21 July Sunday

ഫിഫയുടെ 48ന‌്‌ എതിർപ്പ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 20, 2019


ന്യോൺ
2022ൽ തന്നെ ലോക ഫുട‌്ബോൾ മത്സരത്തിൽ 48 ടീമുകളെ പങ്കെടുപ്പിക്കാനുള്ള ഫിഫയുടെ തീരുമാനം വിവാദത്തിലേക്ക‌്. ടീമുകളുടെ എണ്ണം 2026ലാണ‌് ഉയർത്താനിരുന്നത‌്. അത‌് ധൃതിയോടെ അടുത്ത ലോകകപ്പിൽത്തന്നെ നടപ്പാക്കുന്നതിന‌ു പിന്നിൽ സാമ്പത്തികലക്ഷ്യമാണെന്നാണ‌് ആരോപണം.

ഫിഫ പ്രസിഡന്റ‌് ജിയാനി ഇൻഫാന്റീനോ കഴിഞ്ഞദിവസമാണ‌് 2022ലെ ഖത്തർ ലോകകപ്പിൽത്തന്നെ 48 ടീം കളിച്ചേക്കുമെന്ന‌് അറിയിച്ചത‌്. ഫിഫ നിയോഗിച്ച സാധ്യതാപഠന സമിതിയുടെ റിപ്പോർട്ടനുസരിച്ചാണ‌് ഇൻഫാന്റിനോ ഇക്കാര്യം അറിയിച്ചത‌്. ജൂണിൽ ചേരുന്ന ഫിഫ ജനറൽ ബോഡിയിലാണ‌്‌ അന്തിമതീരുമാനം.
ടീമുകൾ കൂടുമ്പോൾ വേദികളും കൂട്ടേണ്ടിവരും. പുതിയ ഒരു രാജ്യത്തുകൂടി വേദികൾ വേണം. ‌ബഹ‌്റൈൻ, യുഎഇ, സൗദി അറേബ്യ, കുവൈത്ത‌്, ഒമാൻ എന്നീ രാജ്യങ്ങളാണ‌് പരിഗണനയിൽ. ബഹ‌്റൈനും യുഎഇയും സൗദി അറേബ്യയും ഖത്തറുമായി നല്ല ബന്ധത്തിലല്ല. കുവൈത്തോ, ഒമാനോ വേദിയാക്കേണ്ടിവരും.

 

ചുരുങ്ങിയ സമയത്തിനുള്ളിൽ അവിടെ സൗകര്യങ്ങൾ ഒരുക്കുന്നത‌് ക്ലേശകരമാകും. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യാന്തരമത്സരമാണ‌് ലോകകപ്പ‌് ഫുട‌്ബോൾ. സമയബന്ധിതമായി ചിട്ടയോടെ തയ്യാറെടുപ്പുകൾ വേണം. പെട്ടെന്ന‌ു വേദി കണ്ടെത്തി ധൃതിയിൽ ഇത‌് നടപ്പാക്കുന്നതെന്തിന‌് എന്ന ചോദ്യം അവശേഷിക്കുന്നു.
2026ലാണ‌് 48 ടീമുകളായി ഉയർത്താൻ തീരുമാനിച്ചത‌്. യുഎസ‌്എ, മെക‌്സിക്കോ, കനഡ എന്നീ രാജ്യങ്ങൾ സംയുക്തമായാണ‌് 2026ലെ ലോകകപ്പ‌് നടത്തുന്നത‌്.
നിലവിൽ 32 ടീമുകളാണ‌് ലോകകപ്പിൽ. 48 ആകുന്നതോടെ മത്സരങ്ങളുടെ എണ്ണം 64ൽനിന്ന‌് 80 ആകും. എണ്ണം കൂടുന്നത‌് കളിയുടെ നിലവാരം കുറയ‌്ക്കുമെന്ന‌് ആരോപണമുണ്ട‌്. മൂന്ന‌ു ടീമുകളുടെ 16 ഗ്രൂപ്പുകളായാണ‌് പ്രാഥമിക റൗണ്ട‌്. ടീമുകൾ പരസ‌്പരം മത്സരിക്കും. രണ്ട‌ു ടീമുകൾ അടുത്ത റൗണ്ടിൽ കടക്കും. 32 ടീമുകളുടേതാണ‌് ആദ്യ നോക്കൗട്ട‌്.

ഫിഫയിൽ 211 ദേശീയ അസോസിയേഷനുകൾ ഉണ്ടെന്നും വൻകരകൾക്ക‌് മതിയായ പ്രാതിനിധ്യം വേണമെന്നുമാണ‌് ഫിഫയുടെ വാദം. ഫുട‌്ബോൾ ജനപ്രിയമായ രാജ്യങ്ങൾക്ക‌് ഇപ്പോഴും ലോകകപ്പ‌് കളിക്കാനാവുന്നില്ലെന്നും ഫിഫ പറയുന്നു. ഫുട‌്ബോളിന്റെ ആഗോള ജനസമ്മതിക്കനുസരിച്ച‌് ടീമുകളും വേണമെന്നാണ‌് ഫിഫയുടെ നിലപാട‌്.

വരുമാനം മാത്രം കരുതിയാണ‌് ഫിഫ എണ്ണം കൂട്ടുന്നതെന്ന കടുത്ത വിമർശമാണ‌് ഫിഫയ‌്ക്കെതിരെ ഉയരുന്നത‌്. 100 കോടി ഡോളറിന്റെ അധികവരുമാനം അവർക്ക‌് ലഭിക്കുമെന്നാണ‌്‌ ആരോപണം. അതിന‌ുവേണ്ടി ഫിഫ‌ കളിയെ നശിപ്പിക്കുന്നുവെന്ന‌് വിമർശകർ പറയുന്നു.


പ്രധാന വാർത്തകൾ
 Top