24 October Thursday

കനലായി പിഎസ്‌ജി

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

പിഎസ്‌ജിക്കായി രണ്ടാം ഗോൾ നേടിയ ഡി മരിയയുടെ ആഹ്ലാദം


പാരീസ്‌
നെയ്‌മറും കിലിയൻ എംബാപ്പെയും എഡിൻസൺ കവാനിയും വേണ്ടായിരുന്നു പിഎസ്‌ജിക്ക്‌. സംഘശക്തി തിരിച്ചറിഞ്ഞ്‌ കളത്തിൽ പന്തുതട്ടിയ പതിനൊന്നുപേർ. ആ ഒരുമയ്‌ക്കു മുന്നിൽ പ്രതാപികളായ റയൽ മാഡ്രിഡ്‌ ഉരുകി. മൂന്നു ഗോളിനാണ്‌ പിഎസ്‌ജി ജയം പിടിച്ചത്‌. ചാമ്പ്യൻസ്‌ ലീഗിലെ തന്റെ നൂറാം മത്സരം ഇരട്ടഗോളുമായാണ്‌ ഏയ്‌ഞ്ചൽ ഡി മരിയ ആഘോഷിച്ചത്‌. റയൽ പരിശീലകക്കുപ്പായത്തിൽ തുടർച്ചയായ നാലാം ചാമ്പ്യൻസ്‌ ലീഗ്‌ കിരീടം തേടുന്ന സിനദിൻ സിദാന്‌ പുതുപാഠങ്ങൾ പഠിപ്പിച്ചു പിഎസ്‌ജി.  ഈ തോൽവിക്ക്‌ ഒരുപാട്‌ മറുപടി പറയേണ്ടിവരും സിദാൻ.

പാരീസിൽ ഉശിരൻ പോര്‌ പ്രതീക്ഷിച്ചവർക്ക്‌ നിരാശയായിരുന്നു. പിഎസ്‌ജിയുടെ കുതിപ്പിൽ റയൽ വെന്തുപോയി. സെർജിയോ റാമോസും മാഴ്‌സെലോയും കാവൽ ഇല്ലാത്ത റയലിന്റെ പിൻവാതിൽ അനായാസം തള്ളിത്തുറന്നു ഫ്രഞ്ചുകാർ. പാബ്ലോ സറാബിയ‐മൗറോ ഇക്കാർഡി‐ഡി മരിയ ത്രയമാണ്‌ പിഎസ്‌ജി മുന്നേറ്റത്തിന്‌ ചുക്കാൻ പിടിച്ചത്‌. ഇടംകാലിൽ വിസ്‌മയമൊളിപ്പിച്ച്‌ മുൻ റയൽ താരം ഡി മരിയ കളത്തിൽ നിറഞ്ഞാടി. 

യുവാൻ ബെർണറ്റൊരുക്കിയ പന്തിൽനിന്നാണ്‌ അർജന്റീനക്കാരൻ തുടക്കം കുറിച്ചത്‌. പിന്നിലായശേഷം ഗാരത്‌ ബെയ്‌ൽ സുന്ദരമായ നീക്കത്തിലൂടെ പിഎസ്‌ജി ഗോളി കെയ്‌ലർ നവാസിനെ കീഴടക്കിയെങ്കിലും ‘വാർ’ ഗോൾ നിഷേധിച്ചു. പന്ത്‌ നിയന്ത്രിക്കുന്നതിനിടെ ബെയ്‌ലിന്റെ കൈയിൽ പന്തുതട്ടുന്നത്‌ വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. റയൽ തളർന്നു. ഇദ്രിസ ഗുയേനയുടെ ഒന്നാന്തരം പാസിൽനിന്നായിരുന്നു ഡി മരിയയുടെ രണ്ടാം ഗോൾ.

ഇടവേളയ്‌ക്കു പിന്നാലെയും റയലിന്റെ കളി മാറിയില്ല. ഏദെൻ ഹസാർഡ്‌, ഹമേഷ്‌ റോഡ്രിഗസ്‌, ടോണി ക്രൂസ്‌ എന്നിവർക്കൊന്നും താളം കണ്ടെത്താനായില്ല. കളിയവസാനം പ്രതിരോധക്കാരൻ തോമസ്‌ മ്യൂനിയർ പിഎസ്‌ജി പട്ടിക തികച്ചു.


പ്രധാന വാർത്തകൾ
 Top