20 March Wednesday
ഏഷ്യാ കപ്പ് ക്രിക്കറ്റ്‌

ധവാന് സെഞ്ചുറി, ഇന്ത്യ 7‐285

വെബ് ഡെസ്‌ക്‌Updated: Wednesday Sep 19, 2018

ഹോങ്‌ കോങ്ങിനെതിരെ സെഞ്ചുറി നേടിയ ശിഖർ ധവാന്റെ ആഹ്ലാദം


ദുബായ്
ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഹോങ്കോങ്ങിനെതിരെ 286 റൺ ലക്ഷ്യംകുറിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ്ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 285 റണ്ണെടുത്തു. ശിഖർ ധവാൻ (120 പന്തിൽ 127) സെഞ്ചുറി നേടി.

ഇന്ന് പാകിസ്ഥാനെതിരെ ഇറങ്ങുന്ന ഇന്ത്യ ഹോങ്കോങ്ങിനെതിരെ മുൻനിര കളിക്കാരിൽ പലരെയും കളിപ്പിച്ചില്ല. ബാറ്റിങ് നിരയെ ഈ മാറ്റം ബാധിച്ചു. ഭേദപ്പെട്ട തുടക്കം കിട്ടിയിട്ടും കൂറ്റൻ സ്കോറിലേക്കെത്താൻ കഴിഞ്ഞില്ല. ഹോങ്കോങ് ബൗളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞു. ധവാനെ കൂടാതെ 70 പന്തിൽ 60 റണ്ണെടുത്ത അമ്പാട്ടി റായുഡു മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ഹോങ്കോങ്ങിനുവേണ്ടി കിഞ്ചിത് ഷാ മൂന്ന് വിക്കറ്റെടുത്തു.

വേഗംകുറഞ്ഞ പിച്ചിൽ ക്ഷമയോടെ നിന്ന ധവാൻ കളിജീവിതത്തിലെ 14‐ാം സെഞ്ചുറിയാണ് പൂർത്തിയാക്കിയത്. സെഞ്ചുറികളുടെ എണ്ണത്തിൽ യുവരാജ് സിങ്ങിനൊപ്പമെത്തി ധവാൻ. വിരേന്ദർ സെവാഗ് (15), രോഹിത് ശർമ (18), സൗരവ് ഗാംഗുലി (22), വിരാട് കോഹ്ലി (35), സച്ചിൻ ടെൻഡുൽക്കർ (49) എന്നിവരാണ് സെഞ്ചുറികളുടെ എണ്ണത്തിൽ ധവാനെക്കാൾ മുന്നിലുള്ള ഇന്ത്യൻ കളിക്കാർ.

105 ഇന്നിങ്സിലാണ് ധവാന്റെ 14‐ാം സെഞ്ചുറി. രണ്ട് സിക്സറും 15 ബൗണ്ടറികളും ഈ ഇടംകൈയന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്പരമ്പരയിൽ നിറംമങ്ങിയ ധവാൻ ഏകദിന ക്രിക്കറ്റിൽ ഒരിക്കൽക്കൂടി മികവുകാട്ടുകയായിരുന്നു.

തന്ത്രപരമായ് ബൗളെറിഞ്ഞ ഹോങ്കോങ് ബൗളർമാർക്കുമുന്നിൽ എളുപ്പത്തിൽ റണ്ണടിക്കാൻ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് കഴിഞ്ഞില്ല. ക്യാപ്റ്റൻ രോഹിത് ശർമ (22 പന്തിൽ 23) കൂറ്റനടിക്ക് ശ്രമിച്ചാണ് പുറത്തായത്. എഹ്സാൻ ഖാനെ കയറിയടിക്കാനുള്ള ശ്രമത്തിനിടെ നിസാകത് ഖാന് പിടികൊടുത്ത് മടങ്ങി.

രണ്ടാം വിക്കറ്റിൽ റായുഡുവും ധവാനും എളുപ്പത്തിൽ റണ്ണടിച്ചു. ഇടവേളയ്ക്കുശേഷം ടീമിലെത്തിയ റായുഡുവിന് തുടക്കത്തിൽ താളംകണ്ടെത്താൻ കഴിഞ്ഞില്ല. നിലയുറപ്പിച്ചതോടെ ഈ വലംകൈയൻ റണ്ണൊഴുക്കിന് വേഗംകൂട്ടി. മറുവശത്ത് ധവാൻ അനായാസം റണ്ണടിച്ചു. രണ്ടാംവിക്കറ്റിൽ 116 റണ്ണാണ് പിറന്നത്. അരസെഞ്ചുറി തികച്ചപാടെ റായുഡു പുറത്തായി. രണ്ട് സിക്സറും മൂന്ന് ബൗണ്ടറികളും റായുഡു പായിച്ചു. പകരമെത്തിയ ദിനേശ് കാർത്തിക് പരിഭ്രമിച്ചാണ് കളിച്ചത്. വേഗം കുറഞ്ഞ പന്തുകൾക്ക് മുന്നിൽ കാർത്തികിന് താളംകണ്ടെത്താനായില്ല. ഇതിനിടെ ധവാൻ സെഞ്ചുറി തികച്ചു. പിന്നാലെ കൂറ്റനടികൾക്ക് മുതിർന്ന ധവാൻ കിഞ്ചൻ ഷായ്ക്ക് മുന്നിൽവീണു. നാലാമനായെത്തിയ മഹേന്ദ്ര സിങ് ധോണിക്ക് മൂന്ന് പന്തിന്റെ ആയുസേ ഉണ്ടായുള്ളൂ. റണ്ണെടുക്കുംമുമ്പ് മുൻ ക്യാപ്റ്റൻ പുറത്ത്. എഹ്സാൻ ഖാനാണ് ധോണിയെ പുറത്താക്കിയത്. അവസാന ഓവറുകളിൽ ഭേദപ്പെട്ട കളി പുറത്തെടുത്ത കേദാർ ജാദവ് (27 പന്തിൽ 28) ഇന്ത്യയെ 250 കടത്തിയത്.

ഇന്ത്യ ഇന്ന് പാകിസ്ഥാനോട്
ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ പാകിസ്ഥാനെ നേരിടും. വൈകിട്ട് അഞ്ച് മുതലാണ് കളി. ആദ്യ മത്സരം ജയിച്ച പാകിസ്ഥാൻ സൂപ്പർ ഫോർ ഉറപ്പാക്കി.
ഹോങ്കോങ്ങിനെതിരെ ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, ലോകേഷ് രാഹുൽ എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ഇവരുടെ അഭാവം മധ്യനിരയിൽ ബാറ്റിങ്ങിനെ ബാധിച്ചു. മഹേന്ദ്ര സിങ് ധോണിക്കും ദിനേശ് കാർത്തിക്കിനും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഇന്ന് ശക്തമായ നിരയെതന്നെ കളത്തിലിറക്കും.

ബൗളിങ് നിരയാണ് പാകിസ്ഥാന്റെ ശക്തി. മുഹമ്മദ് അമീർ, ഉസ്മാൻ ഖാൻ, ഹസൻ അലി എന്നീ പേസർമാർ ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് ഭീഷണി ഉയർത്തും. സ്പിന്നർ ഷദാബ് ഖാനും മികച്ച േഫാമിലാണ്. വെള്ളിയാഴ്ച മുതലാണ് സൂപ്പർഫോർ മത്സരങ്ങൾ ആരംഭിക്കുന്നത്.
 


പ്രധാന വാർത്തകൾ
 Top