14 November Thursday
വിൻഡീസ‌് പര്യടനം ഇന്ത്യൻ ടീം ഇന്ന‌്

ആരെ തള്ളും ആരെ കൊള്ളും

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019


മുംബൈ
വെസ്റ്റിൻഡീസ‌് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ‌് ടീമിനെ ഇന്ന‌് പ്രഖ്യാപിക്കും.  ലോകകപ്പ‌് സെമിഫൈനൽ തോൽവിക്കുശേഷമുള്ള ടീം തെരഞ്ഞെടുപ്പ‌് പല കളിക്കാർക്കും നിർണായകമാണ‌്. വിക്കറ്റ‌് കീപ്പർ മഹേന്ദ്ര സിങ്‌ ധോണിയെ എടുത്താലും ഇല്ലെങ്കിലും അതൊരു സൂചനയാകും.

38കാരനായ ധോണി പഴയ ഫോമിന്റെ നിഴലിലാണ‌്. വിരമിക്കാൻ സമയമായെന്ന ചർച്ചകൾ സജീവം. എന്നാൽ ധോണി മനസ്സു തുറന്നിട്ടില്ല. 15 അംഗ ടീമിൽ ധോണിയുടെ സാനിധ്യം ഗുണം ചെയ്യുമെന്ന വാദമുണ്ട‌്.  വിക്കറ്റ‌് കീപ്പറായി  ഋഷഭ‌് പന്തിനെ ഉൾപ്പെടുത്തി ധോണിയുടെ അനുഭവപരിചയം പ്രയോജനപ്പെടുത്തുകയാണ‌് ഉദ്ദേശം. വിൻഡീസ‌് പര്യടനത്തിൽ ഉൾപ്പെട്ടില്ലെങ്കിലും ഇന്ത്യയിൽ നടക്കുന്ന പരമ്പരകളിൽ ധോണി ഉണ്ടാകാനാണ‌് സാധ്യത. ധോണിക്കൊപ്പം ക്യാപ‌്റ്റൻ വിരാ‌ട‌് കോഹ‌്‌ലി, പേസ‌് ബൗളർ ജസ‌്പ്രീത‌് ബുംറ എന്നിവർക്ക‌് വിശ്രമം അനുവദിച്ചേക്കും.  .

ഏകദിനത്തിലും ട്വന്റി–-20യിലും രോഹിത‌് ശർമ നയിച്ചേക്കും. രണ്ട‌് ടെസ‌്റ്റ‌ുകൾക്കായി കോഹ‌്‌ലി തിരിച്ചെത്തിയേക്കും. ആഗസ്‌ത്‌ മൂന്നിനാണ‌് ഒരുമാസം നീളുന്ന പരമ്പര തുടങ്ങുന്നത‌്. സെലക്‌ഷൻ കമ്മിറ്റി തലവൻ എം എസ്‌ കെ പ്രസാദിന്റെ നേതൃത്വത്തിൽ മുംബൈയിൽ ചേരുന്ന യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കും. ലോകകപ്പിൽ നിന്ന്‌ പാഠം ഉൾക്കൊണ്ടാകും ടീം തെരഞ്ഞെടുപ്പ‌്. മധ്യനിരയിൽ സമഗ്രമായ മാറ്റം വരാനാണ്‌ സാധ്യത.

ഋഷഭ്‌ പന്തിനെയാണ്‌ ധോണിയുടെ പകരക്കാരനായി പരിഗണിക്കുന്നത്‌. ലോകകപ്പിൽ പരിക്കേറ്റ ശിഖർ ധവാന്‌ പകരമെത്തിയ പന്ത്‌ നാലാം നമ്പറിൽ തരക്കേടില്ലാതെ കളിച്ചിരുന്നു. ഇടംകൈയനാണെന്നുള്ളതും മുൻതൂക്കം നൽകുന്നു. ഇംഗ്ലണ്ടിൽ തീർത്തും മങ്ങിയ കേദാർ ജാദവ്‌, ദിനേശ്‌ കാർത്തിക്‌ എന്നിവരുടെ സ്ഥാനം തെറിക്കുമെന്നുറപ്പാണ്‌. ഇവർക്ക്‌ പകരക്കാരായി മനീഷ്‌ പാണ്ഡെ, മായങ്ക്‌ അഗർവാൾ, ശ്രേയസ്‌ അയ്യർ എന്നിവർ അവസരത്തിനായി കാത്തിരിപ്പുണ്ട്‌. നിലവിൽ വിൻഡീസിൽ പര്യടനം നടത്തുന്ന ഇന്ത്യൻ എ ടീം നായകനായ പാണ്ഡെ മികച്ച പ്രകടനമാണ്‌ നടത്തുന്നത്‌. യുവതാരങ്ങളായ ശുഭ്‌മാൻ ഗില്ലിനും പൃഥി ഷായ്‌ക്കും അവസരം നൽകിയാലും അതിശയപ്പെടേണ്ടതില്ല. പരിക്കാണ്‌ ഷായെ വലട്ടുന്നത്‌.

ലോകകപ്പിനിടെ പരിക്കേറ്റ്‌ മടങ്ങിയ ധവാനും വിജയ്‌ ശങ്കറും ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ്‌ അക്കാദമിയിൽ പരിശീലനത്തിലാണ്‌. കായികക്ഷമത തെളിയിച്ചാൽ ധവാൻ ഉറപ്പാണ്‌. ശങ്കറിന്‌ എളുപ്പമാകില്ല കാര്യങ്ങൾ. പേസർമാരിൽ ഡൽഹിക്കാരൻ നവദീപ‌് സയ്‌നി ടീമിലിടം പിടിക്കാൻ സാധ്യത കൂടുതലാണ്‌. ഖലീൽ അഹമ്മദ്‌, ദീപക്‌ ചഹാർ, ആവേഷ്‌ ഖാൻ എന്നിവരും പരിഗണനാ പട്ടികയിലുണ്ട്‌. മുഹമ്മദ്‌ ഷമിയെയും ഭുവനേശ്വർ കുമാറിനെയും മാറ്റിനിർത്തി ഒരു പരീക്ഷണത്തിന്‌ ടീം തയ്യാറായാൽ ഇവർക്കാകും നറുക്ക്‌വീഴുക.

സ്‌പിന്നർമാരിൽ കുൽദീപ‌് യാദവിന്‌ ഉറപ്പില്ല. പകരം രാഹുൽ ചഹാർ വന്നേക്കും. ഇടംകൈയൻ സ്‌പിന്നറായി രവീന്ദ്ര ജഡേജ കുൽദീപിന്റെ കുറവ്‌ പരിഹരിക്കും.


പ്രധാന വാർത്തകൾ
 Top