20 March Wednesday

ആരും ഗോളടിച്ചില്ല ; 25 ഷോട്ടുകൾ, ഗോൾ –-0

വെബ് ഡെസ്‌ക്‌Updated: Thursday Feb 21, 2019

ബാഴ്‌സലോണയുടെ സെർജിയോ റോബെർട്ടോയും ല്യോണിന്റെ ജാസൺ ഡെനായെറും പന്തിനായി. ല്യോണിന്റെ ഫെർലാൻഡ്‌മെൻഡി നടുവിൽ


പാരിസ‌്
ബാഴ‌്സലോണ ഗോളടി മറന്ന രാത്രി. ല്യോണിൽ ലയണൽ മെസിയും ലൂയിസ‌് സുവാരസും ഉസ‌്മാൻ ഡെംബെലെയും തിളക്കം നഷ്ടപ്പെട്ട നക്ഷത്രങ്ങളായി. ആകെ 25 ഷോട്ടുകൾ ബാഴ‌്സ പായിച്ചു. ഗോൾ ലക്ഷ്യമാക്കി നീങ്ങിയത‌് അഞ്ചെണ്ണം മാത്രം. വലയിലേക്ക‌് ഒന്നും കടന്നില്ല. ല്യോൺ ഗോൾ കീപ്പർ ആന്തണി ലോപെസിന്റെ പ്രകടനവും ബാഴ‌്സയെ തടഞ്ഞു. മെസി, സുവാരസ‌്, ഫിലിപ്പെ കുടീന്യോ, ഡെംബെലെ  എന്നിവരുടെ മാറിമാറി വന്ന ഷോട്ടുകൾ ലോപെസ‌് നിർവീര്യമാക്കി.

ല്യോണിന്റെ മൈതാനിയിൽ ബാഴ‌്സ ഉഗ്രപ്രതാപം കാണിക്കുമെന്ന പ്രതീഷ തെറ്റി. ല്യോൺ വീറോടെ ചെറുത്തു.  ഫ്രഞ്ച‌് ലീഗ്‌ ഈ സീസണിൽ പിഎസ‌്ജിയെ തോൽപ്പിച്ച ഏക ടീമാണ‌് ല്യോൺ. നെയ‌്മറെയും കിലിയൻ എംബാപ്പെയെയും എഡിൻസൺ കവാനിയെയും തളച്ച ല്യോൺ  ബാഴ‌്സയെയും കെട്ടിയിട്ടു. ബാഴ‌്സയെ ഞെട്ടിച്ച‌്  ആദ്യ അവസരം കിട്ടിയതും ല്യോണിന‌്. ഹസെം അവറുടെ മൂർച്ചയുള്ള അടി ബാഴ‌്സ ഗോളി മാർക‌് ആന്ദ്രേ ടെർ സ‌്റ്റെയ‌്ഗൻ ഇടത്തോട്ട‌് ചാടി കൈപ്പിടിയിലാക്കി. അധികം വൈകിയില്ല, മാർടിൻ ടെറിയർ 27 വാര അകലെനിന്ന‌് തൊടുത്ത മിസൈൽ ടെർസ‌്റ്റെയ‌്ഗൻ ചാടി കുത്തിവിട്ടത‌് ബാറിൽ തട്ടിത്തെറിച്ചു. റീബൗണ്ട‌് അപകടരഹിതമായ സ്ഥലത്ത‌് പതിച്ചതുകൊണ്ട‌് ബാഴ‌്സ രക്ഷപ്പെട്ടു. ബാഴ‌്സയുടെ നെഞ്ചുപൊള്ളിയ നിമിഷമായി ഇത‌്. അതോടെ ബാഴ‌്സ ഉണർന്നു.

ബയേണിനെതിരായ മത്സരത്തിൽ ലിവർപൂളിന്റെ റോബർട്ട്‌ ഫിർമിനോയുടെ ഹെഡർ

ബയേണിനെതിരായ മത്സരത്തിൽ ലിവർപൂളിന്റെ റോബർട്ട്‌ ഫിർമിനോയുടെ ഹെഡർ

 

മെസിക്ക‌് ബോക‌്സിനരികെ കിട്ടിയ ഫ്രീകിക്കിൽനിന്നാണ‌് ബാഴ‌്സയുടെ തുടക്കം. മെസി ആ ഫ്രീകിക്ക‌് ബാറിന‌് മുകളിലൂടെ പറത്തിക്കളഞ്ഞു. ഇടതുവിങ്ങിലൂടെ കുതിച്ചുവന്ന ഡെംബെലെയുടെ അടി നേരെ ലോപെസിന്റെ കൈകളിൽ. സെർജിയോ ബുസ‌്ക്വെറ്റ‌്സിന്റെ നിലംപറ്റിയുള്ള അടിയും ലോപെസ‌് തടഞ്ഞു. മെസി ആകെ ഒമ്പത‌് ഷോട്ടുകളാണ‌് മത്സരത്തിൽ പായിച്ചത‌്. ഇതിൽ ഒരെണ്ണം മാത്രമാണ‌് ലോപെസിനെ പരീക്ഷിച്ചത‌്. ഡെംബെലെയെ പിൻവലിച്ച‌് ഫിലിപ്പെ കുടീന്യോയെ ഇറക്കിയിട്ടും ല്യോണിന്റെ പുൽത്തകിടിയിൽ ഗോൾ വിരിഞ്ഞില്ല.

ജസോൺ ഡെമെയറും ദുബോയും ല്യോണിന്റെ കാവൽനിരയിൽ ഉറച്ച ഭടന്മാരായി. ലൂയിസ‌്‌ സുവാരസിനെ അവർ അനക്കിയില്ല. ഇതിനിടയിൽ ബോക‌്സിൽകിട്ടിയ നല്ലൊരു അവസരം പന്ത‌്‌ നിയന്ത്രിക്കാനാകാതെ ഈ മുന്നേറ്റക്കാരൻ പാഴാക്കി. രണ്ടാംപകുതിയിൽ തൊടുത്ത ഷോട്ട‌് ബാറിൽത്തട്ടിത്തെറിച്ചു. രണ്ടാംപകുതിയിൽ ല്യോൺ ലേശം തളർന്നപോലെ തോന്നിച്ചു. എന്നിട്ടും അവരുടെ പ്രതിരോധം കീറിമുറിക്കാൻ ബാഴ‌്സയുടെ വജ്രസൂചികൾക്ക‌് തിളക്കമുണ്ടായില്ല.സമീപകാലത്ത‌് ബാഴ‌്സയെ ഏറെ അലട്ടുന്നതാണ‌് മുന്നേറ്റത്തിലെ ഈ മോശം പ്രകടനം. അവസാന അഞ്ച‌് കളിയിൽ നാലിലും സമനിലയാണ‌്.ബാഴ‌്സ പ്രതിരോധക്കാരൻ ജെറാർഡ‌് പിക്വെയുടെ 100–-ാം ചാമ്പ്യൻസ‌് ലീഗ‌് മത്സരമായിരുന്നു ഇത‌്.


പ്രധാന വാർത്തകൾ
 Top