22 February Saturday

ഓസീസ്‌ കടന്ന്‌ കിവീസിലേക്ക്‌ ; ഇന്ത്യയുടെ കിവീസ്‌ പര്യടനം 24 മുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020


ബംഗളൂരു
വിരാട്‌ കോഹ്‌ലിയുടെയും കൂട്ടരുടെയും ‘നാട്ടങ്കം’ കഴിഞ്ഞു. ഇനി കളി ന്യൂസിലൻഡിലാണ്‌. 24ന്‌ പരമ്പരയ്‌ക്ക്‌ തുടക്കമാകും. അഞ്ച്‌ ട്വന്റി–-20, മൂന്ന്‌ ഏകദിനം, രണ്ട്‌ ടെസ്‌റ്റ്‌. ആറാഴ്‌ച നീളും പരമ്പര. ഓസ്‌ട്രേലിയയെ മലർത്തിയടിച്ചാണ്‌ കോഹ്‌ലിപ്പട ഒരുങ്ങുന്നത്‌. ആദ്യ ഏകദിനത്തിൽ പത്ത്‌ വിക്കറ്റിന്റെ അപമാനകരമായ തോൽവി വഴങ്ങിയ ഇന്ത്യ അവസാന രണ്ട്‌ കളിയിൽ കരുത്തുകാട്ടി. ഓസീസിന്റെ വിഖ്യാത പേസ്‌ നിരയെ നിഷ്‌പ്രഭമാക്കുന്ന പ്രകടനമാണ്‌ പുറത്തെടുത്തത്‌. ക്യാപ്‌റ്റൻ കോഹ്‌ലി ബാറ്റിൽ നയിച്ചപ്പോൾ മുഹമ്മദ്‌ ഷമി ബൗളിങ്‌ നിരയെ തെളിച്ചു.

പാറ്റ്‌ കമ്മിൻസ്‌, മിച്ചെൽ സ്‌റ്റാർക്‌ എന്നീ ലോകത്തെ ഏറ്റവും മികച്ച പേസർമാരാണ്‌ ഇന്ത്യൻ ബാറ്റിങ്‌ നിരയ്‌ക്ക്‌ മുന്നിൽ വശംകെട്ടത്‌. അവസാന രണ്ട്‌ ഏകദിനത്തിലും ഓസീസ്‌ ബാറ്റ്‌സ്‌മാൻമാരും മങ്ങി. മുൻ ക്യാപ്‌റ്റൻ സ്‌റ്റീവൻ സ്‌മിത്തും അരങ്ങേറ്റക്കാരൻ മാർണസ്‌ ലബുഷെയ്‌നും മാത്രം സ്ഥിരത കാട്ടി. ആദ്യ കളിയിലെ തോൽവി ഇന്ത്യൻടീമിനെ അടിമുടി മാറ്റുകയായിരുന്നു.

ന്യൂസിലൻഡിൽ കളി മാറും. പേസർമാർക്ക്‌ കൂടുതൽ ഗുണംകിട്ടുന്ന പിച്ചുകളാണ്‌ ന്യൂസിലൻഡിൽ. അതേസമയം, മൈതാനങ്ങൾ ചെറുതുമാണ്‌. ഇന്ത്യൻ പേസർമാരായ ജസ്‌പ്രീത്‌ ബുമ്ര, ഷമി, നവ്‌ദീപ്‌ സെയ്‌നി എന്നിവർ ഏത്‌ പിച്ചിലും ഉഗ്രഭാവത്തിലെത്തും.

ട്വൻി–-20 ലോകകപ്പ്‌ മുൻനിർത്തിയുള്ള പരീക്ഷണമാണ്‌ ഇന്ത്യക്ക്‌. ഓൾ റൗണ്ടർ ഹാർദിക്‌ പാണ്ഡ്യയ്‌ക്ക്‌ ഇതുവരെ ടീമിൽ ഇടം കണ്ടെത്താനാകാത്തത്‌ തിരിച്ചടിയാണ്‌. പരിക്കുമാറിയ പാണ്ഡ്യയ്‌ക്ക്‌ അവസാന രണ്ട്‌ മത്സരങ്ങളിലെങ്കിലും ഇടം നേടാനാകുമെന്നാണ്‌ പ്രതീക്ഷ. ഇന്ത്യൻ എ ടീം ന്യൂസിലൻഡിൽ രണ്ട്‌ സന്നാഹ മത്സരം ഇതിനകം ജയിച്ചു. 22നാണ്‌ ആദ്യ കളി.


പ്രധാന വാർത്തകൾ
 Top