18 February Monday

ഇനി ന്യൂസിലൻഡ‌് ; മുന്നിൽ ലോകകപ്പ‌്

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019


മെൽബൺ
ഓസ‌്ട്രേലിയയെ കീഴടക്കി, ഇനി ന്യൂസിലൻഡ‌്. അത‌് കഴിഞ്ഞ‌് വീണ്ടും ഓസ‌്ട്രേലിയ. നാല‌് മാസങ്ങൾക്കുശേഷം നടക്കുന്ന ഏകദിന ലോകകപ്പിലേക്കുള്ള അവസാന തയ്യാറെടുപ്പ‌് തുടങ്ങി ഇന്ത്യൻ ടീം. ലോകകപ്പിന‌് മുമ്പ‌് 10 മത്സരങ്ങളാണ‌് ഇന്ത്യക്ക‌്. ശക്തി ദൗർബല്യങ്ങൾ കൃത്യമായി തിരിച്ചറിയാനും അനുയോജ്യമായ ടീം ഘടനയുണ്ടാക്കാനുമുളള സമയം. അഞ്ച‌് കളി ന്യൂസിലൻഡുമായാണ‌്. ശേഷം അഞ്ച‌് മത്സര പരമ്പരയ‌്ക്കായി ഓസീസ‌് ഇന്ത്യയിലെത്തും.

ന്യൂസിലൻഡിനെതിരെ ജനുവരി 23 മുതൽ ഫെബ്രുവരി മൂന്നുവരെ അവരുടെ നാട്ടിലാണ‌് പരമ്പര. അഞ്ച‌് മത്സരങ്ങൾ. ഇന്ത്യയിലെത്തുന്ന ഓസ‌്ട്രേലിയയുമായി ഫെബ്രവരി 24 മുതൽ മാർച്ച‌് എട്ടുവരെ കളിക്കും. ഇതിലും അഞ്ച‌് മത്സരങ്ങളാണ‌്. ഓസ‌്ട്രേലിയയിലെ ഏകദിന പരമ്പരയ‌്ക്ക‌് പിന്നാലെ വിദേശ പിച്ചിലാണ‌് ടീം അടുത്ത പരമ്പരയ‌്ക്കും ഇറങ്ങുന്നത‌്. ലോകകപ്പ‌് വേദിയായ ഇംഗ്ലണ്ടിലെ പിച്ചുകൾക്ക‌് സമാനമാണ‌് ന്യൂസിലൻഡിലെയും പിച്ചുകൾ. പേസർമാരെ തുണയ‌്ക്കുന്നത‌്. ശ്രീലങ്കയുമായി അവസാനം നടന്ന പരമ്പരയിൽ ന്യൂസിലൻഡിലെ പിച്ചുകൾ പക്ഷേ, ബാറ്റിങ്ങിനെ പിന്തുണയ‌്ക്കുന്നതായിരുന്നു. 

വിദേശ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും കൂടുതൽ കളികളിലൂടെ ബാറ്റ‌്സ‌്മാൻമാരെയും ബൗളർമാരെയും സജ്ജരാക്കാനുമാണ‌് ടീം മാനേജ‌്മെന്റ‌് വിദേശത്തെയും നാട്ടിലെയും പരമ്പരക‌ളിലൂടെ ലക്ഷ്യമിടുന്നത‌്.ഇംഗ്ലണ്ടിലേക്കുള്ള ടീമിന്റെ ഘടനയും ഈ രണ്ട‌് ടൂർണമെന്റുകളോടെ വ്യക്തമാകും. ലോകകപ്പിനുള്ള പരീക്ഷണം ഓസീസിനെതിരായ പരമ്പരയിലും കണ്ടു. ബാറ്റിങ‌് നിരയിലാണ‌് കൂടുതൽ പരീക്ഷണം. നാലാം നമ്പറിൽ ആരെ കളിപ്പിക്കുമെന്നതിൽ ആശങ്കയുണ്ടായിരുന്നു. എന്നാൽ ഓസ‌്ട്രേലിയൻ പര്യടനത്തിലെ മഹേന്ദ്ര സിങ‌് ധോണിയുടെ പ്രകടനം താൽക്കാലികമായി ആ പ്രശ‌്നത്തിനുള്ള പരിഹാരമായി.

