23 March Saturday
ഭുവനേശ്വർ ആദ്യ മൂന്ന് ടെസ്റ്റിനില്ല, സാഹയുടെ പരിക്ക് ഗുരുതരം

പരിക്കിൽ വലഞ്ഞ്‌ ഇന്ത്യൻ ടീം

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018ന്യൂഡൽഹി
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ 'പരിക്ക്' വിവാദം. പേസർ ഭുവനേശ്വർ കുമാറിന്റെയും വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെയും പരിക്ക് ഗുരുതരമായത് ഇന്ത്യൻ ടീമിലെ പരിശീലക സംഘത്തിന്റെ അശ്രദ്ധമൂലമെന്നാണ് ആരോപണം. ഇന്ത്യൻ ടീം ഫിസിയോ പാട്രിക് ഫഹ്റാതും ട്രെയ്നർ ശങ്കർ ബസുവുമാണ് സംശയ നിഴലിലുളളത്‌. ഇരുവരുമായി ബിസിസിഐക്ക് അസ്വാരസ്യമുണ്ടായിരുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റിൽ ഭുവനേശ്വർ കുമാർ കളിക്കില്ലെന്ന  ഉറപ്പായതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. ഓരോ പരമ്പരയ്ക്കു മുമ്പിലും ഇന്ത്യൻ ടീമിൽ ശാരീരികക്ഷമതാപരീക്ഷയുണ്ട്, യോ‐യോ ടെസ്റ്റ്. ഏകദിന പരമ്പരയ്ക്കുമുമ്പ് നടന്ന പരീക്ഷയിൽ അമ്പാട്ടി റായുഡു പരാജയപ്പെട്ടു. ടീമിൽ ഇടംനേടാനായില്ല. അതേസമയം പരിക്കുകാരണം വലയുകയായിരുന്ന ഭുവനേശ്വർ ടീമിൽ ഉൾപ്പെടുകയും ചെയ്തു. ഐപിഎൽമുതൽ ഭുവനേശ്വറിന് പരിക്കുണ്ട്. 2014ലെ പരമ്പരയിൽ ഇന്ത്യൻനിരയിൽ ഏറ്റവും മികവുകാട്ടിയത് ഈ പേസ് ബൗളറാണ്. ബാറ്റ്കൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങി. ഈ വർഷത്തെ ടെസ്റ്റ്പരമ്പര കണക്കിലെടുത്ത് ഭുവനേശ്വറിന് വിശ്രമം നൽകിയിരുന്നു. അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിൽ കളിപ്പിച്ചില്ല. ഐപിഎലിനിടെ പുറംവേദന അനുഭവപ്പെട്ട ഈ ഇരുപത്തെട്ടുകാരൻ പൂർണമായും സുഖംപ്രാപിച്ചില്ല.

ഇംഗ്ലണ്ടിനെതിരായ ട്വന്റി 20, ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ അപ്രതീക്ഷിതമായി ഭുവനേശ്വറും ഉൾപ്പെട്ടു. പരിക്കുകാരണം ആദ്യ അഞ്ച് മത്സരങ്ങളിൽ കളിച്ചില്ല. എന്നാൽബോർഡിനെപ്പോലും അമ്പരിപ്പിച്ച് ടീം ഡോക്ടർമാർ മൂന്നാം ഏകദിനത്തിൽ കളിക്കാൻ ഭുവനേശ്വറിന് അനുമതി നൽകി. പരിക്ക് ഗുരുതരമാകുകയും ചെയ്തു.
മറ്റൊരു പേസർ ജസ്പ്രീത് ബുമ്ര നേരത്തെതന്നെ പിന്മാറിയിരുന്നു. വിക്കറ്റ്കീപ്പർ വൃദ്ധിമാൻ സാഹയും പരിക്കുകാരണം ടീമിൽ ഇല്ല. വിരലിനു പരിക്കെന്ന കാരണത്താലാണ് സാഹയെ ഒഴിവാക്കിയത്. എന്നാൽ കളിജീവിതത്തിനുതന്നെ ഭീഷണിയാകുന്ന പരിക്കാണ് സാഹയ്ക്കുള്ളതെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) ഫിസിയോ വെളിപ്പെടുത്തി. തോളിനു പരിക്കുള്ള സാഹയ്ക്ക് ശസ്ത്രക്രിയ വേണ്ടിവരും. ആഗസ്ത് ഒന്നിനാണ് പരമ്പരയ്ക്ക് തുടക്കം. അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ.

ബുമ്രയ്ക്കൊപ്പം ഭുവനേശ്വറും മടങ്ങിയതോടെ ഇന്ത്യയുടെ പേസ് നിര ദുർബലമായി. ടീമിൽ തിരിച്ചെത്തിയ ഷമി മുമ്പ് ശാരീരികക്ഷമതാ പരിശോധനയിൽ പരാജയപ്പെട്ടതാണ്. ഉമേഷ് യാദവ്, ഇശാന്ത് ശർമ, ശർദുൾ താക്കൂർ എന്നിവരാണ് മറ്റ് പേസർമാർ. ഇവർക്കൊപ്പം ഹാർദിക് പാണ്ഡ്യയും ചേരും. ബുമ്ര പരമ്പരയുടെ അവസാനഘട്ടത്തിൽ തിരിച്ചെത്തിയേക്കുമെന്നാണ് സൂചന.

വിക്കറ്റ് കീപ്പർ സാഹ അടുത്തമാസം ആദ്യം ഇംഗ്ലണ്ടിൽ ശസ്ത്രക്രിയ നടത്തും. ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് സാഹയ്ക്ക് പരിക്കേറ്റത്. തുടർന്ന് ഐപിഎലിൽ കളിച്ചു. വിരലിനു പരിക്കേറ്റു. പക്ഷേ, പരിശോധനയിൽ തോളിന് ഗുരുതര പരിക്കുണ്ടെന്ന് തെളിഞ്ഞു. ഇംഗ്ലണ്ടുമായുള്ള പരമ്പരയിൽനിന്ന് ഈ മുപ്പത്തിമൂന്നുകാരനെ ഒഴിവാക്കിയിരുന്നു. ഏറെനാൾ പുറത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. ഓസ്ട്രേലിയയുമായുള്ള ടെസ്റ്റ്പരമ്പരയും സാഹയ്ക്ക് നഷ്ടമാകും. സാഹയ്ക്ക് പകരം യുവതാരം ഋഷഭ് പന്തും ദിനേശ് കാർത്തികുമാണ് വിക്കറ്റ്കീപ്പർമാരായി ടീമിലുള്ളത്.
സാഹയുടെ പരിക്കിനെക്കുറിച്ചും ഇന്ത്യൻ ടീം ഫിസിയോ വ്യക്തമായ വിവരങ്ങൾ നൽകിയിരുന്നില്ല.

പ്രധാന വാർത്തകൾ
 Top