05 April Sunday

പ്രതിരോധപ്പൂട്ടിൽ പിടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

ലിവർപൂളിനെതിരെ ഗോൾ നേടിയ അത്‌ലറ്റികോയുെട സോൾ നിഗേസിന്റെ ആഹ്ലാദം. അൽവാരോ മൊറാട്ട സമീപം


മാഡ്രിഡ്‌
ഒടുവിൽ ലിവർപൂൾ താഴെയിറങ്ങി. തോൽവി അറിഞ്ഞു. മാഡ്രിഡിലെ വാണ്ട മെട്രോപൊളീറ്റാന സ്‌റ്റേഡിയത്തിൽ ദ്യേഗോ സിമിയോണിയൊരുക്കിയ പ്രതിരോധപ്പൂട്ടിൽ ചാമ്പ്യൻമാർ ഞെരിഞ്ഞമർന്നു.ചാമ്പ്യൻസ്‌ ലീഗ്‌ ആദ്യപാദ പ്രീ ക്വാർട്ടറിൽ ഒരു ഗോളിനാണ്‌ സിമിയോണിയുടെ അത്‌ലറ്റികോ മാഡ്രിഡ്‌ ലിവർപൂളിനെ വീഴ്‌ത്തിയത്‌. കളിയുടെ തുടക്കത്തിൽ സോൾ നിഗേസ്‌ അത്‌ലറ്റികോയുടെ ഗോൾ നേടി.

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ തോൽവിയറിയാതെ കുതിക്കുന്ന യുർഗൻ ക്ലോപ്പിനും സംഘത്തിനും മാഡ്രിഡിൽ കഠിന പരീക്ഷണമായിരുന്നു. മുഹമ്മദ്‌ സലായും സാദിയോ മാനെയും റോബർട്ടോ ഫിർമിനോയും ഉൾപ്പെട്ട ലിവർപൂൾ ആക്രമണനിര ലക്ഷ്യത്തിലേക്ക്‌ ഒരു ഷോട്ട്‌ പോലും പായിക്കാനാകാതെ പതറിപ്പോയി. ആദ്യപാദത്തിൽ തോറ്റ്‌ രണ്ടാംപാദത്തിൽ വമ്പൻ തിരിച്ചുവരവ്‌ നടത്തിയതിന്റെ ചരിത്രമുള്ള ലിവർപൂളിന്‌ ഇക്കുറി ആശങ്കയുണ്ട്‌. അത്‌ലറ്റികോയുടെ കീഴടങ്ങാത്ത ഈ പ്രതിരോധം തന്നെയാണ്‌ അതിനുള്ള കാരണം.

സ്‌പാനിഷ്‌ ലീഗിൽ സ്ഥിരതയുള്ള പ്രകടനം പുറത്തെടുക്കാൻ കഴിയാതെ വിഷമിക്കുന്ന അത്‌ലറ്റികോ ലിവർപൂളിനെതിരെ കരുത്തുകാട്ടി. പഴയ ഊർജം തിരിച്ചുകിട്ടിയ പോലെയായിരുന്നു അവരുടെ പ്രകടനം. കോർണർ കിക്കിൽ തട്ടിത്തെറിച്ചായിരുന്നു അത്‌ലറ്റികോയുടെ ഗോൾ. തെറിച്ചുവീണ പന്ത്‌ അടിച്ചൊഴിവാക്കാൻ ലിവർപൂൾ പ്രതിരോധത്തിന്‌ കഴിഞ്ഞില്ല. തക്കം മുതലാക്കി നിഗേസ്‌ പന്ത്‌ വലയിലേക്ക്‌ പായിച്ചു. ലീഡ്‌ നേടിയ അത്‌ലറ്റികോ പിന്നെ കൂട്ടത്തോടെ പിൻവലിഞ്ഞു. ലിവർപൂളിന്റെ ഇരുപാർശ്വങ്ങളിലൂടെയുള്ള മുന്നേറ്റങ്ങളുടെ മുനയൊടിച്ചു. അവരുടെ ക്രോസുകൾ ചിതറിപ്പോയി. അവസാന നിമിഷംവരെ അത്‌ലറ്റികോ പ്രതിരോധം ഒരു തരിപോലും വിട്ടുനൽകിയില്ല.


പ്രധാന വാർത്തകൾ
 Top