അജിൻക്യ രഹാനെ, കേദാർ ജാദവ‌്, മനീഷ‌് പാണ്ഡെ, ദിനേശ‌് കാർത്തിക‌്, ഋഷഭ‌് പന്ത‌്, ലോകേഷ‌് രാഹുൽ, അമ്പാട്ടി റായുഡു, മഹേന്ദ്ര സിങ‌് ധോണി എന്നിങ്ങനെ നിരവധി കളിക്കാരെയാ‌ണ‌് കഴിഞ്ഞ വർഷങ്ങളിൽ ടീം നാലാം സ്ഥാനത്ത‌് മാറി മാറി കളിപ്പിച്ചത‌്. ഓസ‌്ട്രേലിയക്കെതിരായ അവസാന കളിയിൽ നാലാമനായി ഇറങ്ങി ടീമിനെ വിജയിപ്പിച്ച ധോണിയാകും ഇംഗ്ലണ്ടിൽ ഇന്ത്യയുടെ നാലാം നമ്പറിൽ കളിക്കുക. പ്രതിസന്ധിഘട്ടങ്ങളിൽ പതറാതെ ബാറ്റ‌് വീശുന്നതും പരിചയസമ്പന്നതയും ധോണിക്ക‌് മുതൽക്കൂട്ടാണ‌്.
ശിഖർ ധവാൻ-- -- രോഹിത‌് ശർമ സഖ്യം തന്നെയാകും ഓപ്പണിങ്ങിൽ.  ക്യാപ‌്റ്റൻ വിരാട‌് കോഹ‌്‌ലി മൂന്നാമനായും ധോണി നാലാമനും. പിന്നാലെ അഞ്ചാം നമ്പറിൽ കേദാർ ജാദവിനാണ‌് കൂടുതൽ സാധ്യത. അത്യാവശ്യ ഘട്ടങ്ങളിൽ പന്തെറിയാൻ കഴിയുമെന്നതും കേദാറിന‌് ഗുണം ചെയ്യും. വിലക്കിലുള്ള ഓൾ റൗണ്ടർ ഹാർദിക‌് പാണ്ഡ്യ അടുത്ത പരമ്പരയോടെ തിരിച്ചെത്താനാണ‌് സാധ്യത. പാണ്ഡ്യ ഇന്ത്യയുടെ ലോകകപ്പ‌് പദ്ധതികളിൽ സജീവമായുണ്ട‌്.

ബൗളിങ്ങിൽ പേസ‌്  വിഭാഗത്തിനെ നയിക്കുക ജസ‌്പ്രീത‌് ബുമ്രയും ഭുവനേശ്വർ കുമാറുമാകും. മൂന്നാം പേസറായി മുഹമ്മദ‌് ഷമിക്കാണ‌് കൂടുതൽ സാധ്യത. ഓസീസിനെതിരെ ഷമി നല്ല രീതിയിൽ പന്തെറിഞ്ഞു. മുഹമ്മദ‌് സിറാജ‌്, ഖലീൽ അഹമ്മദ‌്, ഉമേഷ‌് യാദവ‌് എന്നിവരും അവസരം കാത്തിരിക്കുന്നുണ്ട‌്. കുൽദീപ‌് യാദവും യുശ‌്‌വേന്ദ്ര ചഹാലും സ‌്പിന്നർമാരായി ടീമിലുണ്ടാകും. രവീന്ദ്ര ജഡേജയുടെ കാര്യത്തിൽ ഉറപ്പില്ല. വരും മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ജഡേജയുടെ ഭാവി.
രഹാനെ, പന്ത‌്, ശ്രേയസ‌് അയ്യർ, ഹനുമ വിഹാരി എന്നിവരെ ഇംഗ്ലണ്ട‌് ലയൺസുമായി നടക്കുന്ന ഏകദിന മത്സരങ്ങളിലേക്ക‌് തെരഞ്ഞെടുത്തിട്ടുണ്ട‌്. ഇവർക്കും നിർണായകമാണ‌് ഇനിയുള്ള ദിനങ്ങൾ.മെയ‌് 30നാണ‌് ലോകകപ്പ‌് തുടങ്ങുന്ന‌ത‌്.


പ്രധാന വാർത്തകൾ
 Top