25 January Tuesday

ഐഎസ്‌എൽ: ആദ്യ മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സിന്‌ തോൽവി; ഉന്നംതെറ്റി തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Nov 19, 2021

photo credit:Twitter/@atkmohunbaganfc

ഫത്തോർദ > സഹൽ അബ്ദുൾ സമദിന്റെ തകർപ്പൻ ഗോളിൽമാത്രം ആദ്യകളി കേരള ബ്ലാസ്റ്റേഴ്സിന് ഓർക്കാം. ഐഎസ്എല്ലിന്റെ പുതിയ സീസണിന്റെ തുടക്കം മികച്ചതായില്ല ബ്ലാസ്റ്റേഴ്‌സിന്‌. വമ്പൻമാരായ എടികെ മോഹൻ ബഗാനോട് കൂറ്റൻ തോൽവി വഴങ്ങി (2–4). ഹ്യൂഗോ ബൗമുസിന്റെ ഇരട്ടഗോളിലാണ് ബ്ലാസ്റ്റേഴ്‌സിന് തെറ്റിയത്. റോയ് കൃഷ്ണയും ലിസ്റ്റൺ കൊളാസോയും എടികെ ബഗാന്റെ ഗോൾപട്ടികയിൽ ഇടംചേർന്നു. സഹലിനൊപ്പം അർജന്റീനക്കാരൻ ജോർജ് ഡയസും ബ്ലാസ്റ്റേഴ്‌സിന്റെ മറുപടി ഗോളടിച്ചു.

കഴിഞ്ഞ സീസണിൽ അവസാനിപ്പിച്ചതെന്തോ, അതിന്റെ തുടർച്ചയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ കളിരീതി. പ്രതിരോധം വിളറി. അനായാസമായി എടികെ ബഗാൻ താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് ബോ‌ക്‌സിൽ കയറി. ബൗമുസിന്റെ ആദ്യ ഗോളിന്റെ വഴിപോലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കണ്ടില്ല. ഗോൾകീപ്പർ ആൽബിനോ ഗോമെസിന്‌ പന്തിന്റെ ഗതി മനസ്സിലായില്ല. എങ്കിലും ആക്രമണത്തിൽ ഒപ്പം നിൽക്കുന്നതുപോലെയായിരുന്നു ആദ്യ ഘട്ടത്തിൽ ബ്ലാസ്റ്റേഴ്‌സി‌ന്റെ പ്രകടനം. അരമണിക്കൂർ തികയുംമുമ്പേ സഹലിന്റെ തകർപ്പൻ ഗോൾ വന്നു. കെ പി രാഹുലിന്റെ ക്രോസിൽ മനോഹരമായി സഹൽ പന്ത് വലയിലേക്ക് തൊടുത്തു. പക്ഷേ, ആഹ്ലാദം നീണ്ടില്ല. റോയ് കൃഷ്ണയെ തടയാനുള്ള ആൽബിനോയുടെ ശ്രമം പെനൽറ്റിയിലാണ് കലാശിച്ചത്. കൃഷ്ണയ്ക്ക് ലക്ഷ്യം തെറ്റിയില്ല.

ആദ്യ കളിയായതിനാൽ ബ്ലാസ്റ്റേഴ്‌സ്‌ കളത്തിൽ ഒത്തിണക്കം കുറവായിരുന്നു. എങ്കിലും പ്രതിരോധത്തിൽ നിസ്സാരപിഴവുകളാണ് ഇവാൻ വുകോമനോവിച്ചിന്റെ സംഘം വരുത്തിയത്. രണ്ടാംപകുതിയിൽ രണ്ട് ഗോൾ വഴങ്ങിയതോടെ കളി ബ്ലാസ്റ്റേഴ്‌സിന്റെ കെെയിൽനിന്ന് ഊർന്നു. ജോർജ് ഡയസ് ലക്ഷ്യംകണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ തളർച്ചയ്‌ക്ക് മറുമരുന്നായില്ല ആ ഗോൾ.
വ്യാഴാഴ്‌ച നോർത്ത് ഈസ്റ്റ് യുണെെറ്റഡുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top