22 October Tuesday
ലോക ഗുസ്‌തി ചാമ്പ്യൻഷിപ്‌

വെങ്കലശോഭയോടെ വിനേഷ്‌ ഒളിമ്പിക്‌സിന്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

ലോക ഒന്നാം നമ്പർ താരം അമേരിക്കയുടെ സാറ ഹിൽഡേ ബ്രാൻഡിനെതിരായ പോരാട്ടത്തിൽ വിനേഷ്‌ ഫോഗട്ട്‌

നൂർ സുൽത്താൻ (കസാഖ്‌സ്ഥാൻ)
ഗോദയിൽ വിനേഷ്‌ ഫോഗട്ടിന്‌ വെങ്കലച്ചിരി. ലോക ഗുസ്‌തി ചാമ്പ്യൻഷിപ്പിൽ 53 കിലോഗ്രാം ഫ്രീസ്‌റ്റൈൽ വിഭാഗത്തിലാണ്‌ ഇന്ത്യ ആദ്യ മെഡൽ നേടിയത്‌. രണ്ടാം റൗണ്ടിൽ തോറ്റതിനെ തുടർന്ന്‌ റെപെഷെ റൗണ്ടിലേക്ക്‌ പിന്തള്ളപ്പെട്ട വിനേഷ്‌ മൂന്നുപേരെ തോൽപ്പിച്ചാണ്‌ വെങ്കലം നേടിയത്‌. അതോടൊപ്പം ഒളിമ്പിക്‌സ് യോഗ്യതയും നേടി.
2020ലെ ടോക്യോ ഒളിമ്പിക്‌സിന്‌ അർഹത നേടുന്ന ആദ്യ ഇന്ത്യൻ ഗുസ്‌തി താരമാണ്‌. അവസാന മത്സരത്തിൽ ഗ്രീസിന്റെ മരിയ പ്രെവോലറാകിയെ മലർത്തിയടിച്ചാണ്‌ (4–-1) ഹരിയാനക്കാരി മെഡൽ നേടിയത്‌. ഇരുവരും പ്രതിരോധത്തിൽ ഊന്നിയാണ്‌ തുടങ്ങിയത്‌. തുടക്കത്തിൽ ഗ്രീസുകാരിയുടെ മുഖത്ത്‌ പോറലേറ്റ്‌ ചോരയൊഴുകി.

ഇടവേളയ്‌ക്കുശേഷം തിരിച്ചെത്തിയ വിനേഷ്‌ ആക്രമണകാരിയായി. പതുങ്ങിനിന്ന മരിയയെ ഞൊടിയിടയിൽ കരവലയത്തിലൊതുക്കി മറിച്ചിട്ടു. ജപ്പാന്റെ മയു മുകെയ്‌ഡയോട്‌ തോറ്റതാണ്‌ സ്വർണത്തിലേക്ക്‌ ഗുസ്‌തി പിടിക്കാൻ തടസ്സമായത്‌. എന്നാൽ, വിനേഷിനെ തോൽപ്പിച്ച ജപ്പാൻകാരി ഫൈനലിലെത്തിയത്‌ അനുഗ്രഹമായി. ഫൈനലിലെത്തുന്ന താരം തോൽപ്പിച്ചവർക്കെല്ലാം വെങ്കല മെഡലിന്‌ പൊരുതാൻ അവസരം നൽകുന്നതാണ്‌ റെപെഷെ റൗണ്ട്‌. ഈ റൗണ്ടിലെ ആദ്യ മത്സരത്തിൽ ഉക്രയ്‌ൻ താരം യുലിയ ഖവാൽഡ്‌സിയെ (5–-0)ന്‌ കീഴടക്കിയാണ്‌ മുന്നേറ്റം. രണ്ടാം മത്സരത്തിൽ ഒളിമ്പിക്‌സ്‌ വെള്ളി മെഡലുകാരി ഒന്നാം റാങ്കുള്ള അമേരിക്കയുടെ സാറ ഹിൽഡേബ്രാൻഡിനെ 8–-2ന്‌ വീഴ്‌ത്തി. അതോടെ ഒളിമ്പിക്‌സ്‌ യോഗ്യതയായി. അവസാന മത്സരത്തിൽ ഗ്രീസിന്റെ മരിയയെ പൂർണ ആത്മവിശ്വാസത്തോടെയാണ്‌ ഇരുപത്തഞ്ചുകാരി നേരിട്ടത്‌. വിനേഷ്‌ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത്‌ ഗെയിംസിലും സ്വർണം നേടിയിരുന്നു. നാലാം ലോക ചാമ്പ്യൻഷിപ്പിലാണ്‌ മെഡൽ നേട്ടം.

 

ലോക ഗുസ്‌തിയിൽ മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയാണ്‌. അൽക ടോമർ(2006), ഗീത ഫോഗട്ട്‌(2012), ബബിത ഫോഗട്ട്‌(2012), പൂജ ധർഡ(2018) എന്നിവരാണ്‌ ഇതിനുമുമ്പ്‌ നേട്ടം കൈവരിച്ചത്‌. വിനേഷ്‌ പത്തു മാസം മുമ്പാണ്‌ 50 കിലോ ഗ്രാം വിഭാഗത്തിൽ നിന്നും 53 കിലോ വിഭാഗത്തിലേക്ക്‌ മാറിയത്‌.

ലോക മെഡൽ അഭിമാനം നൽകുന്നതായി വിനേഷ്‌ പറഞ്ഞു. ‘ഏറെക്കാലത്തിനു ശേഷമാണ്‌ ഈ നേട്ടം. 50 കിലോ വിഭാഗത്തിൽ നിന്ന്‌ 53ലേക്ക്‌ മാറിയശേഷമുള്ള വിജയം ആത്മവിശ്വാസം നൽകുന്നു’‐വിനേഷ്‌ വിശദീകരിച്ചു.

59 കിലോ വിഭാഗത്തിൽ പൂജ ധൻഡ സെമിഫൈനലിൽ തോറ്റു. റഷ്യയുടെ ലിബോവ്‌ ഒവ്‌ചറോവയോടാണ്‌  തോറ്റത്‌.  വെങ്കലത്തിനായി ഇന്നിറങ്ങും. റെപെഷെ റൗണ്ടിലെത്തിയിരുന്ന സീമ ബിസ്‌ലെ തോറ്റു. എകടെറിന പോൾഷ്‌ചുകാണ്‌ തോൽപ്പിച്ചത്‌. സരിത മോർ, കിരൺ, നവ്‌ജ്യോത്‌കൗർ എന്നിവർക്കും മുന്നേറാനായില്ല. കിരണിനും നവജ്യോതിനും റെപെഷെ റൗണ്ട്‌ പ്രതീക്ഷയുണ്ട്‌.


പ്രധാന വാർത്തകൾ
 Top