19 October Saturday

സമനിലക്കുരുക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

അത്‌ലറ്റികോയുടെ സമനില ഗോൾ നേടിയ ഹെറേരയെ (ഇടത്‌) അഭിനന്ദിക്കുന്ന സഹതാരങ്ങളായ സാവിച്ചും കൊറേറയും


മാഡ്രിഡ്‌
അന്തിമ വിസിലിന്‌ കാതോർക്കവേ 90–-ാംമിനിറ്റിൽ ഹെക്ടർ ഹെറേര യുവന്റസിന്റെ ആഘോഷം കെടുത്തി.  പകരക്കാരനായ ഹെറേരയുടെ ഹെഡ്ഡർ യുവന്റസിനെ നടുക്കി (2–-2). രണ്ട്‌ ഗോളിനു മുന്നിലെത്തിയശേഷമാണ്‌ ചാമ്പ്യൻസ്‌ ലീഗിലെ ആദ്യകളിയിൽ യുവന്റസിനെ അത്‌ലറ്റികോ മാഡ്രിഡ്‌  തളച്ചത്‌.

യുവാൻ കൊദ്രാദോയുടെയും ബ്ലെയ്‌സെ മറ്റ്യൂഡിയുടെയും ഗോളുകൾക്ക്‌ സ്റ്റെഫാൻ സാവിച്ചും ഹെറേരയും അത്‌ലറ്റികോയ്‌ക്കായി മറുപടി നൽകി. ഗ്രൂപ്പ്‌ ഡിയിലെ രണ്ടാംമത്സരത്തിൽ ലൊകോമോടിവ്‌ മോസ്‌കോ 2–-1ന്‌ ബയേർ ലെവർകുസനെ തോൽപ്പിച്ചു.

കഴിഞ്ഞ സീസണിൽ പ്രീ ക്വാർട്ടറിൽ ഏറ്റുമുട്ടിയ ടീമുകളുടെ പോരിന്‌ ഇത്തവണയും കളത്തിൽ വീര്യം കുറഞ്ഞില്ല. കൗമാരക്കാരൻ ജോവാവോ ഫെലിക്‌സിന്റെ സുന്ദരൻമുന്നേറ്റവുമായി കളി തുടങ്ങിയ അത്‌ലറ്റികോ പ്രതിരോധം കടുപ്പിച്ച്‌ പന്ത്‌ തട്ടി. ആദ്യപകുതിയിൽ ഇരുഭാഗങ്ങളിലേക്കും മാറിയും മറഞ്ഞും മുന്നേറ്റങ്ങൾ. ലക്ഷ്യം മാത്രം ഭേദിക്കാനായില്ല രണ്ടു കൂട്ടർക്കും. ഇടവേള കഴിഞ്ഞ്‌ ഒരുങ്ങിത്തന്നെയായിരുന്നു മൗറീസിയോ സാറിയുടെ പടയാളികൾ കളത്തിലെത്തിയത്‌.

ബോക്‌സിൽനിന്ന്‌ കൊദ്രാദോയുടെ ഇടംകാലടി വലയിലേക്ക്‌ പറന്നിറങ്ങി. അവസാനിപ്പിച്ചില്ല യുവന്റസ്‌. അടുത്ത ഊഴം മറ്റ്യൂഡിയുടേതായിരുന്നു. അലക്‌സ്‌ സാൻഡ്രോയുടെ ക്രോസിൽ ഉശിരൻ ഹെഡ്ഡർ. ഇറ്റലിക്കാർ ആഘോഷം ആരംഭിച്ചു. എന്നാൽ, സ്വന്തം തട്ടകത്തിൽ തോറ്റുകൊടുക്കാൻ അത്‌ലറ്റികോയ്‌ക്ക്‌ കഴിയില്ലായിരുന്നു. ഒത്തൊരുമയോടെ അവർ പടകൂട്ടി. ഹൊസേ ജിമ്മെനെസൊരുക്കിയ അവസരത്തിൽനിന്ന്‌ സാവിച്ചും ഒടുവിൽ കീറൺ ട്രിപ്പിയറുടെ കോർണർ അകത്താക്കി ഹെറേരയും അത്‌ലറ്റികോയ്‌ക്ക്‌ സമനില സമ്മാനിച്ചു.

ഒക്‌ടോബർ ഒന്നിനാണ്‌ ഇരുടീമിനും രണ്ടാംമത്സരം. ടൂറിനിൽ യുവന്റസ്‌ ലെവർകുസനെയും അത്‌ലറ്റികോ എതിർതട്ടകത്തിൽ ലൊകോമോടിവിനെയും നേരിടും.


പ്രധാന വാർത്തകൾ
 Top