13 November Wednesday

റാഞ്ചിയിലും കുതിക്കാൻ ഇന്ത്യ ; ഇന്ത്യ‐ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്‌റ്റ്‌ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

ഇന്ത്യൻ താരം അജിൻക്യ രഹാനെ പരിശീലനത്തിൽ


റാഞ്ചി
റാഞ്ചിയിലും ഇന്ത്യക്ക്‌ ഒറ്റലക്ഷ്യം. വിജയം. ആദ്യ രണ്ട്‌ ടെസ്റ്റും നേടി മൂന്നു മത്സരപരമ്പര നേരത്തെ ഉറപ്പിച്ച വിരാട്‌ കോഹ്‌ലിയുടെ പട ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാനകളിയും പിടിച്ച്‌ സമ്പൂർണജയം നേടാനാണ്‌ കളത്തിലിറങ്ങുന്നത്‌. ജയിച്ചാൽ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക്‌ കുതിപ്പ്‌ നടത്താം. ആദ്യ രണ്ട്‌ ടെസ്റ്റുകളിലും വമ്പൻ ജയം നേടിയതിന്റെ ആത്മവിശ്വാസവുമായാണ്‌ ഇന്ത്യ റാഞ്ചിയിൽ ഇറങ്ങുന്നത്‌. രാവിലെ 9.30 മുതലാണ്‌ മത്സരം.

ഒന്നാംടെസ്റ്റിൽ 203 റണ്ണിനായിരുന്നു ഇന്ത്യൻ ജയം. പുണെയിൽ ഇന്നിങ്‌സിനും 137 റണ്ണിനും കോഹ്‌ലിയും സംഘവും ദക്ഷിണാഫ്രിക്കയെ തുരത്തി. ആഫ്രിക്കക്കാർ മറക്കാനാഗ്രഹിക്കുന്ന പരമ്പരയാകുമിത്‌. ഇന്ത്യൻ നിരയ്‌ക്കെതിരെ വെല്ലുവിളി ഉയർത്താൻപോന്ന ഒന്നും അവരിൽനിന്ന്‌ ഇതേവരെ ഉണ്ടായിട്ടില്ല. ബൗളർമാർക്ക്‌ ഒന്നും ചെയ്യാനായില്ല. ബാറ്റ്‌സ്‌മാൻമാരാകട്ടെ സ്ഥിരത കാട്ടുന്നുമില്ല.

പൂർണപകിട്ടുമായാണ്‌ ഇന്ത്യ എത്തുന്നത്‌. ബാറ്റിങ്ങിലും ബൗളിങ്ങിലും മിടുക്ക്‌ തുടരുന്നു. രോഹിത്‌ ശർമ, കോഹ്‌ലി എന്നിവരടങ്ങുന്ന ബാറ്റിങ്‌ നിര ദക്ഷിണാഫ്രിക്കയെ പരീക്ഷിക്കും. ഓൾറൗണ്ടറായി രവീന്ദ്ര ജഡേജ മിന്നുന്ന കളിയാണ്‌ പുറത്തെടുക്കുന്നത്‌. സ്‌പിന്നർമാരും പേസർമാരും ഒരുപോലെ പന്തെറിയുകയും ചെയ്യുന്നു. ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടാകില്ല.


പ്രധാന വാർത്തകൾ
 Top