27 February Thursday

രഞ്ജി ട്രോഫി ക്രിക്കറ്റ്‌ : കേരളത്തിന്‌ ഇന്നിങ്‌സ്‌ തോൽവി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

കേരളത്തിന്റെ ആറ്‌ വിക്കറ്റുകൾ വീഴ്‌ത്തിയ രാജസ്ഥാന്റെ എസ്‌ കെ ശർമയുടെ ആഹ്ലാദം


തിരുവനന്തപുരം
രണ്ടുദിനം തികച്ചില്ല. രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം രാജസ്ഥാനോട്‌ ഇന്നിങ്‌സിനും 96 റണ്ണിനും കീഴടങ്ങി. ഒന്നാം ഇന്നിങ്‌സിൽ 90ന്‌ പുറത്തായ കേരളം രണ്ടാം ഇന്നിങ്‌സിൽ 82ൽ അവസാനിപ്പിച്ചു. രാജസ്ഥാനാകട്ടെ ആദ്യ ഇന്നിങ്‌സിൽ 9ന്‌ 268 എന്ന സ്‌കോറിൽ ഡിക്ലയർ ചെയ്‌തു. മത്സരത്തിലാകെ 11 വിക്കറ്റ്‌ വീഴ്‌ത്തിയ രാജസ്ഥാന്റെ എസ്‌ കെ ശർമയാണ്‌ കളിയിലെ താരം. നാലാംതോൽവിയോടെ മുന്നോട്ടുള്ള കേരളത്തിന്റെ സാധ്യതകളെല്ലാം അവസാനിച്ചു.

നാലിന്‌ 173 എന്ന നിലയിൽ ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ മികച്ച ലീഡ്‌ പടുത്തുയർത്തി. ഓപ്പണർ വൈ ബി കോത്താരി 92 റൺ നേടി. കേരളത്തിനായി ജലജ്‌ സക്‌സേന ഏഴ്‌ വിക്കറ്റെടുത്തു. 178 റൺ ലീഡുമായി ബാറ്റിങ്ങിനിറങ്ങിയ കേരളം 31.2 ഓവറിൽ കൂടാരം കയറി. ആർക്കും ശോഭിക്കാനായില്ല. ക്യാപ്‌റ്റൻ സച്ചിൻ ബേബിയാണ്‌ (18) ടോപ്‌ സ്‌കോറർ. എസ്‌ കെ ശർമ രണ്ടാം ഇന്നിങ്‌സിൽ ആറ്‌ വിക്കറ്റ്‌ നേടി. 27ന്‌ ആന്ധ്രയ്‌ക്കെതിരെയാണ്‌ അടുത്തമത്സരം.


പ്രധാന വാർത്തകൾ
 Top