21 July Sunday

മോഹം പൊലിഞ്ഞു ധവാൻ മടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

ലണ്ടൻ
ഓപ്പണർ ശിഖർ ധവാന്റെ ലോകകപ്പ‌് മോഹം പൊലിഞ്ഞു. പരിക്ക‌് ഭേദമാകാത്ത ധവാൻ ഇന്ത്യയുടെ ലോകകപ്പ‌് ടീമിൽനിന്ന‌് പിന്മാറി.   പകരം യുവതാരം ഋഷഭ‌് പന്ത‌് ഇടംപിടിച്ചു. ഒമ്പതിന‌് ഓസ‌്ട്രേലിയയുമായി നടന്ന മത്സരത്തിനിടയിലാണ‌് ധവാന‌് ഇടതു കൈയിൽ പരിക്കേറ്റത‌്. മൂന്നാഴ‌്ച വിശ്രമം വേണ്ടിവരുമെന്ന‌ാണ‌് ബിസിസിഐ ആദ്യം അറിയിച്ചത‌്. തുടർന്ന‌് ബിസിസിഐ മെഡിക്കൽ സംഘം ഈ ഓപ്പണറുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയായിരുന്നു. എന്നാൽ, പരിക്ക‌് പൂർണമായും ഭേദമാകാൻ ഇനിയും സമയം വേണ്ടിവരുമെന്ന‌ാണ‌് സംഘം അറിയിച്ചത‌്. 

‘വിദഗ‌്ധരുടെ അഭിപ്രായമനുസരിച്ച‌് ധവാന്റെ പരിക്ക‌് ഭേദമാകാൻ ജൂലൈ പകുതിയെങ്കിലും കഴിയും. ഈ സാഹചര്യത്തിൽ ധവാനെ ലോകകപ്പ‌് ടീമിൽനിന്ന‌് ഒഴിവാക്കുന്നു’–- ഇന്ത്യൻ ടീം മാനേജർ സുനിൽ സുബ്രമണ്യൻ വ്യക്തമാക്കി.   ധവാന്റെ പിന്മാറ്റം ഇന്ത്യക്ക‌് തിരിച്ചടിയാണ‌്. ഓസീസുമായുള്ള കളിയിൽ ജയമൊരുക്കിയത‌് ഈ ഇടംകൈയനാണ‌്. ഓസീസിനെതിരെ മിന്നുന്ന സെഞ്ചുറി കുറിച്ചു. മത്സരത്തിൽ ഇന്ത്യ 36 റണ്ണിന‌് ജയിച്ചു. ഇന്നിങ‌്സിന്റെ തുടക്കത്തിൽ ഓസീസ‌് പേസർ പാറ്റ‌് കമ്മിൻസിന്റെ ബൗൺസർ കൈയിൽ പതിച്ചാണ‌് ഇന്ത്യൻ ഓപ്പണർക്ക‌് പരിക്കേറ്റത‌്. വേദന വകവയ‌്ക്കാതെ ബാറ്റ‌് ചെയ‌്ത ധവാൻ മിന്നുന്ന സെഞ്ചുറിയും പൂർത്തിയാക്കി. എന്നാൽ, ഫീൽഡ‌് ചെയ്യാനിറങ്ങിയില്ല.

പരിശോധനയിൽ പൊട്ടലുണ്ടെന്ന‌് കണ്ടെത്തിയതോടെ ഇന്ത്യൻ ടീം ആശങ്കയിലായി. ഉടൻ പകരക്കാരെ പ്രഖ്യാപിക്കേണ്ടെന്ന നിലപാടിലായിരുന്നു ടീം മാനേജ‌്മെന്റ‌്. തുടർന്ന‌് ടീം ഡോക്ടർ പാട്രിക‌് ഫർഹാതിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ധവാന്റെ ആരോഗ്യനില നിരീക്ഷിക്കാൻ തുടങ്ങി. ഇതിനിടെ ഋഷഭ‌് പന്തിനെ ഇംഗ്ലണ്ടിലേക്ക‌് വിളിപ്പിച്ചു. ടീമിന്റെ ഭാഗമായിരുന്നില്ല പന്ത‌്. ധവാന്റെ പരിക്ക‌് ഗുരുതരമാണെന്ന‌് സ്ഥിരീകരിച്ചതോടെ പന്തിനെ പകരക്കാരനായി ടീമിലുൾപ്പെടുത്താൻ ബിസിസിഐ ഐസിസിയോട‌് അനുമതി തേടി.

പാകിസ്ഥാനുമായുള്ള കളിയിൽ ധവാന‌ു പകരം ലോകേഷ‌് രാഹുലാണ‌് രോഹിത‌് ശർമയ‌്ക്കൊപ്പം ഇന്നിങ‌്സ‌് ആരംഭിച്ചത‌്. 78 പന്തിൽ 57 റണ്ണെടുത്തു രാഹുൽ.
അവസാന അഞ്ച‌് പ്രധാന ടൂർണമെന്റുകളിൽ (2013 ചാമ്പ്യൻസ‌് ട്രോഫി, 2014 ഏഷ്യാ കപ്പ‌്, 2015 ലോകകപ്പ‌്, 2017 ഏഷ്യാ കപ്പ‌്, 2018 ഏഷ്യാ കപ്പ‌്) ഇന്ത്യയുടെ ഏറ്റവും മികച്ച റൺവേട്ടക്കാരനായിരുന്നു ധവാൻ. ഈ ലോകകപ്പിൽ രണ്ട‌ു കളിയിൽ ഒരു സെഞ്ചുറി ഉൾപ്പെടെ 125 റണ്ണടിച്ചു.


പ്രധാന വാർത്തകൾ
 Top