31 March Tuesday

കപ്പിലേക്ക്‌ കുതിക്കട്ടെ

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020


സിഡ്‌നി
തുടക്കംതന്നെ ഫൈനലാണ്‌ ഹർമൻപ്രീത്‌ കൗറിനും കൂട്ടുകാരികൾക്കും. നാലുതവണ ചാമ്പ്യൻമാരും നിലവിലെ ജേതാക്കളുമായ ഓസ്‌ട്രേലിയയാണ്‌ ആദ്യ കളിയിലെ എതിരാളികൾ. തുടക്കം ജയിച്ചാൽ ഒടുക്കംവരെ ആ ഊർജമുണ്ടാകും ഇന്ത്യക്ക്‌. ട്വന്റി–-20 ലോകകപ്പിൽ ആദ്യമായി കിരീടം ചൂടാനുള്ള വലിയ സ്വപ്‌നത്തിലേക്കുള്ള ഉറച്ച ചുവടുവയ്‌പുമാകും.

വനിതാ ട്വന്റി–-20 ലോകകപ്പിലെ ആദ്യ മത്സരമാണിന്ന്‌. സിഡ്‌നിയിൽ ഇന്ത്യൻ സമയം പകൽ 1.30നാണ്‌ കളി. കഴിഞ്ഞ ആറുതവണയും നിരാശയായിരുന്നു. മൂന്നുതവണ സെമിയിൽ കടന്നതാണ്‌ വലിയ നേട്ടം. ഈ ലോകകപ്പ്‌ പ്രതീക്ഷകളുടേതാണ്‌. യുവനിരയാണ്‌. ടീമിന്റെ ശരാശരി പ്രായം 22.8 ആണ്‌. പതിനാറ്‌ വയസ്സുള്ള ഷഫാലി വർമയും റിച്ച ഘോഷും ടീമിലുണ്ട്‌. ഗ്രൂപ്പ്‌ എയിൽനിന്ന്‌ സെമിയിലേക്ക്‌ എളുപ്പത്തിൽ കടക്കാമെന്ന പ്രതീക്ഷയിലാണ്‌ ഇന്ത്യ. ഓസ്‌ട്രേലിയയെ കൂടാതെ ന്യൂസിലൻഡ്‌, ബംഗ്ലാദേശ്‌, ശ്രീലങ്ക ടീമുകളാണ്‌ ഇന്ത്യക്കൊപ്പം.

ഹർമൻപ്രീത്‌ കൗർ നയിക്കുന്ന സംഘത്തിൽ ബാറ്റിങ്‌നിരയാണ്‌ മുഖ്യം. ഓപ്പണർ സ്‌മൃതി മന്ദാനയുടെ ബാറ്റിലാണ്‌ കണ്ണുകൾ. മന്ദാന ഒരറ്റത്ത്‌ തിളങ്ങിയാൽ കാര്യങ്ങൾ എളുപ്പമാകും. മധ്യനിരയിൽ ഹർമൻപ്രീത്‌ ഉണ്ട്‌. ഷഫാലി, ജെമീമ റോഡ്രിഗസ്‌ എന്നിവരാണ്‌ ബാറ്റിങ്‌നിരയിലെ മറ്റു പ്രധാനികൾ.

പക്ഷേ, സ്ഥിരതയില്ലായ്‌മയാണ്‌ നേരിടുന്ന വലിയ പ്രശ്‌നം. ഒടുവിൽ സമാപിച്ച ത്രിരാഷ്‌ട്ര കപ്പിൽ അത്‌ പ്രകടമായി. ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ മികച്ച തുടക്കം കിട്ടിയിട്ടും തകർന്നടിഞ്ഞു. മന്ദാനയും ഹർമൻപ്രീതും മാത്രമേ പിടിച്ചുനിന്നുള്ളൂ. അവസാന ഓവറുകളിൽ ആഞ്ഞടിക്കാൻ ശേഷിയുള്ളവരില്ല. വേദ കൃഷ്‌ണമൂർത്തിക്ക്‌ ക്യാപ്‌റ്റന്‌ പിന്തുണ നൽകാൻ കഴിയുന്നില്ല.

ബൗളിങ്‌നിരയിലുമുണ്ട്‌ പ്രശ്‌നങ്ങൾ. ശിഖ പാണ്ഡയൊഴികെ നല്ലൊരു പേസറില്ല. സ്‌പിന്നർമാരെ അമിതമായി ആശ്രയിക്കേണ്ടിവരുന്നു.മറുവശത്ത്‌ ഓസ്‌ട്രേലിയക്ക്‌ ബാറ്റിങ്ങിലും ബൗളിങ്ങിലും ലോകോത്തര കളിക്കാരുണ്ട്‌. മെഗ്‌ ലാനിങ്‌ നയിക്കുന്ന ടീമിൽ വിക്കറ്റ്‌ കീപ്പർ അലീസ ഹീലി, ബെത്‌ മൂണി, എല്ലിസെ പെറി, ആഷ്‌ലി ഗാർഡ്‌നെർ എന്നിവരാണ്‌ കരുത്തർ. ഹീലിയും മൂണിയും ശ്രീലങ്കയ്‌ക്കെതിരായ തകർപ്പൻ സെഞ്ചുറികൾ നേടിയിരുന്നു. ബൗളിങ്‌ നിരയിൽ പേസർ ടയ്‌ല വ്ലാമെനിക്ക്‌ പരിക്കുകാരണം പിന്മാറിയത്‌ തിരിച്ചടിയായി.

ഇന്ത്യൻ ടീം: ഹർമൻപ്രീത്‌ കൗർ (ക്യാപ്‌റ്റൻ), ഷഫാലി വർമ, സ്‌മൃതി മന്ദാന, റിച്ച ഘോഷ്‌, ജെമീമ റോഡ്രിഗസ്‌, ദീപ്‌തി ശർമ, അരുന്ധതി റെഡ്ഡി, ശിഖ പാണ്ഡെ, രാധാ യാദവ്‌, താനിയ ഭാട്ടിയ, രാജേശ്വരി ഗെയ്‌ക്ക്‌വാദ്‌, പൂനം യാദവ്‌, വേദ കൃഷ്‌ണമൂർത്തി, പൂജ വസ്‌ട്രാക്കർ, ഹർലീൻ ഡിയോൾ.


പ്രധാന വാർത്തകൾ
 Top