04 July Saturday

ഒരുമയിൽ വിരിഞ്ഞു

പ്രദീപ്‌ ഗോപാൽUpdated: Wednesday Nov 20, 2019


കണ്ണൂർ
ഓടിയും ചാടിയും എറിഞ്ഞും വിസ്‌മയിപ്പിച്ച 14 സ്‌കൂളുകൾ. അവർ ഒത്തുപിടിച്ചു. നാല്‌ സ്വർണം നേടിയ കല്ലടി സ്‌കൂൾമുതൽ ഒറ്റ വെങ്കലത്തിൽ തിളങ്ങിയ ചിറ്റിലഞ്ചേരി സ്‌കൂൾവരെ. അവരൊന്നിച്ചുനേടിയത്‌ 201.33 പോയിന്റ്‌. ആ ഒരുമയിൽ പാലക്കാട്‌ വിരിഞ്ഞു. സംസ്ഥാന കായികോത്സവത്തിൽ ചാമ്പ്യന്മാരായി. 13 കിരീടത്തിന്റെ പകിട്ടുമായെത്തിയ എറണാകുളം പിന്നിൽനിന്നു.

സ്‌കൂൾ മേളാ ചരിത്രത്തിലെ പാലക്കാടിന്റെ മൂന്നാം കിരീടം. 2012ലും 2016ലുമായിരുന്നു മറ്റ്‌ നേട്ടങ്ങൾ. നിലവിലെ ചാമ്പ്യന്മാരായ എറണാകുളം ജില്ലയെ 44 പോയിന്റിന്‌ പിന്നിലാക്കിയാണ്‌ പാലക്കാടിന്റെ കുതിപ്പ്‌. 157.33 പോയിന്റാണ്‌ എറണാകുളത്തിന്‌. കഴിഞ്ഞ വർഷം 57 പോയിന്റിനാണ്‌ എറണാകുളം പാലക്കാടിനെ പിന്നിലാക്കിയത്‌.  13 തവണ ചാമ്പ്യന്മാരായ എറണാകുളം  ഇക്കുറിയും ഒരുങ്ങിവന്നു. കോതമംഗലം സെന്റ്‌ ജോർജ്‌ സ്‌കൂൾ ഇല്ലാത്തത്‌ തളർത്തിയെങ്കിലും മാർ ബേസിലിന്റെ ചിറകിൽ പറക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പാലക്കാടിന്റെ ഒത്തൊരുമയ്‌ക്ക്‌ മുന്നിൽ വമ്പന്മാർ മുട്ടുമടക്കി.


 

കഴിഞ്ഞ വർഷം എറണാകുളം ചാമ്പ്യന്മാരായപ്പോൾ സെന്റ്‌ ജോർജിന്റെ സംഭാവന 81 പോയിന്റായിരുന്നു. ഇക്കുറി പോയിന്റുകൾ ചിതറി. മറ്റ്‌ സ്‌കൂളുകൾ അത്‌ പങ്കിട്ടെടുത്തു. അതിൽ പാലക്കാട്‌ സ്‌കൂളുകൾ മുന്നിൽനിന്നു.

നാല്‌ സ്വർണമുൾപ്പെടെ 58.33  പോയിന്റ്‌ നേടിയ കല്ലടിയാണ്‌ ഇക്കുറി പാലക്കാടിനെ നയിച്ചത്‌. സി ഹരിദാസിന്റെ കീഴിലുള്ള ഒളിമ്പിക്‌ അക്കാദമിയായിരുന്നു പാലക്കാടിന്റെ കിരീട വഴിയിലേക്കുള്ള മറ്റൊരു ഊർജം. ബിഇഎംഎച്ച്‌എസ്‌എസിലെ അഞ്ച്‌ കുട്ടികൾ ഈ അക്കാദമിയിലൂടെ സ്വർണം നേടി. സ്‌കൂളിന്റെ ആകെ പോയിന്റ്‌ 29. പഴയ പ്രതാപത്തിലല്ലെങ്കിലും  പറളിയും അവസാനനാളുകളിൽ മിന്നലാട്ടം കാട്ടി. ഒരു സ്വർണം ഉൾപ്പെടെ 15 പോയിന്റ്‌ പറളി നൽകി. രണ്ട്‌ വീതം സ്വർണം നേടിയ മാത്തൂർ സിഎഫ്‌ഡിവിഎച്ച്‌എസ്‌എസും പട്ടഞ്ചേരി ജി എച്ച്‌ എസ്എസും കൂട്ടിനെത്തി. ഇതുൾപ്പെടെ ആകെ 14 സ്‌കൂളുകൾ പാലക്കാടിന്റെ മെഡൽശേഖരത്തിൽ പങ്കാളികളായി.


 

2012ൽ ആദ്യമായി ചാമ്പ്യന്മാരായപ്പോൾ 76 പോയിന്റുമായി പറളിയാണ്‌ ‌പാലക്കാടിനെ നയിച്ചത്‌. കല്ലടി 59ഉം മുണ്ടൂർ സ്‌കൂൾ 49 പോയിന്റും നേടി. 25 പോയിന്റ്‌ വ്യത്യാസത്തിലാണ്‌ പാലക്കാട്‌ എറണാകുളത്തെ അന്ന്‌ പിന്നിലാക്കിയത്‌. 2016ൽ 102 പോയിന്റ്‌ നേടിയ കല്ലടി കസറി. പറളി –-45, മുണ്ടൂർ –-40. എറണാകുളത്തെ മറികടന്നത്‌ എട്ട്‌ പോയിന്റ്‌ വ്യത്യാസത്തിൽ.

ഇക്കുറി ഒന്നോ ര‌ണ്ടോ സ്‌കൂളിന്റെ മികവിനെക്കാൾ സംഘബലമാണ്‌ പാലക്കാടിനെ നയിച്ചത്‌. ട്രാക്കിൽ മാത്രമല്ല, ത്രോ ഇനങ്ങളിലും നേട്ടമുണ്ടാക്കാനായി പാലക്കാടിന്‌. റിലേയിൽ ആധിപത്യംനേടി. എറണാകുളം റിലേയിൽ തീർത്തും മങ്ങി. ഹർഡിൽസിലും പാലക്കാടിനായിരുന്നു മുൻതൂക്കം. എറണാകുളത്തിനായി മാർ ബേസിൽ (62.33), ജി വിഎച്ച്‌എസ്‌ മണീട്‌ (26) സ്‌കൂളുകളാണ്‌ ഇക്കുറി തിളങ്ങിയത്‌. സെന്റ്‌ ജോർജിന്റെ പിൻവാങ്ങൽ സബ്‌ ജൂനിയർ, ജൂനിയർ ആൺകുട്ടികളുടെ മത്സരങ്ങളിൽ എറണാകുളത്തിന്‌ തിരിച്ചടി നൽകി. കഴിഞ്ഞ വർഷം മണിപ്പുർ താരങ്ങളെ അണിനിരത്തിയാണ്‌ സെന്റ്‌ ജോർജ്‌ പോയിന്റ്‌ നേടിയത്‌.

സെന്റ്‌ ജോസഫ്‌സ്‌ എച്ച്‌എസ്‌എസ്‌ പുല്ലൂരാമ്പാറ സ്‌കൂളിന്റെയും ഉഷ സ്‌കൂളിന്റെയും മികവിൽ കോഴിക്കോട്‌ ഇക്കുറി മൂന്നാമതെത്തി (123.33). എറണാകുളത്തിന്‌ കനത്ത വെല്ലുവിളിയുണ്ടാക്കി.


പ്രധാന വാർത്തകൾ
 Top