18 June Tuesday

ഉണരുന്നു ബംഗ്ലാ വീര്യം

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019

ഡബ്ലിൻ
ആദ്യജയം നേടി 21–-ാംവർഷം ബംഗ്ലാദേശ‌് ഒരു ചരിത്രംകുറിച്ചു. ആദ്യ ത്രിരാഷ‌്ട്ര ടൂർണമെന്റ‌് കിരീടം. വെസ‌്റ്റിൻഡീസിനെ തോൽപ്പിച്ചാണ‌് ആ നേട്ടം. ലോകകപ്പിന‌് ബംഗ്ലാദേശ‌ിന്റെ ഏറ്റവും മികച്ച തയ്യാറെടുപ്പ‌്.

1986 മുതൽ ഏകദിനം കളിക്കുന്നുണ്ടെങ്കിലും എടുത്തുപറയാൻ വലിയ കിരീടങ്ങളൊന്നുമില്ലാത്ത ടീമാണ‌് ബംഗ്ലാദേശ‌്. 1998ലാണ‌് ഏകദിന ക്രിക്കറ്റിലെ ആദ്യജയം. കെനിയയെയാണ‌് തോൽപ്പിച്ചത‌്. 1999 ലോകകപ്പിൽ ബംഗ്ലാദേശ‌് അത്ഭുതംകാട്ടി. ശക്തരായ പാകിസ്ഥാനെ 62 റണ്ണിന‌് തകർത്തു. തുടർന്നുള്ള വർഷങ്ങളിൽ ഇന്ത്യ, ഓസ‌്ട്രേലിയ, ഇംഗ്ലണ്ട‌് തുടങ്ങിയ ടീമുകൾക്കെതിരെ ഒറ്റപ്പെട്ട ജയങ്ങൾ സ്വന്തമാക്കിയെങ്കിലും വൻ ശക്തിയായി വളരാൻ അവർക്ക‌് കഴിഞ്ഞില്ല. ഡേവ‌് വാറ്റ‌്മോർ പരിശീലകനായിരിക്കുമ്പോഴാണ‌് ബംഗ്ലാദേശ‌് കൂടുതൽ നേട്ടമുണ്ടാക്കിയത‌്.

കഴിഞ്ഞ പത്ത‌ുവർഷത്തിനുള്ളിൽ ആറുതവണ ബംഗ്ലാദേശ‌് പല ടൂർണമെന്റുകളുടെയും ഫൈനലിൽ കടന്നിട്ടുണ്ട‌്. കിരീടം കിട്ടിയില്ല. 2009ൽ ശ്രീലങ്കയും സിംബാബ‌്‌വെയും ഉൾപ്പെട്ട പരമ്പരയിലാണ‌് ഫൈനൽ തോൽവി. 2012 ഏഷ്യാ കപ്പിൽ പാകിസ്ഥാനോട‌് തോറ്റു. നാല‌ുവർഷത്തി‌നുശേഷം ഇന്ത്യയോടും തോൽവി വഴങ്ങി. 2018ലെ ത്രിരാഷ‌്ട്ര പരമ്പരയിൽ ലങ്കയ‌്ക്ക‌ുമുന്നിൽ വീണു. നിദഹാസ‌് ട്രോഫിയിൽ ഇന്ത്യയോട‌് ജയമുറപ്പിച്ചശേഷം ബംഗ്ലാദേശ‌് തകർന്നുവീണു. 2018ലെ ഏഷ്യാ കപ്പിൽ ഇന്ത്യയോട‌് അവസാന പന്തിൽ തോറ്റു. ഈ നിരാശകൾക്കുശേഷമാണ‌് ഒരു കിരീടം ബംഗ്ലാദേശിന്റെ വീര്യമുണർത്തുന്നത‌്. വിൻഡീസും അയർലൻഡുമായിരുന്നു ഈ ത്രിരാഷ‌്ട്ര പരമ്പരയിലെ മറ്റ‌ു രണ്ട‌ു ടീമുകൾ.ഇതൊരു തുടക്കമെന്ന‌ാണ‌് ക്യാപ‌്റ്റൻ മഷ‌്റഫെ മൊർത്തസ പറയുന്നത‌്. ‘‘ഏറെ കാലമായി ഞങ്ങൾ ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു.  കൃത്യമായി പറഞ്ഞാൽ ഞങ്ങൾക്ക‌് കിട്ടിയ ഏഴാം അവസരം. അതിൽ ഞങ്ങൾ നേടി’’ മൊർത്താസ പറഞ്ഞു. ലോകകപ്പിനുശേഷം വിരമിക്കുകയാണ‌് ഈ പേസർ.

ഇക്കുറി മികച്ച സംഘമാണ‌് ബംഗ്ലാദേശിന‌്. പരിചയസമ്പന്നരും യുവകളിക്കാരും ഒരുപോലെ ടീമിൽ ഉൾപ്പെട്ടു. ത്രിരാഷ‌്ട്ര പരമ്പരയിൽ ബാറ്റ‌്സ‌്മാൻമാർ തിളങ്ങി.ഓൾറൗണ്ടർ ഷാകിബ‌് അൽ ഹസ്സനാണ‌് ബംഗ്ലാ ടീമിന്റെ കുന്തമുന. ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിലൊരാളായ ഷാക്കിബിന്റെ അഞ്ചാം ലോകകപ്പാണിത‌്. ഷാക്കിബിന‌് പരിക്കേറ്റതാണ‌് നിലവിൽ ബംഗ്ലാദേശിന്റെ ആശങ്ക. ശരീരവേദന കാരണം ത്രിരാഷ‌്ട്ര കപ്പിന്റെ ഫൈനലിൽ ഷാക്കിബ‌് ഇറങ്ങിയില്ല. മുഷ‌്ഫിക്കർ റഹ‌്മാൻ, തമീം ഇക‌്ബാൽ, മഹ‌്മദുള്ള, ക്യാപ‌്റ്റൻ മൊർതസ, സൗമ്യ സർക്കാർ എന്നിവരാണ‌് ടീമിലെ മറ്റ‌ു പ്രധാന കളിക്കാർ.

ഓപ്പണർ തമീമിലാണ‌് ബംഗ്ലാദേശിന്റെ പ്രതീക്ഷ. തമീം നല്ല തുടക്കം നൽകിയാൽ ബംഗ്ലാദേശ‌് കുതിക്കും. ത്രിരാഷ‌്ട്ര പരമ്പരയിൽ ഷാക്കിബിനുപകരം കളിച്ച മൊസാദെക‌് ഹുസൈൻ, ഓൾറൗണ്ടർ മെഹ‌്ദി ഹസ്സൻ മിറാസ‌്, പേസർ മുസ‌്താഫിസുർ റഹ‌്മാൻ എന്നിവരും ബംഗ്ലാദേശ‌് നിരയിൽ തിളങ്ങും. ജൂൺ രണ്ടിന‌് ദക്ഷിണാഫ്രിക്കയുമായിട്ടാണ‌് ബംഗ്ലാദേശിന്റെ ആദ്യമത്സരം.


പ്രധാന വാർത്തകൾ
 Top