18 September Wednesday
സുബ്രതോ മുഖർജി കപ്പ്‌ ഫുട്‌ബോളിന്‌ നാളെ തുടക്കം

സുബ്രതോയിൽ‌ നിറയാൻ കേരളം

ജിജോ ജോർജ്‌Updated: Tuesday Aug 20, 2019

ചേലേമ്പ്ര സ്‌കൂൾ ടീം പരിശീലനത്തിൽ


മലപ്പുറം
സുബ്രതോ മുഖർജി കപ്പ്‌ ഫുട്‌ബോളിന്‌ ബുധനാഴ്‌ച ഡൽഹിയിൽ തുടക്കം. കേരളത്തിനായി മൂന്നു വിഭാഗങ്ങളിൽ ടീമുകൾ കളത്തിലിറങ്ങും. അണ്ടർ 14 ആൺകുട്ടികളിൽ പാലക്കാട്‌ എടത്തനാട്ടുകര ജിഒഎച്ച്‌എസ്‌എസും  അണ്ടർ 17 ആൺകുട്ടികളിൽ മലപ്പുറം ചേലേമ്പ്ര നാരായണൻനായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളും പെൺകുട്ടികളിൽ കോഴിക്കോട്‌ നടക്കാവ്‌ ജിവിഎച്ച്‌എസ്‌എസും ആണ്‌ ഇക്കുറി കേരളത്തിനായി മത്സരിക്കുന്നത്‌.

അണ്ടർ 14 വിഭാഗം മത്സരം ബുധനാഴ്‌ച ആരംഭിക്കും. അണ്ടർ 16 പെൺകുട്ടികളുടെ മത്സരം 30നും ആൺകുട്ടികളുടെ മത്സരം സെപ്‌തംബർ ഏഴിനും തുടങ്ങും.
കളംനിറയാൻ എടത്തനാട്ടുകര അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിൽ മാറ്റുരയ്‌ക്കുന്ന പാലക്കാട്‌ എടത്തനാട്ടുകര ജിഒഎച്ച്‌എസ്‌എസ്‌ ഡൽഹിയിലെത്തി.
സംസ്ഥാനതല മത്സരത്തിൽ തലോർ ദീപ്‌തി എച്ച്‌എസ്‌എസിനെ മികച്ച സ്‌കോറിന്‌ (5–-0) കീഴടക്കിയാണ്‌ ദേശീയ ചാമ്പ്യൻഷിപ്‌ യോഗ്യത നേടിയത്‌.

കരുത്തുകാട്ടാൻ ചേലേമ്പ്ര
ചേലേമ്പ്ര സ്‌കൂൾ കഴിഞ്ഞവർഷം സെമി ഫൈനലിലാണ്‌ തോറ്റത്‌. അഫ്‌ഗാനിസ്ഥാനിൽനിന്നുള്ള ഇസ്‌തികാൽ സ്‌കൂൾ ടീമിനെ വിറപ്പിച്ചാണ്‌ കീഴടങ്ങിയത്‌.  അഞ്ചുവർഷം മുമ്പ് തുടങ്ങിയ സൗജന്യ ഫുട്‌ബോൾ പരിശീലനക്കളരിയാണ്‌ ഇന്ന്‌ രാജ്യത്തെ ഏറ്റവും മികച്ച കുരുന്നുതാരങ്ങളെ സൃഷ്‌ടിക്കുന്ന ടീമാക്കി ചേലേമ്പ്ര സ്‌കൂളിനെ മാറ്റിയത്‌. ഷാബാസ് അഹമ്മദാണ്‌ പ്രധാനതാരം.

തിരിച്ചുവരവിൽ നടക്കാവ്‌
നാലുവർഷം മുമ്പ്‌ കേരളത്തെ പ്രതിനിധീകരിച്ച്‌ സുബ്രതോ കപ്പിൽ കളിച്ചിട്ടുണ്ട്‌ നടക്കാവ്‌ സ്‌കൂളിലെ പെൺകുട്ടികൾ. ചെറിയ ഇടവേളയ്‌ക്കുശേഷമാണ്‌ മികച്ച പ്രകടനവുമായി ടീം ദേശീയ ചാമ്പ്യൻഷിപ്പിന്‌ യോഗ്യത നേടിയത്‌. ഫൗസിയ മാമ്പറ്റയാണ്‌ പരിശീലക. ജാർഖണ്ഡ്‌, ഡൽഹി, ആന്ധ്രാപ്രദേശ്‌ ടീമുകളാണ്‌ നടക്കാവ്‌ സ്‌കൂളിന്റെ ഗ്രൂപ്പിൽ. ദേശീയ സ്‌കൂൾ ഫുട്‌ബോളിൽ അണ്ടർ 17 വിഭാഗത്തിൽ  മൂന്നാംസ്ഥാനം നേടിയ കേരള ടീമിൽ അംഗമായ ഏഴുപേർ ടീമിലുണ്ട്‌.
28ന്‌ രാവിലെ നെടുമ്പാശേരിയിൽനിന്ന്‌ വിമാനത്തിലാണ്‌ ടീം ഡൽഹിക്ക്‌ പോകുക.


പ്രധാന വാർത്തകൾ
 Top