20 March Wednesday

പോർച്ചുഗൽ, ഇംഗ്ലണ്ട്‌ കടന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 19, 2018

ഇംഗ്ലണ്ടിന്റെ വിജയഗോൾ നേടിയ ഹാരി കെയ്‌ൻ ജെസെ ലിങ്‌ഗാർഡുമായി ആഹ്ലാദം പങ്കുവയ്ക്കുന്നു

വെംബ്ലി
ലോകകപ്പ‌് മോഹങ്ങൾ തല്ലിക്കൊഴിച്ച ക്രൊയേഷ്യയോട‌് ഇംഗ്ലീഷുകാർ പകരംവീട്ടി. യുവേഫ നേഷൻസ‌് ലീഗിലെ നിർണായകപോരിൽ ഒന്നിനെതിരെ രണ്ട‌് ഗോളിന‌് ഇംഗ്ലണ്ട‌് ലുക്കാ മോഡ്രിച്ചിനെയും കൂട്ടരെയും കീഴടക്കി. ഒരു ഗോളിനുപിന്നിൽ നിന്നശേഷമായിരുന്നു ഇംഗ്ലീഷുകാർ വിജയം പിടിച്ചെടുത്തത‌്. െജസെ ലിങ‌്ഗാർഡും നായകൻ ഹാരി കെയ‌്നും ഇംഗ്ലണ്ടിനായി ഗോളടിച്ചു. ആന്ദ്രെ ക്രമറിച്ചിന്റെ വകയായിരുന്നു ക്രോട്ടുകളുടെ ഗോൾ. ഈ വിജയത്തോടെ ഇംഗ്ലണ്ട‌് ഗ്രൂപ്പ‌് ജേതാക്കളായി സെമിയിൽ കടന്നു. ക്രൊയേഷ്യ ഗ്രൂപ്പ‌് ബിയിലേക്ക‌് തരംതാഴ‌്ത്തപ്പെട്ടു. സ‌്പെയിനാണ‌് ഗ്രൂപ്പിൽ രണ്ടാമത‌്.

നേരത്തെ ഇറ്റലിയെ സമനിലയിൽ തളച്ച പോർച്ചുഗൽ അവസാന നാലിൽ കടക്കുന്ന ആദ്യടീമായി. മിലാനിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. മൂന്നു കളിയിൽനിന്ന‌് ഏഴ‌് പോയിന്റുമായി ലീഗ‌് എയിലെ ഗ്രൂപ്പ‌് മൂന്നിൽ ഒന്നാമതെത്തി. നാലു കളിയും പൂർത്തിയാക്കിയ ഇറ്റലിക്ക‌് അഞ്ച‌് പോയിന്റാണുള്ളത‌്. ചൊവ്വാഴ‌്ച ഗ്രൂപ്പിലെ  അവസാനമത്സരത്തിൽ ഇറ്റലി ഒരു പോയിന്റുള്ള പോളണ്ടിനെ നേരിടും. പോളണ്ട‌് ലീഗ‌് ബിയിലേക്ക‌് തരംതാഴ‌്ത്തപ്പെട്ടിരുന്നു.

ഗോളകന്നുനിന്ന ആദ്യപകുതിക്കുശേഷം മൂന്ന‌് ഗോൾ പിറന്ന രണ്ടാംപകുതിയാണ‌് ഇംഗ്ലണ്ട്‌‐ക്രൊയേഷ്യ മത്സരം ആവേശകരമാക്കിയത‌്. ലോകകപ്പിലെ ഫോമിലേക്ക‌് ഉയരാനാകാതിരുന്ന ക്രൊയേഷ്യക്കുമേൽ ഇംഗ്ലണ്ടിന‌് വ്യക്തമായ ആധിപത്യമുണ്ടായിരുന്നു. നിരവധി അവസരം ലഭിച്ചിട്ടും ആദ്യപകുതിയിൽ ഗോളടിക്കാൻ കഴിയാതിരുന്ന ഇംഗ്ലണ്ട‌് സ്വന്തം കാണികൾക്കുമുന്നിൽ ഒരിക്കൽക്കൂടി നിരാശരാകുമെന്ന‌് തോന്നിച്ചു. ക്രൊയേഷ്യ ലീഡ‌് നേടിയതോടെ ഈ തോന്നൽ ശക്തമായി. എന്നാൽ, അവസാനമിനിറ്റുകളിൽ സർവശക്തിയും സംഭരിച്ച‌് പൊരുതിയ ടീം വിജയം നേടി.

