12 November Tuesday

‌ആദ്യ നാല‌് ആരൊക്കെ?

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

ലണ്ടൻ
ലോകകപ്പ‌് മത്സരങ്ങൾ പകുതി കഴിഞ്ഞപ്പോൾ സെമി സാധ്യതകളുടെ കണക്കെടുപ്പിലാണ‌് ടീമുകൾ. ഇടയ‌്ക്ക‌് പെയ്യുന്ന മഴ പല ടീമുകളുടെയും പ്രതീക്ഷകളെ ബാധിച്ചിട്ടുണ്ട‌്. ഇംഗ്ലണ്ട‌്, ഓസ‌്ട്രേലിയ, ഇന്ത്യ, ന്യൂസിലൻഡ‌് എന്നിവയാണ‌് നിലവിൽ ആദ്യ നാലിൽ. സെമിയിൽ കടക്കാൻ ഏറ്റവും സാധ്യതയുള്ളതും ഈ ടീമുകൾക്കാണ‌്. ബംഗ്ലാദേശ‌്, ശ്രീലങ്ക, വെസ‌്റ്റിൻഡീസ‌്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക ടീമുകൾ സാധ്യതയിലുണ്ട‌്. അഞ്ച‌് കളിയും തോറ്റ അഫ‌്ഗാനിസ്ഥാൻ പുറത്തായി.
ഇംഗ്ലണ്ടാണ‌് നിലവിൽ ഒന്നാമത‌്. അഞ്ച‌് കളിയിൽ എട്ട‌ു പോയിന്റ‌്. ഇത്രതന്നെ പോയിന്റുള്ള ഓസ‌്ട്രേലിയ റൺ വ്യത്യാസത്തിൽ രണ്ടാമത‌് നിൽക്കുന്നു. നാല‌ു കളിയിൽ ഏഴ‌ു പോയിന്റുമായി ന്യൂസിലൻഡ‌് മൂന്നാമത‌്. റൺ വ്യത്യാസത്തിൽ ഇന്ത്യ നാലാമതും.

ഇംഗ്ലണ്ടിന‌് ആദ്യ നാലിലെ മറ്റ‌ു മൂന്ന‌് ടീമുകളുമായും ഏറ്റുമുട്ടണം. നിർണായകമാണ‌് ഇംഗ്ലണ്ടിന‌് ഈ മത്സരങ്ങൾ. മറ്റൊരു മത്സരം ശ്രീലങ്കയുമായാണ‌്. ഓസ‌്ട്രേലിയക്ക‌് ന്യൂസിലൻഡ‌്, ഇംഗ്ലണ്ട‌് ടീമുകളെ നേരിടണം. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ‌് ടീമുകളുമായാണ‌് മറ്റ‌ു മത്സരങ്ങൾ. ന്യൂസിലൻഡിന‌് ശേഷിക്കുന്നതെല്ലാം വലിയ മത്സരങ്ങളാണ‌്. ഇംഗ്ലണ്ട‌്, ഓസീസ‌് ടീമുകളെ കൂടാതെ വെസ‌്റ്റിൻഡ‌ീസുമായും പാകിസ്ഥാനുമായും കിവീസിന‌് കളിക്കണം.

ഇന്ത്യക്ക‌് താരതമ്യേന എ‌ളുപ്പമാണ‌്. അഫ‌്ഗാനിസ്ഥാനുമായാണ‌് അടുത്ത കളി. വെസ‌്റ്റിൻഡീസ‌്, ബംഗ്ലാദേശ‌്, ശ്രീലങ്ക ടീമുകളുമായാണ‌് മറ്റ‌ു മത്സരങ്ങൾ. ഇംഗ്ലണ്ടുമായും കളിയുണ്ട‌്. ഇത‌് നിർണായകമാകും. അഞ്ച‌ു കളിയിൽ അഞ്ച‌ു പോയിന്റുള്ള ബംഗ്ലാദേശ‌് പട്ടികയിൽ അഞ്ചാമതാ‌ണ‌്. ഇതിനകം വിൻഡീസിനെയും ദക്ഷിണാഫ്രിക്കയെയും തോൽപ്പിച്ച ബംഗ്ലാദേശിന‌് ഇനി ദുർബലരായ അഫ‌്ഗാനുമായ‌ി മത്സരമുണ്ട‌്. പാകിസ്ഥാൻ, ഇന്ത്യ, ഓസീസ‌് ടീമുകളാണ‌് മറ്റ‌് എതിരാളികൾ.
ലങ്ക, വിൻഡീസ‌്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക ടീമുകൾക്ക‌് ശേഷിക്കുന്ന മത്സരങ്ങൾ നിർണായകമാണ‌്.

പ്രധാന മത്സരങ്ങൾ

പാകിസ്ഥാൻ–-ദക്ഷിണാഫ്രിക്ക (23)
ഞായറാഴ‌്ച നടക്കുന്ന പാക‌്–-ദക്ഷിണാഫ്രിക്ക മത്സരത്തിൽ തോൽക്കുന്ന ടീം ഏറെക്കുറെ പുറത്താകും. മോശം റൺനിരക്കാണ‌് ഇരുടീമുകൾക്കും തിരിച്ചടിയാകുക. നിലവിൽ ദക്ഷിണാഫ്രിക്ക എട്ടാമതും പാകിസ്ഥാൻ ഒമ്പതാമതുമാണ‌്.

ഓസീസ‌്–-കിവീസ‌് (29)
ഓസീസും കിവീസും നിലവിൽ സുരക്ഷിത നിലയിലാണ‌്. തമ്മിലുള്ള പോരാട്ടത്തിൽ ജയിക്കാനായാൽ ഒന്നാമതോ രണ്ടാമതോ ആകാമെന്ന‌ാണ‌് കണക്കുകൂട്ടൽ.

ഇംഗ്ലണ്ട‌്–-ഇന്ത്യ (30)
ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയ മത്സരം. ഇന്ത്യയും ഇംഗ്ലണ്ടും കിരീട സാധ്യതകളിൽ മുമ്പിലാണ‌്. ഒന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരമായി ഇതു മാറും.

ബംഗ്ലാദേശ‌്–-പാകിസ്ഥാൻ (ജൂലൈ 5)
ബംഗ്ലാദേശിന്റെ സെമി പ്രതീക്ഷകളെ നിലനിർത്തുന്ന മത്സരമാണിത‌്. ജയിക്കാനായാൽ ബംഗ്ലാദേശിന‌് സാധ്യത തെളിയും. മറുവശത്ത‌് പാകിസ്ഥാന‌് മുൻ മത്സരങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും ഈ കളിയിലെ സാധ്യതകൾ.


പ്രധാന വാർത്തകൾ
 Top