21 May Tuesday

രാജസ്ഥാന്‌ ജയം

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019

ജയ്‌പുർ
ഐപിഎലിൽ രാജസ്ഥാൻ റോയൽസിന്‌ മൂന്നാം ജയം. പുതിയ നായകൻ സ്റ്റീവ്‌ സ്‌മിത്ത്‌ മുന്നിൽനിന്ന്‌ നയിച്ചപ്പോൾ മുംബൈ ഇന്ത്യൻസിനെ അഞ്ച്‌ വിക്കറ്റിന്‌ തോൽപ്പിച്ചു. മുംബൈ ഉയർത്തിയ 162 റൺ വിജയലക്ഷ്യം അഞ്ച്‌ പന്തുകൾ ബാക്കിനിൽക്കേ രാജസ്ഥാൻ മറികടന്നു. അർധസെഞ്ചുറി നേടിയ സ്‌മിത്തിനൊപ്പം (48 പന്തിൽ പുറത്താകാതെ 59) അസമിൽ നിന്നുള്ള പതിനേഴുകാരൻ റിയാൻ പരാഗിന്റെ (29 പന്തിൽ 43) പ്രകടനവും രാജസ്ഥാൻ ജയത്തിൽ നിർണായകമായി. സ്‌കോർ: മുംബൈ: 5–-161, രാജസ്ഥാൻ: 5–-162 (19.1).

രാജസ്ഥാനായി അജിൻക്യ രഹാനെയും സഞ്ജു സാംസണും ശ്രദ്ധയോടെയാണ്‌ തുടങ്ങിയത്‌. 12 പന്തിൽ 12 റണ്ണെടുത്ത രഹാനെയെ പുറത്താക്കി രാഹുൽ ചഹാർ മുംബൈക്ക്‌ പ്രതീക്ഷ നൽകി. നന്നായി ബാറ്റ്‌ വീശിയ സഞ്ജു 19 പന്തിൽ 35 റണ്ണെടുത്തു. ചഹാറിന്റെ പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പൊള്ളാർഡിന് പിടികൊടുത്ത് സഞ്ജു മടങ്ങി. അതേ ഓവറിലെ അവസാന പന്തിൽ ബെൻ സ്റ്റോക്സിനെ റണ്ണെടുക്കുന്നതിന് മുമ്പെ മടക്കി ചഹാർ രാജസ്ഥാന് ഇരട്ടയടി നൽകി. ക്ഷമാപൂർവമായിരുന്നു സ്‌മിത്തിന്റെ ബാറ്റിങ്‌. മോശം പന്തുകളെ തെരഞ്ഞെടുത്ത‌് ശിക്ഷിച്ചു.  കൂട്ടിന്‌ പരാഗ്‌ കൂടിയെത്തിയതോടെ കളി മുന്നേറി. അവസാന നിമിഷം പരാഗ്‌ റണ്ണൗട്ടായെങ്കിലും സ്‌മിത്ത്‌ ടീമിനെ ജയത്തിലെത്തിച്ചു.

ക്വിന്റൻ ഡി കോക്കിന്റെ പ്രകടനമാണ് മുംബൈക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഡി കോക്ക് 47 പന്തിൽ 65 റണ്ണെടുത്തു. അഞ്ച് റണ്ണുമായി നായകൻ രോഹിത് ശർമ തുടക്കത്തിലേ മടങ്ങി. മൂന്നാമനായി ക്രീസിൽ എത്തിയ സൂര്യകുമാർ യാദവും ( 33 പന്തിൽ 34) ഡി കോക്കും മുംബൈ സ്കോർ ഉയർത്തി.
ഇന്ന‌് ഹൈദരാബാദ‌് കൊൽക്കത്തയെയും ബാംഗ്ലൂർ ചെന്നൈയെയും നേരിടും.


പ്രധാന വാർത്തകൾ
 Top