02 June Tuesday

കളം നിറയട്ടെ ; കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്നിറങ്ങുന്നു

പ്രദീപ്‌ ഗോപാൽUpdated: Sunday Oct 20, 2019കൊച്ചി
കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്നിറങ്ങുന്നു. മുന്നിൽ എടികെ. കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ രാത്രി 7.30ന്‌ ഐഎസ്‌എലിന്റെ പന്ത്‌ ഉരുണ്ടുതുടങ്ങും.
നിരാശയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്‌. ഒഴിഞ്ഞ ഇരിപ്പടങ്ങൾക്കുമുന്നിലാണ്‌ കഴിഞ്ഞപതിപ്പിൽ അവർ പന്ത്‌ തട്ടി അവസാനിപ്പിച്ചത്‌. ഐഎസ്‌എലിലെ പ്രഥമ ചാമ്പ്യൻമാരായ എടികെയും ഏറെക്കുറെ സമാന അവസ്ഥയിലായിരുന്നു. അവസാന രണ്ടു പതിപ്പിലും ഇരു ടീമുകളും മങ്ങി.

മാറ്റങ്ങളുമായി വീണ്ടും ഇരു ടീമുകളും മുഖാമുഖമെത്തുന്നു. ഏറ്റുമുട്ടിയതിൽ അഞ്ചുതവണയും എടികെയ്‌ക്കായിരുന്നു ജയം. ബ്ലാസ്‌റ്റേഴ്‌സ്‌ രണ്ടിൽ ജയിച്ചു. കഴിഞ്ഞപതിപ്പിൽ എടികെയെ അവരുടെ തട്ടകത്തിൽ ബ്ലാസ്‌റ്റേഴ്‌സ്‌ വീഴ്‌ത്തി. കൊച്ചിയിൽ സമനില.

രണ്ടുതവണ എടികെ കിരീടം ചൂടിയത്‌ ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്‌ത്തിയായിരുന്നു. അതിനാൽത്തന്നെ ഇരുടീമുകളും തമ്മിലെത്തുമ്പോൾ മത്സരത്തിന്റെ വീറ്‌ കൂടും.
ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരുപിടി കളിക്കാരെയാണ്‌ പുതിയ പരിശീലകൻ എൽകോ ഷട്ടോരിക്ക്‌ കിട്ടിയത്‌. നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡിനെ പ്രചോദിപ്പിച്ച്‌  നയിച്ച ഷട്ടോരി ബ്ലാസ്‌റ്റേഴ്‌സിൽ എത്തിയപാടെ കളിക്കാരുടെ വിശ്വാസം നേടിയെടുത്തു. മുൻ പരിശീലകൻ ഡേവിഡ്‌ ജെയിംസിനെപ്പോലെ പ്രതിരോധത്തിൽ രക്ഷ പ്രാപിക്കുന്നതല്ല ഷട്ടോരിയുടെ ശൈലി. കളിയിൽ പാസുകൾ നിറയും. ഗോൾവരും. സാഹചര്യത്തിന്‌ അനുസരിച്ച്‌ തന്ത്രം മെനയും. ആ പ്രതീക്ഷയാണ്‌ ഈ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ഊർജം.

അവകാശവാദങ്ങളില്ല ഷട്ടോരിക്ക്‌. സന്ദേശ്‌ ജിങ്കൻ ഉൾപ്പെടെയുള്ള പ്രധാന കളിക്കാരുടെ പരിക്ക്‌ ആശങ്കയാണ്‌. ആരെയൊക്കെ കളിപ്പിക്കും എന്നതിൽ തീർച്ചയായിട്ടില്ല. പ്രതിരോധത്തിലാണ്‌ ആശയക്കുഴപ്പം. ജിങ്കന്‌ പകരമായെത്തിയ രാജു ഗെയ്‌ക്ക്‌വാദും പൂർണമായും ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ല. ജയ്‌റോ റോഡ്രിഗസ്‌ കളിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ജിയാന്നി സുയ്‌വെർലൂൺ ഇറങ്ങിയേക്കും. ലാൽറുവാത്താറ, മുഹമ്മദ്‌ റാകിപ്‌ എന്നിവരാണ്‌ പ്രതിരോധത്തിലെ മറ്റ്‌ താരങ്ങൾ. ഗോൾകീപ്പറായി ബിലാൽ ഖാൻ എത്തിയേക്കും. മധ്യനിരയിൽ മുഹമ്മദൗ മൗസ്‌തഫ നിങ്‌, സെർജിയാ സിഡോഞ്ചോ എന്നീ വിദേശതാരങ്ങളുണ്ട്‌. സഹൽ അബ്‌ദുൾ സമദാണ്‌ മധ്യനിരയിലെ പ്രതീക്ഷ.

മുന്നേറ്റത്തിലാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്‌ ഉണർവ്‌. നൈജീരിയക്കാരൻ ബർതലോമേവ്‌ ഒഗ്‌ബെച്ചെയുടെ സാന്നിധ്യമാണ്‌ അതിനുകാരണം. ഗോൾവലയ്‌ക്കുമുന്നിൽ ഇക്കുറി ഇടറില്ല ബ്ലാസ്‌റ്റേഴ്‌സ്‌. നായകൻ ഒഗ്‌ബെച്ചെയ്‌ക്ക്‌ കൂട്ടിന്‌ റാഫേൽ മെസി ബൗളിയുണ്ട്‌. മലയാളിതാരം മുഹമ്മദ്‌ റാഫിയാണ്‌ മുൻനിരയിലെ മൂന്നാമൻ.

അന്റോണിയോ ലോപെസ്‌ ഹബാസിനെ തിരികെവിളിച്ചാണ്‌ എടികെ ഒരുങ്ങിയത്‌. ആദ്യ സീസണിൽ കൊൽക്കത്തൻ ടീമിനെ ചാമ്പ്യൻമാരാക്കിയ പരിശീലകനാണ്‌ ഹബാസ്‌. പ്രതിരോധവും മുന്നേറ്റവും മിനുക്കിയാണ്‌ എടികെയുടെ വരവ്‌. പ്രതിരോധത്തിൽ മുൻ ബംഗളൂരു എഫ്‌സിതാരം ജോൺ ജോൺസനുണ്ട്‌. വിലക്കിലുള്ള അനസ്‌ എടത്തൊടികയ്‌ക്ക്‌ കളിക്കാനാകില്ല.

എഡു ഗാർഷ്യയും മൈക്കേൽ സൂസൈരാജും ഉൾപ്പെട്ട ആക്രമണനിരയെ പ്രതിരോധിക്കാൻ ബ്ലാസ്‌റ്റേഴ്‌സിന്‌ ഏറെ പണിപ്പെടേണ്ടിവരും.
മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം വിറ്റുതീർന്നു. വൈകിട്ട്‌ നാലുമുതൽ കാണികൾക്ക്‌ സ്‌റ്റേഡിയത്തിലേക്ക്‌ പ്രവേശനമുണ്ട്‌. രാത്രി ആറുമുതലാണ്‌ ഉദ്‌ഘാടനച്ചടങ്ങുകൾ.


പ്രധാന വാർത്തകൾ
 Top