20 February Wednesday

മടങ്ങുന്നു ഫെഡറർ

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

മെൽബൺ
അട്ടിമറികളുടെ ദിനത്തിൽ റോജർ ഫെഡറർക്കും കാലിടറി. നിലവിലെ ചാമ്പ്യനായ ഫെഡറർ ഓസ‌്ട്രേലിയൻ ഓപ്പൺ ടെന്നീസിന്റെ ക്വാർട്ടർ കാണാതെ മടങ്ങി. ഇരുപതുകാരനായ സ‌്റ്റെഫാനോസ‌് സിറ്റ‌്സിപാസ‌് ഫെഡറർക്ക‌് പുറത്തേക്കുള്ള വഴിയൊരുക്കി. പോരാട്ടം നാല‌് സെറ്റ‌് നീണ്ടു. സമയം–- 3 മണിക്കൂർ 45 മിനിറ്റ‌്. സ‌്കോർ: 7–-6 (13–-11), 6–-7 (3–-7), 5–-7, 6–-7 (5–-7).
ഫെഡറർക്കൊപ്പം വനിതകളിലെ മുൻ ചാമ്പ്യൻ മരിയ ഷരപോവയും രണ്ടാം സീഡ‌് ആഞ്ചലിക‌് കെർബറും പുറത്തായി.

നിലവിൽ ടൂർണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ‌് സിറ്റ‌്സിപാസ‌്. ഫെഡറർക്ക‌് 37 വയസ്സ‌്, സിറ്റ‌്സ‌ിപാസിന്റെ ചുറുചുറുക്കിന‌് മുന്നിൽ ഫെഡററുടെ കളിയഴകും പരിചയസമ്പത്തും വെറുതെയായി. ഓസ‌്ട്രേലിയൻ ഓപ്പണിൽ 2003നുശേഷം ഇത‌് രണ്ടാംതവണ മാത്രമാണ‌് ഫെഡറർ ക്വാർട്ടർ കാണാതെ മടങ്ങുന്നത‌്. തന്റെ ഇഷ്ടവേദിയിൽ ആറ‌് കിരീടം നേടിയിട്ടുണ്ട‌് ഈ സ്വിസ‌് താരം. തുടർച്ചയായ മൂന്നാം കിരീടം കൊതിച്ചെത്തിയ ഫെഡറർക്ക‌് സിറ്റ‌്സിപാസ‌് കടുത്ത പരീക്ഷണം നൽകി. തികഞ്ഞ ആത്മവിശ്വാസവും ധൈര്യവും ചുറുചുറുക്കുമായിരുന്നു ഈ ഗ്രീക്കുകാരന്റെ കൈമുതൽ.

ആദ്യ സെറ്റ‌് ടൈബ്രേക്കിൽ 13–-11നാണ‌് ഫെഡറർ സ്വന്തമാക്കിയത‌്. അപ്പോൾത്തന്നെ പോരാട്ടം കടുക്കുമെന്ന സൂചനയുണ്ടായി. 12 തവണ അവസരം കിട്ടിയിട്ടും ഒരു തവണപോലും സിറ്റ‌്സിപാസിന്റെ സെർവ‌് ഭേദിക്കാൻ കഴിയാത്തതാണ‌് ഫെഡറർക്ക‌് തിരിച്ചടിയായത‌്. ഫോർഹാൻഡ‌് ഷോട്ടുകൾ പലതും കോർട്ടിന‌് പുറത്തേക്ക‌് ചിതറിത്തെറിച്ചു. വേഗംകൊണ്ട‌് സിറ്റ‌്സിപാസ‌് ഫെഡററെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു. നേരിയ പിഴവുകൾക്കുപോലും വലിയ വിലകൊടുക്കേണ്ടിവന്നു. ആവേശകരമായ പോരാട്ടത്തിൽ ആകെ 123 വിന്നറുകൾ പിറന്നു. 62 എണ്ണം സിറ്റ‌്സിപാസ‌് തൊടുത്തു. 61 ഫെഡററും. പിഴവുകളിൽ ഫെഡററാണ‌് മുന്നിൽ. ആകെ 55 പിഴവുകൾ വരുത്തി. സിറ്റ‌്സിപാസ‌് 33ഉം.

ക്വാർട്ടറിൽ സ‌്പെയ‌്നിന്റെ റോബർട്ട‌് ബൗടിസ‌്റ്റ അഗുട്ട‌് ആണ‌് സിറ്റ‌്സ‌ിപാസിന്റെ എതിരാളി. അഗുട്ട‌് ആറാം സീഡ‌് മരിൻ സിലിച്ചിനെ തോൽപ്പിച്ചു (6–-7, 6–-3, 6–-2, 4–-6, 6–-4).
മുൻ ചാമ്പ്യൻ റാഫേൽ നദാൽ തോമസ‌് ബെർഡിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക‌് തോൽപ്പിച്ച‌് ക്വാർട്ടറിലെത്തി (6–-0, 6–-1, 7–-6). 20–-ാം സീഡ‌് ഗ്രിഗർ ദിമിത്രോവ‌് പുറത്തായി.
വനിതകളിൽ മുൻ ചാമ്പ്യൻ കെർബറെ അമേരിക്കയുടെ ഡാനിയെല്ല കോളിൻസാണ‌് അട്ടിമറിച്ചത‌്. 56 മിനിറ്റുമാത്രം നീണ്ട കളിയിൽ നേരിട്ടുള്ള സെറ്റുകൾക്ക‌് കോളിൻസ‌് കെർബറെ തകർത്തു (6–-0, 6–-2). നിലവിലെ ചാമ്പ്യൻ കരോളിൻ വൊസ‌്നിയാക്കിയെ മടക്കി പ്രീ ക്വാർട്ടറിലെത്തിയ ഷരപോവയ‌്ക്ക‌് അവിടെ പിഴച്ചു. ഓസ‌്ട്രേലിയയുടെ അഷ‌്‌ലെയ‌് ബാർട്ടിയാണ‌് ഷരപോവയെ മടക്കിയത‌് (4–-6, 6–-1, 6–-4).

എട്ടാം സീഡ‌് പെട്ര ക്വിറ്റോവ ക്വാർട്ടറിലേക്ക‌് മുന്നേറി.


 Top