26 February Wednesday

ഇന്ത്യ മാത്രം ; ഏകദിന ക്രിക്കറ്റ്‌ പരമ്പര സ്വന്തമാക്കി

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലിയും രോഹിത്‌ ശർമയും

ബംഗളൂരു
ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ഇന്ത്യ മാത്രം. പരമ്പര മോഹവുമായെത്തിയ ഓസ്‌ട്രേലിയയെ ഏഴ്‌ വിക്കറ്റിന്‌ തുരത്തി വിരാട്‌ കോഹ്‌ലിയും സംഘവും വിജയഗാഥ തുടർന്നു. ഓസീസ്‌ ഉയർത്തിയ 287 റൺ വിജയലക്ഷ്യം 15 പന്തുകൾ ബാക്കിനിൽക്കേ ഇന്ത്യ മറികടന്നു. മൂന്ന്‌ മത്സര ഏകദിന ക്രിക്കറ്റ്‌ പരമ്പര 2–-1ന്‌ സ്വന്തമാക്കി. ആദ്യ കളിയിൽ പത്ത്‌ വിക്കറ്റിന്‌ കീഴടങ്ങിയതിന്‌ പിന്നാലെയാണ്‌ തിരിച്ചുവരവ്‌.ഉജ്വല സെഞ്ചുറി കുറിച്ച രോഹിത്‌ ശർമയും (128 പന്തിൽ 119) കോഹ്‌ലിയും (91 പന്തിൽ 89) ജയത്തിലേക്ക്‌ നയിച്ചു. ശ്രേയസ്‌ അയ്യർ (33 പന്തിൽ 44*) അവസാനിപ്പിച്ചു. സ്‌കോർ: ഓസീസ്‌ 9–-286 ഇന്ത്യ 3–-289 (47.3).

സ്‌റ്റീവ്‌ സ്‌മിത്തിന്റെ (131) സെഞ്ചുറി കരുത്തിൽ ഓസീസ്‌ ഉയർത്തിയ വിജയലക്ഷ്യം ഇന്ത്യ അനായാസം പിന്തുടർന്നു. കളിയുടെ എല്ലാ മേഖലയിലും ഇന്ത്യക്കായിരുന്നു ആധിപത്യം. ഫീൽഡിങ്ങിനിടെ പരിക്കേറ്റ ഓപ്പണർ ശിഖർ ധവാൻ പുറത്തിരുന്നതൊന്നും ഇന്ത്യയെ ബാധിച്ചില്ല. ലോകേഷ്‌ രാഹുൽ (19) മടങ്ങിയതിന്‌ പിന്നാലെ ഒത്തുചേർന്ന രോഹിത്‌–-കോഹ്‌ലി കൂട്ടുകെട്ട്‌ ജയത്തിന്‌ അടിത്തറയിട്ടു. രണ്ടാം വിക്കറ്റിൽ 137 റൺ പിറന്നു. ആറ്‌ സിക്‌സറും എട്ട്‌ ബൗണ്ടറിയും സഹിതമാണ്‌ രോഹിത്‌ 119 റൺ കുറിച്ചത്‌. കോഹ്‌ലി എട്ട്‌ ബൗണ്ടറി നേടി.

തുടക്കവും ഒടുക്കവും തകർച്ചയായിരുന്നു ഓസീസിന്റേത്‌. 46 റണ്ണെടുക്കുന്നതിനിടെ ഓപ്പണർമാർ മടങ്ങി. ഡേവിഡ്‌ വാർണറെ (3) മുഹമ്മദ്‌ ഷമി രാഹുലിന്റെ കൈകളിലെത്തിച്ചു. ആരോൺ ഫിഞ്ചാകട്ടെ (19) സ്‌മിത്തുമായുള്ള ആശയക്കുഴപ്പത്തിൽ റണ്ണൗട്ടായി. മാർണസ്‌ ലബുഷെയ്‌നെ (54)  കൂട്ടുപിടിച്ച്‌ സ്‌മിത്ത്‌ ഓസീസിനെ കരകയറ്റി. മൂന്നാം വിക്കറ്റിൽ 127 റൺ ചേർത്തു. 51 റണ്ണെടുക്കുന്നതിനിടെ ആറ്‌ വിക്കറ്റുകൾ ഓസീസിന്‌ നഷ്ടമായി. ഷമി നാല്‌ വിക്കറ്റ്‌ നേടി.

രോഹിത്‌ 9,000*
ബംഗളൂരു
ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ 9,000 റൺ തികയ്‌ക്കുന്ന മൂന്നാമനായി രോഹിത്‌ ശർമ. ഓസ്‌ട്രേലിയക്കെതിരെ നാല്‌ റൺ നേടിയതോടെയാണ്‌ ഒമ്പതിനായിരത്തിലെത്തിയത്‌. 217 ഇന്നിങ്‌സുകളിൽനിന്നാണ്‌ നേട്ടം. വിരാട്‌ കോഹ്‌ലിയാണ്‌ ഒന്നാമത്‌. 194 ഇന്നിങ്‌സിൽ ഇന്ത്യൻ നായകൻ 9,000 കടന്നു. എ ബി ഡി വില്ലിയേഴ്‌സാണ്‌ രണ്ടാമത്‌ (208).

29–-ാം സെഞ്ചുറിയാണ്‌ രോഹിത്‌ നേടിയത്‌. സെഞ്ചുറിയിൽ സച്ചിനും (49) കോഹ്‌ലിക്കും (43) റിക്കി പോണ്ടിങ്ങിനും (30) പിന്നിൽ നാലാമതാണ്‌. ഓസ്‌ട്രേലിയക്കെതിരെ  എട്ടാമത്തെ സെഞ്ചുറിയാണ്‌.

 


പ്രധാന വാർത്തകൾ
 Top