29 February Saturday

ദാനഗോളിൽ വീണു

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

ജംഷഡ്‌പുരിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഓഗ്‌ബെച്ചെയുടെ മുന്നേറ്റം


ജംഷഡ്‌പുർ
രണ്ട്‌ പിഴവുകൾക്ക്‌ കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ നൽകേണ്ടിവന്ന വില തോൽവിയായിരുന്നു. ഐഎസ്‌എൽ ഫുട്‌ബോളിൽ ജംഷഡ്‌പുരിനോട്‌ 2–-3ന്‌ തോറ്റു. ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യംകണ്ട റാഫേൽ മെസി ബൗളിയുടെയും ബർതലോമേവ്‌ ഒഗ്‌ബെച്ചെയുടെയും പിഴവുകളിലൂടെ ജംഷഡ്‌പുർ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ പ്രതിരോധക്കാരൻ അബ്‌ദുൽ ഹക്കു ചുവപ്പ്‌ കാർഡ്‌ കണ്ട്‌ മടങ്ങിയതും വിനയായി. തോൽവി കേരള ടീമിനെ പട്ടികയിൽ എട്ടാമതാക്കി. 13 കളികളിൽ 14 പോയിന്റ്‌. പ്ലേ ഓഫ്‌ വാതിലുകൾ അടയുകയാണ്‌. ജംഷഡ്‌പുർ ആറാമതാണ്‌.

തുടർജയങ്ങളുടെ ആത്മവിശ്വാസത്തിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്‌. അവസാന കളികളിൽ ഹൈദരാബാദിനെയും എടികെയെയും തോൽപ്പിച്ചതിന്റെ വീര്യവുമായി എൽകോ ഷട്ടോരിയുടെ ടീം കളത്തിലെത്തി. മധ്യനിരയിൽ സെയ്‌ത്യാ സെൻസിങ്ങിനുപകരം സഹൽ അബ്ദുൽ സമദുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ എത്തിയത്‌. ജംഷഡ്പൂർ പ്രതിരോധത്തിന്റെയും ഗോളി സുബ്രതോ പാലിന്റെയും പിഴവ് മുതലെടുത്തായിരുന്നു ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയത്.  പ്രതിരോധക്കാരൻ നീട്ടിനൽകിയ പന്ത്‌ സുബ്രതോ നഷ്ടപ്പെടുത്തി. മെസി ഓടിയെത്തി.  ഉന്നം തെറ്റിയില്ല. ഇതിനിടെ, പരിക്കേറ്റ്‌ ടിരി മടങ്ങിയത്‌ ജംഷഡ്‌പുരിനെ തളർത്തി. അറിതർ മോണോറോയുമായുള്ള നീക്കത്തിനൊടുവിൽ  നോയെ അകോസ്റ്റ ജംഷഡ്‌പുരിനെ ഒപ്പമെത്തിച്ചു.

ഇടവേളയ്ക്ക്‌ പിന്നാലെ രണ്ടാം മഞ്ഞക്കാർഡ് കണ്ട് ഹക്കു പുറത്തായതോടെ ബ്ലാസ്‌റ്റേഴ്‌സ്‌ പത്തുപേരായി ചുരുങ്ങി. ബ്ലാസ്‌റ്റേഴ്‌സ്‌ തളർന്നില്ല. ജെസ്സെൽ കർണെയ്‌റോ നൽകിയ ക്രോസിൽ തലവച്ച്‌ നായകൻ ഓഗ്‌ബെച്ചെ ടീമിനെ വീണ്ടും മുന്നിലെത്തിച്ചു. പിന്നീടായിരുന്നു പിഴവുകൾ. ആദ്യം മെസി. ബോക്‌സിൽ ഉയർന്നുവന്ന പന്ത്‌ മുന്നേറ്റക്കാരന്റെ കൈകളിൽ തൊട്ടു. പെനൽറ്റി എടുത്ത സെർജിയോ കാസ്‌റ്റെൽ കൃത്യമായി വല കണ്ടു. ഇതിനിടയിൽ റഫറിക്കെതിരെ ക്ഷോഭിച്ച ഷട്ടോരിക്ക്‌ കാർഡ്‌ ലഭിച്ചു. 86–-ാം മിനിറ്റിൽ ബോക്‌സിന്‌ മുന്നിൽ വന്ന്‌ പന്ത്‌ പ്രതിരോധിച്ച ഓഗ്‌ബെച്ചെയ്‌ക്ക്‌ പിഴച്ചു. പന്ത്‌ കാലിൽ തട്ടി വലയിലായി. ജംഷഡ്‌പുർ ആഘോഷിച്ചു.
25ന്‌ ഗോവയ്‌ക്കെതിരെയാണ്‌ അടുത്ത മത്സരം.


പ്രധാന വാർത്തകൾ
 Top