15 September Sunday

കഥ പറയും കളംനിറഞ്ഞ ഓർമകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

ടി.കെ.ചാത്തുണ്ണിയുടെ ആത്മകഥാ പ്രകാശന ചടങ്ങിൽ ഫുട്ബോൾ താരങ്ങളായ ഐഎം വിജയനും ബ്രൂണോ കുട്ടിനോയും ചേർന്ന് മധുരം നൽകുന്നു


തൃശൂർ
ചാലക്കുടി സർക്കാർ സ്കൂളിന്റെ ചരൽ മൈതാനത്ത് പന്തുതട്ടിത്തുടങ്ങിയ ചാത്തുണ്ണി ജർമനിക്കെതിരെ കളിക്കാൻ ഇന്ത്യൻ ടീമിൽ ബൂട്ടണിഞ്ഞത് ചരിത്രം. നാഗ്ജി, ചാക്കോള, സ്റ്റാഫോർഡ്, നെഹ്റു ട്രോഫി തുടങ്ങി  കാൽപ്പന്തിന്റെ കിരീടങ്ങൾ ഒന്നൊന്നായി സ്വന്തമാക്കി ചാത്തുണ്ണി ഗോളടിച്ചുകൊണ്ടേയിരുന്നു. കളിക്കാരനായും പരിശീലകനായും  തിളങ്ങിയ ടി കെ ചാത്തുണ്ണിയുടെ കളിക്കാലത്തിന്റെ കഥ പറയുന്ന ആത്മകഥ ‘ഫുട്ബോൾ മൈ സോൾ'  പ്രകാശനം ചെയ്തു.

 രണ്ടു തലമുറയിലെ ഫുട്‌ബോൾ താരങ്ങളുടെ സംഗമത്തിന്‌ ചടങ്ങ്‌ വേദിയായി. ഗോവയിൽനിന്നുള്ള മുൻ രാജ്യാന്തര ഫുട്ബോൾ താരം  ബ്രൂണോ കുട്ടീനോ പ്രകാശനം നിർവഹിച്ചു.  മലയാളികളുടെ പ്രിയ താരം സി വി പാപ്പച്ചൻ ഏറ്റുവാങ്ങി.   മേയർ അജിത വിജയൻ ഉദ്ഘാടനം ചെയ്തു. കേരളവർമ കോളേജിലെ കായികവകുപ്പ്‌ മേധാവിയായിരുന്ന പ്രൊഫ. എം സി രാധാകൃഷ്ണൻ അധ്യക്ഷനായി.

മുൻ അന്തർദേശീയ താരങ്ങളായ വിക്ടർ മഞ്ഞില, ഐ എം വിജയൻ, ജോ പോൾ അഞ്ചേരി, ഇ എൻ സുധീർ, പി എ ജാഫർ, യു ഷറഫലി, കുരികേശ് മാത്യു, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ, കെ പി സണ്ണി എന്നിവർ സംസാരിച്ചു.   

പട്ടാള ടീമായ ഇഎംഇ സെക്കന്തരാബാദ്, വാസ്കോ ഗോവ, ഓർക്കേ മിൽസ് ബോംബെ തുടങ്ങിയ ക്ലബ്ബുകൾക്കുവേണ്ടി ചാത്തുണ്ണി ജേഴ്സിയണിഞ്ഞിട്ടുണ്ട്‌. സന്തോഷ് ട്രോഫിയിൽ സർവീസസിനും ഗോവ, മഹാരാഷ്ട്ര ടീമുകൾക്കായി ജേഴ്സിയണിഞ്ഞതും പുസ്തകത്തിൽ വിവരിക്കുന്നു.

ഇന്ത്യൻ ടീമംഗമായി മെർദേക്ക കപ്പ് കളിക്കാൻ മലേഷ്യയിൽ പോയതും ജർമനി, റഷ്യ ടീമുകൾക്കെതിരെ കളിച്ചതുമെല്ലാം പുസ്‌തകത്തിലുണ്ട്‌.   1990ൽ തൃശൂരിൽ കേരള പൊലീസിന് ആദ്യമായി ഫെഡറേഷൻ കപ്പ്‌ സമ്മാനിച്ചാണ്‌ പരിശീലകനായുള്ള പടയോട്ടം തുടങ്ങിയത്‌. എംആർഎഫ് ഗോവ, ചർച്ചിൽ ഗോവ, കെഎസ്ഇബി, സാൽഗോക്കർ, മോഹൻ ബഗാൻ, എഫ്സി കൊച്ചിൻ, വിവ കേരള, ഗോൾഡൻ ത്രെഡ്സ്, ജോസ്കോ എഫ്സി, വിവ ചെന്നൈ തുടങ്ങിയ ക്ലബ്ബുകളെ പരിശീലിപ്പിച്ചു.


പ്രധാന വാർത്തകൾ
 Top