ആദ്യപകുതിയിൽ ഇംഗ്ലണ്ട‌് പൂർണ ആധിപത്യം പുലർത്തി. നിർണായക മത്സരത്തിൽ ആക്രമിച്ച‌് കളിക്കാൻ ഉറച്ചാണ‌് പരിശീലകൻ ഗാരേത‌് സൗത്ത‌്ഗേറ്റ‌് ടീമിനെ വിന്യസിച്ചത‌്. മുന്നേറ്റത്തിൽ നായകൻ ഹാരി കെയ‌്നൊപ്പം മർകസ‌് റാഷ‌്ഫഡും റഹിം സ‌്റ്റെർലിങ്ങും അണിനിരന്നു. മധ്യനിരയിൽ വലത‌് ഫാബിയൻ ഡെൽഫ‌ും ഇടത‌് റോസ‌് ബാർക്ലെയും പടനയിച്ചു. ഇവർ മുന്നേറ്റത്തിന‌് നിരന്തരം അവസരങ്ങൾ സൃഷ‌്ടിച്ചുകൊടുത്തു. ഇരു വിങ്ങിലൂടെയും ഇംഗ്ലീഷുകാർ ഒരുപോലെ കടന്നുകയറി.

ക്രൊയേഷ്യ പ്രതിരോധം കീറിമുറിച്ച‌് ഡെൽഫ‌് നൽകിയ ത്രൂബോളുകൾക്ക‌് ഗോളിന്റെ മണമുണ്ടായിരുന്നു. എന്നാൽ, അവസാന പ്രഹരത്തിന‌് കെയ‌്നും സ‌്റ്റെർലിങ്ങും മടിച്ചു. ഗോളി പോസ‌്റ്റിൽ ഇല്ലാത്ത അവസരത്തിൽപ്പോലും വലകുലുക്കാൻ കെയ‌്നിന‌് സാധിച്ചില്ല. പന്തുമായി ഓടിക്കയറാനല്ലാതെ അതിനെ വലയിലേക്ക‌് അയക്കാൻ വഴിയറിയില്ലായിരുന്നു സ‌്റ്റെർലിങ്ങിന‌്. റാഷ‌്ഫഡ‌് തീർത്തും മങ്ങി. ചില ഘട്ടങ്ങളിൽ ഗോളി ലോവ‌്ർ കാലിനിച്ച‌് ഇവർക്ക‌് വിലങ്ങായി.

ആദ്യ 30 മിനിറ്റ‌് ഇംഗ്ലണ്ടിന്റെ ആക്രമണവീര്യത്തിൽ ക്രോട്ടുകൾ വിറങ്ങലിച്ചുനിന്നു. സൂപ്പർതാരം ലൂക്കാ മോഡ്രിച്ചിനെ ഇംഗ്ലീഷുകാർ ശരിക്കും പൂട്ടി. ഇവാൻ പെരിസിച്ചിന‌് അവസരത്തിനൊത്ത‌് ഉയരാനായില്ല. അതോടെ, മധ്യനിര നിർജീവമായി. മുന്നേറ്റക്കാർ പന്തു കിട്ടാതെ ഉഴറി.

ആദ്യപകുതിയുടെ മുക്കാൽപ്പങ്കും പന്ത‌് ഇംഗ്ലീഷുകാരുടെ കാലിലായിരുന്നു. എന്നാൽ, ആസൂത്രണവും ദിശാബോധവുമില്ലാത്ത ആക്രമണങ്ങളിൽ ഗോൾ പിറന്നില്ല.
മൂന്ന‌് ഗോൾ പിറന്ന രണ്ടാംപകുതി ആവേശകരമായിരുന്നു. സ്വന്തം കാണികൾക്കുമുന്നിൽ ഒരു ഗോളിനുപിന്നിൽ നിന്നശേഷം ഇംഗ്ലണ്ട‌് നടത്തിയ തിരിച്ചുവരവ‌് ഗംഭീരം. രണ്ടാംപകുതിയിൽ ക്രൊയേഷ്യയും മെച്ചപ്പെട്ടു. മോഡ്രിച്ച‌് തടവിൽനിന്ന‌് പുറത്തുകടന്നു. പെരിസിച്ചും സ്വതസിദ്ധമായ കളി പുറത്തെടുത്തു. മുന്നേറ്റത്തിൽ ആന്ദ്രെ ക്രമറിച്ച‌് ഇംഗ്ലീഷ‌് പ്രതിരോധത്തെ പരീക്ഷിച്ചുതുടങ്ങി.

രണ്ടാംപകുതി 12 മിനിറ്റ‌് പിന്നിട്ടപ്പോൾ ക്രൊയേഷ്യ മുന്നിൽ കടന്നു. ക്രമറിച്ചിന്റെ മികവിലായിരുന്നു ഇംഗ്ലണ്ടിനെ ഞെട്ടിച്ച ഗോൾ. വലതുവിങ്ങിൽനിന്ന‌് പെനൽറ്റി സ‌്പോട്ടിനടുത്ത‌് ക്രമറിച്ചിന‌് പന്ത‌് കിട്ടുമ്പോൾ ആറ‌് ഇംഗ്ലീഷുകാർ ചുറ്റുമുണ്ട‌്. ഒന്നുരണ്ടു തവണ പന്തുമായി വട്ടംകറങ്ങിയ ക്രമറിച്ച‌് പ്രതിരോധക്കാരെ പലവഴിക്ക‌് തിരിച്ചുവിട്ട‌് ഗോൾവലയുടെ മോന്തായത്തിലേക്ക‌് പന്തടിച്ചുകയറ്റി.

