തിരുവനന്തപുരം
സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ 2019ലെ മികച്ച കായിക താരങ്ങൾക്കുള്ള ജി വി രാജ പുരസ്കാരം അത്ലീറ്റുകളായ കുഞ്ഞുമുഹമ്മദിനും മയൂഖ ജോണിക്കും ലഭിച്ചു. മൂന്നു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്ന പുരസ്കാരം കായികമന്ത്രി ഇ പി ജയരാജനാണ് പ്രഖ്യാപിച്ചത്. ബാസ്കറ്റ്ബോൾ താരം പി എസ് ജീനയ്ക്ക് ജൂറിയുടെ പ്രത്യേക പരാമർശമുണ്ട്.
ഒളിമ്പ്യൻ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് ബോക്സിങ് പരിശീലകൻ ചന്ദ്രലാൽ അർഹനായി. രണ്ടു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്കാരം. മികച്ച കായിക പരിശീലകനായി വോളിബോൾ പരിശീലകൻ വി അനിൽകുമാറിനെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്കാരം.
ചങ്ങനാശേരി അസംപ്ഷൻ കോളേജിലെ സുജ മേരി ജോർജാണ് കോളേജുതലത്തിൽ മികച്ച കായിക അധ്യാപിക. മികച്ച കായിക നേട്ടം കൈവരിച്ച കോളേജായി കണ്ണൂർ എസ് എൻ കോളേജിനെയും സ്കൂളായി പാലക്കാട് ജില്ലയിലെ മാത്തൂർ സിഎഫ്ഡിഎച്ച്എസിനെയും തെരഞ്ഞെടുത്തു. കോളേജുതലത്തിൽ മികച്ച സ്പോർട്സ് ഹോസ്റ്റൽ താരങ്ങളായി പി എസ് അനിരുദ്ധനും പി ഒ സയനയും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച സ്പോർട്സ് ജേർണലിസ്റ്റായി അച്ചടിമാധ്യമത്തിൽനിന്ന് മാതൃഭൂമിയിലെ സിറാജ് കാസിമും ദൃശ്യമാധ്യമത്തിൽനിന്ന് മനോരമ ന്യൂസിലെ അനൂബ് ശ്രീധരനും തെരഞ്ഞെടുക്കപ്പെട്ടു. സ്പോർട്സ് പുസ്തകമായി പ്രകാശ് താമരക്കാട്ട് രചിച്ച ‘കായികരംഗത്തെ പ്രതിഭകളുടെ ജീവിത കഥകൾ' അർഹതനേടി.
കെ എസ് പ്രവീൺകുമാറിന്
ജി വി രാജ പുരസ്കാരം
സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ 2019ലെ മികച്ച മാധ്യമ ഫോട്ടോഗ്രാഫറായി ദേശാഭിമാനിയിലെ കെ എസ് പ്രവീൺകുമാറിനെ തെരഞ്ഞെടുത്തു. ഗുണ്ടൂരിൽ നടന്ന ദേശീയ ജൂനിയർ മീറ്റിൽ പെൺകുട്ടികളുടെ ട്രിപ്പിൾജമ്പിൽ കേരളത്തിന്റെ അനുമാത്യു സ്വർണം നേടുന്ന ഫോട്ടോയ്ക്കാണ് 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം.
തൃശൂർ യൂണിറ്റിൽ ചീഫ് ഫോട്ടോഗ്രാഫറാണ്. 1998ൽ ദേശാഭിമാനിയിൽ ചേർന്നു. കോഴിക്കോട് ജില്ലയിലെ മേപ്പയൂർ പരേതനായ കെ കെ കുഞ്ഞിക്കണ്ണൻ മാസ്റ്ററുടേയും എ എ സുപ്രഭ ടീച്ചറുടേയും (മേപ്പയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്) മകനാണ്. ഡോ. രത്നകുമാരിയാണ് (മെഡിക്കൽ ഓഫീസർ, ജില്ലാ ഹോമിയോ ആശുപത്രി, കോഴിക്കോട്) ഭാര്യ. പാർവതി, അശ്വതി ആർ പ്രവീൺ എന്നിവർ മക്കളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..