22 September Sunday

’92 ആവർത്തിക്കുമോ പാകിസ്ഥാൻ?

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019


ലണ്ടൻ
ഏവരെയും അതിശയിപ്പിച്ചാണ്‌ 1992ൽ ഇമ്രാൻ ഖാന്റെ പാകിസ്ഥാൻപട ലോകകപ്പുയർത്തിയത്‌. ഇരുപത്തിരണ്ടുകാരൻ ഇൻസമാം ഉൾ ഹഖ്‌ ആ ലോകകപ്പിന്റെ കണ്ടെത്തലായി. 27 വർഷങ്ങൾക്കിപ്പുറം മറ്റൊരു ലോകകപ്പെത്തുമ്പോൾ അന്നത്തെ പാക്‌ ടീം ക്യാപ്‌റ്റൻ ഇന്ന്‌ പാകിസ്ഥാന്റെയാകെ നായകനാണ്‌. ഇൻസമാമാകട്ടെ ടീമിന്റെ മുഖ്യ സെലക്ടറും. ഒരുപിടി നല്ല ബാറ്റ്‌സ്‌മാൻമാരും തീതുപ്പുന്ന പന്തേറുകാരുമാണ്‌ എന്നും പാകിസ്ഥാന്റെ കരുത്ത്‌. ഇമ്രാൻ, വസിം അക്രം, വഖാർ യൂനിസ്‌, ഷോയിബ്‌ അക്തർ... അങ്ങനെ നീളുന്ന പേരുകൾ.

രണ്ടാം ലോകകപ്പ്‌ തേടി സർഫ്രാസ്‌ അഹമ്മദിന്റെ നായകമികവിൽ ഇംഗ്ലണ്ടിൽ എത്തുന്ന പാകിസ്ഥാൻ ടീം ആരെയും വെല്ലാൻ പോകുന്നവരാണ്‌. പരിചയസമ്പന്നതയും ചെറുപ്പവും ഒത്തുചേരുന്ന മികവ്‌ തെളിയിച്ച സംഘം. ലോകകപ്പിലേക്ക്‌ മാത്രമായി പാകിസ്ഥാൻ കരുതിവച്ച പേസർമാരാണ്‌ മുഹമ്മദ്‌ ഹസ്‌നൈൻ, ഷഹീൻ അഫ്രീദി എന്നിവർ. ഇരുവർക്കും പ്രായം 19. ഹസ്‌നൈൻ ആകെ കളിച്ചത്‌ നാല്‌ മത്സരങ്ങൾ. അഫ്രീദി 13ഉം.

സർഫ്രാസ്‌ അഹമ്മദ്‌

സർഫ്രാസ്‌ അഹമ്മദ്‌

ലോകകപ്പ്‌ നേട്ടത്തിനുശേഷം ഏകദിന ക്രിക്കറ്റിൽ പാകിസ്ഥാന‌് എടുത്തുപറയാവുന്ന നേട്ടം 2017ൽ ഇന്ത്യയെ മറികടന്ന്‌ ചാമ്പ്യൻസ്‌ ട്രോഫി നേടിയതാണ്‌. 2000ലും 2012ലും ഏഷ്യാ കപ്പും നേടി. കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടറിൽ വീണു ടീം. ചെറിയ കാലംകൊണ്ട്‌ കഴിവു കാട്ടിയ യുവനിരയാണ്‌ പാകിസ്ഥാന്റെ ഊർജം. ബാബർ അസം, ഫഹീം അഷ്‌റഫ്‌, ഇമാം ഉൾ ഹഖ്‌, ഹസൻ അലി, ഷദാബ്‌ ഖാൻ എന്നിവർ മത്സരഗതി മാറ്റാൻ പോന്നവരാണ്‌. കൂട്ടായി നായകനും വിക്കറ്റ്‌ കീപ്പറുമായ സർഫ്രാസ്‌, ഷോയിബ്‌ മാലിക‌് എന്നിവർ അണിനിരക്കും. മുപ്പത്തേഴുകാരനായ മാലിക‌് മധ്യനിരിൽ ബാറ്റ്‌ ചെയ്യും.

ഇടംകൈയൻ സമാൻ വിശ്വസ്‌തനായ ബാറ്റ്‌സ്‌മാനാണ്‌. പാകിസ്ഥാനായി ആദ്യ ഇരട്ടസെഞ്ചുറി നേടിയ സമാൻ ഇമാം ഉൾ ഹഖിനൊപ്പം ഓപ്പണിങ്ങിനിറങ്ങും. ഓൾറൗണ്ടർമാരായി നാലുപേരാണുള്ളത‌്. ഷദാബ്‌ ഖാൻ,  മുഹമ്മദ്‌ ഹഫീസ‌്, ഫഹീം അഷ്‌റഫ‌്, ഇമാദ്‌ വസീം എന്നിവരുടെ പ്രകടനം ഇംഗ്ലണ്ടിലെ പിച്ചുകളിൽ നിർണായകമാകും.

ഇരുപത്തിനാലുകാരനായ ഹസൻ അലിയാണ്‌ ബൗളിങ്‌ നയിക്കുക. ഒപ്പം ജുനൈദ്‌ ഖാനും അഫ്രീദിയും ഹസ്‌നൈനും. പകരക്കാരുടെ നിരയിൽ മുഹമ്മദ‌് അമീറുമുണ്ട‌്. സ്‌പിന്നർമാരായി ഇമാദും ഹഫീസുമെത്തും. മിക്ക മുൻനിര ബാറ്റ‌്സ‌്മാൻമാരെയും പാർട‌്ടൈം ബൗളർമാരായി ഉപയോഗിക്കാൻ പറ്റാവുന്നവരാണ‌്. 31ന‌് വെസ്റ്റിൻഡീസുമായാണ‌് പാകിസ്ഥാന്റെ ആദ്യ മത്സരം.


പ്രധാന വാർത്തകൾ
 Top