ലീഡിന്റെ വീര്യത്തിൽ ക്രൊയേഷ്യക്കാർ ഇംഗ്ലീഷ‌് പകുതിയിലേക്ക‌് പന്തുമായി കടന്നുവന്നുകൊണ്ടിരുന്നു. കളി കൈവിട്ടുപോകുമെന്നായ ഘട്ടത്തിൽ സൗത്ത‌്ഗേറ്റ‌് വരുത്തിയ മൂന്നു മാറ്റം നിർണായകമായി. ബാർക്ലെയ‌്ക്കുപകരം ഡെലെ അല്ലി ആദ്യം വന്നു. 73–-ാംമിനിറ്റിൽ റാഷ‌്ഫഡിനുപകരം ജേഡൻ സാഞ്ചോയും ഡെൽഫിനുപകരം ജസെ ലിങ്‌ഗാർഡും ഇറങ്ങി. അതോടെ ഇംഗ്ലണ്ടിന്റെ കളിക്ക‌് മൂർച്ചയേറി.

ഇംഗ്ലണ്ട‌് കളിയിലേക്കു തിരിച്ചുവരുന്നതാണ‌് പിന്നീട‌് കണ്ടത‌്. 78–-ാംമിനിറ്റിൽ ലിങ്ഗാർഡ‌് സമനില നേടിക്കൊടുത്തു. ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിൽ കെയ‌്ൻ ഗോൾപോസ‌്റ്റിന‌് സമാന്തരമായി തട്ടിനൽകിയ പന്ത‌് ലിങ്ഗാർഡ‌് അനായാസം വലയിലാക്കി. പന്ത‌് ഇരുപകുതിയിലേക്കും കയറിയിറങ്ങുന്നതാണ‌് പിന്നീട‌് കണ്ടത‌്. നിശ‌്ചിതസമയത്തിന‌് അഞ്ചു മിനിറ്റ‌് ബാക്കിനിൽക്കെ കെയ‌്ൻ വിജയഗോൾ നേടി. ഇടത‌് വിങ്ങിൽനിന്നുള്ള ഫ്രീകിക്ക‌് ക്രൊയേഷ്യ ഗോൾമുഖത്ത‌് താഴ‌്ന്നിറങ്ങിയപ്പോൾ കുതിച്ചെത്തിയ കെയ‌്ൻ നിലത്തുവീണ‌് കാൽ ആഞ്ഞുനീട്ടി പന്ത‌് വലയിലാക്കി.
പോർച്ചുഗലിനേക്കാൾ മെച്ചപ്പെട്ട കളിയാണ‌് ഇറ്റലി കാഴ‌്ചവച്ചത‌്. എന്നാൽ, ഗോളടിക്കുന്നതിൽ മികവില്ലാത്തത‌് തിരിച്ചടിയായി. ഈ മത്സരം ജയിച്ചിരുന്നെങ്കിൽ ഇറ്റലിക്ക‌് ഒന്നാമതായി മുന്നോട്ടുപോകാമായിരുന്നു.

ഈ ലക്ഷ്യവുമായി തുടക്കത്തിൽ ഇറ്റലി ആക്രമിച്ച‌് കളിച്ചു. നിരവധി അവസരം തുറന്നെടുക്കാനും കഴിഞ്ഞു. എന്നാൽ, മൂർച്ചയും തീർച്ചയുമില്ലാത്ത മുന്നേറ്റത്തിന‌് പന്ത‌് വലയിലാക്കാൻ കഴിഞ്ഞില്ല. പോർച്ചുഗൽ ഗോൾകീപ്പർ റൂയി പട്രീഷ്യോയുടെ മികവും അവരെ തടഞ്ഞു. സിറോ ഇമ്മൊബിലിന്റെ ഷോട്ടും ലോറൻസോ പെല്ലഗ്രേനിയുടെ ഹെഡ്ഡറും പട്രീഷ്യോ അസാമാന്യ മികവോടെ തടഞ്ഞു.

രണ്ടാംപകുതിയിൽ പോർച്ചുഗൽ താളം കണ്ടെത്തി. ബെർണാഡോ സിൽവ, റൂബൻ നെവ‌്സ‌്, ആന്ദ്രെ സിൽവ എന്നിവർ ടീമിനായി മികച്ച പ്രകടനം കാഴ‌്ചവച്ചു. മറ്റു മത്സരങ്ങളിൽ റുമാനിയ എതിരില്ലാത്ത മൂന്ന‌് ഗോളിന‌് ലിത്വേനിയയെയും സ‌്കോട്ട‌്‌ലൻഡ‌് എതിരില്ലാത്ത നാല‌് ഗോളിന‌് അൽബേനിയയെയും കീഴ‌ടക്കി.


പ്രധാന വാർത്തകൾ
 Top