയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

പണത്തിനുവേണ്ടിമാത്രമാണ്‌ വമ്പൻ ടീമുകൾ സൂപ്പർ ലീഗ്‌ നടത്തുന്നത്‌ എന്നതാണ്‌ ലീഗിനെതിരായ പ്രധാന വിമർശം. ഇത്‌ ചാമ്പ്യൻസ്‌ ലീഗിനെ അപ്രസക്തമാക്കും. യോഗ്യതാമത്സരങ്ങൾ കളിച്ച്‌, ദേശീയ ലീഗുകളിൽ ആദ്യനാലിൽ വരുന്നവരാണ്‌ ചാമ്പ്യൻസ്‌ ലീഗിന്‌ എത്തുന്നത്‌. ഓരോ സീസണിലും ടീമുകൾ മാറിമറിയും. മികവുള്ളവർ മുന്നേറും. അല്ലാത്തവർ വീഴും. ഏത്‌ കുഞ്ഞൻ ടീമിനും യൂറോപ്പ് അടക്കിവാഴാനുള്ള അവസരം ചാമ്പ്യൻസ്‌ ലീഗ്‌ നൽകുന്നു. അവിടെ കഠിനാധ്വാനവും സമർപ്പണവും വിജയിക്കുന്നു.

എന്നാൽ, സൂപ്പർ ലീഗിൽ ആകെയുള്ള 20 ടീമിൽ 15ഉം സ്ഥിരം ടീമുകളാണ്‌. ഈ വമ്പൻ ക്ലബ്ബുകൾ എല്ലാ വർഷവും പരസ്പരം ഏറ്റുമുട്ടും. പണം മാത്രം ലക്ഷ്യമിട്ടുള്ള കളി. എല്ലാ വരുമാനവും അവർ പങ്കിട്ടെടുക്കും. ചാമ്പ്യൻസ്‌ ലീഗ് നടത്തിക്കിട്ടുന്ന വരുമാനം ഫിഫയും യുവേഫയും ലോക ഫുട്‌ബോളിലെ വികസനത്തിനുവേണ്ടിയാണ്‌ ചെലവഴിക്കുന്നത്‌. എന്നാൽ, സൂപ്പർ ലീഗിലെ വരുമാനം ടീം ഉടമകളുടെമാത്രം കീശയിലേക്ക്‌ ഒഴുകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top