19 March Tuesday

കേരളം പൊരുതിനേടി

പി ആർ ചന്തുകിരൺUpdated: Wednesday Dec 19, 2018

ദേശീയ സ്‌കൂൾ ജൂനിയർ അത്‌‌ലറ്റിക്‌സ്‌ ചാമ്പ്യൻമാരായ കേരള ടീം

ന്യൂഡൽഹി
അവസാനദിവസം ഉശിരോടെ പോരാടി കേരളം ദേശീയ കൗമാര കായികമേളയിൽ കിരീടമുയർത്തി. 115 പോയിന്റുകളോടെയാണ‌് ദേശീയ സ‌്കൂൾ ജൂനിയർ അത‌്‌ലറ്റിക‌്സിൽ കേരളം 20–-ാം തവണയും ചാമ്പ്യൻമാരായത‌്. 109 പോയിന്റുമായി തമിഴ‌്നാട‌് രണ്ടാമതെത്തി. 
അവസാനദിനം റിലേയിൽ ഉൾപ്പെടെ മൂന്നു സ്വർണവും ഒരു വെള്ളിയും നാല‌ു വെങ്കലവുമാണ‌് കേരളം അക്കൗണ്ടിലാക്കിയത‌്. അഞ്ച‌ു സ്വർണവും എട്ട‌ു വെള്ളിയും അഞ്ച‌ു വെങ്കലവുമുൾപ്പെടെ 18 മെഡലാണ‌് ആകെ സമ്പാദ്യം.

103 പോയിന്റ‌് നേടിയ ഹരിയാനയാണ‌് മൂന്നാമത‌്. പെൺകരുത്തിൽ നേടിയ 75.5 പോയിന്റോടെയാണ‌് കേരളം 115 പോയിന്റ‌്നേടി ഒന്നാമതെത്തിയത‌്. ആൺകുട്ടികളുടെ വിഭാഗത്തിൽ 39.5 പോയിന്റുമായി കേരളം അഞ്ചാമതാണ‌്. പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാമതുള്ള മഹാരാഷ്ട്രയ‌്ക്ക‌് 65 പോയിന്റ്. തമിഴ്നാട് 54.5 പോയിന്റോടെ മൂന്നാമതാണ‌്. ആൺകുട്ടികളുടെ വിഭാഗത്തിൽ ഹരിയാനയാണ് ഒന്നാമത്–- 62 പോയിന്റ്. ഡൽഹി 57 പോയിന്റോടെ രണ്ടാമതും തമിഴ്നാട് 54.5 പോയിന്റോടെ മൂന്നാമതും.

ഡൽഹിയിലെ തണുപ്പിൽ കിതച്ചുപോയ കേരളം അവസാനഘട്ടത്തിൽ ജ്വലിച്ചുയർന്നു. പെൺകുട്ടികളുടെ 4--400 മീറ്റർ റിലേയിൽ മിന്നുന്ന പ്രകടനം നടത്തി. 400 മീറ്റർ ആൺ, പെൺ വിഭാഗങ്ങളിൽ സി ആർ അബ്ദുൾറസാഖ്, എ എസ് സാന്ദ്ര എന്നിവർ സ്വർണം കരസ്ഥമാക്കി.  സ്വർണം നേടിയ റിലേ ടീമിലും ഉൾപ്പെട്ട എ എസ് സാന്ദ്ര മൂന്നു മെഡൽ സ്വന്തമാക്കി.

പെൺകുട്ടികളുടെ 400 മീറ്ററിൽ 56.07 സെക്കൻഡ് സമയത്തിൽ മത്സരം പൂർത്തിയാക്കിയാണ‌് തേവര എസ്എച്ച് സ്കൂളിലെ വിദ്യാർഥിനി സാന്ദ്ര സ്വർണം നേടിയത‌്. കേരളത്തിന്റെതന്നെ ഗൗരി നന്ദന 57.07 സെക്കൻഡ് സമയത്തിൽ മൂന്നാംസ്ഥാനം നേടി. 48.64 സെക്കൻഡ് സമയത്തിൽ 400 മീറ്റർ പൂർത്തിയാക്കിയാണ‌് പാലക്കാട് മാത്തൂർ സിഎഫ്ഡി സ്കൂളിലെ പത്താം ക്ലാസുകാരൻ അബ്ദുൾ റസാഖ് സ്വർണം നേടിയത്. കർണാടകയുടെ മലയാളിതാരം റിൻസ് ജോസഫാണ‌് (48.67 സെക്കൻഡ്) രണ്ടാമൻ. 4–100 മീറ്റർ ആൺകുട്ടികളുടെ റിലേയിൽ ബാറ്റൺ കൈമാറുന്നത‌് പിഴച്ചതോടെ കേരളത്തിന‌് ഫിനിഷിങ‌് ലൈൻ കടക്കാനായില്ല. 4–400 മീറ്റർ റിലേയിൽ മലപ്പുറം ഐഡിയൽ പബ്ലിക് സ്കൂളിലെ ലിഗ്‌ന, ഗൗരിനന്ദന, പ്രസ‌്കില്ല ഡാനിയൽ, എ എസ് സാന്ദ്ര എന്നിവർ ഉൾപ്പെട്ട ടീം ഗംഭീര മത്സരത്തിൽ സ്വർണംനേടി.

ആൺകുട്ടികളുടെ വിഭാഗത്തിൽ ഡെന്നിത്ത് പോൾ ബിജു, ബി ബിനോയ്, ജയദേവൻ, അബ്ദുൾ റസാഖ് എന്നിവർ ഉൾപ്പെട്ട ടീം വെങ്കലവും നേടി. പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ ഭരണങ്ങാനം എസ്‌എച്ച്‌ എച്ച്‌എസ്‌എസ്‌ ആൻറോസ് ടോമി 14.82 സെക്കൻഡിൽ മൂന്നാമതെത്തി.  ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ  കോതമംഗലം സെന്റ് ജോർജ് സ്കൂൾ വിദ്യാർഥി വി കെ മുഹമ്മദ് ലസാൻ വെള്ളി (14.48 സെക്കൻഡ്) സ്വന്തമാക്കി. പാലക്കാട് ബിഎംഎച്ച‌്എസ്എസ് വിദ്യാർഥി ആർ കെ സൂര്യജിത്ത് (14.63 സെക്കൻഡ്) മൂന്നാംസ്ഥാനത്തായി.

കേരളാ ടീമിനെ കായികമന്ത്രി അഭിനന്ദിച്ചു
തിരുവനന്തപുരം
ദേശീയ ജൂനിയർ സ്കൂൾ അ‌ത‌്‌ലറ്റിക‌് മീറ്റിൽ കിരീടം ചൂടിയ കേരളാ ടീമിനെ കായികമന്ത്രി ഇ പി ജയരാജൻ അഭിനന്ദിച്ചു. പ്രതികൂല കാലാവസ്ഥ അതിജീവിച്ച് കിരീടം നേടിയ ടീമിന്റെ പ്രകടനം അഭിമാനകരമാണ്. ഇന്ത്യൻ അത‌്‌ലറ്റിക‌്സ‌് രംഗത്ത് കേരളം തുടരുന്ന മേൽക്കോയ്മയ്ക്ക് ഏറ്റവും പുതിയ ഉദാഹരണമാണ് ഈ വിജയം. ടീമംഗങ്ങൾക്ക് കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് മന്ത്രി ആശംസിച്ചു.


പ്രധാന വാർത്തകൾ
 Top