ലണ്ടൻ
കളി ജയിച്ചിട്ടും മാഞ്ചസ്റ്റർ സിറ്റി പുറത്ത്. എതിർ തട്ടകത്തിൽ നേടിയ ഗോളിന്റെ ആനുകൂല്യത്തിൽ ടോട്ടനം ഹോട്സ്പർ ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ സെമിയിൽ. ടോട്ടനത്തിന്റെ പതറാത്ത വീര്യത്തിനും ‘വാറിനും’ മുന്നിൽ സിറ്റിക്ക് പിടിവിട്ടു. ഇന്നലെ പുലർച്ചെ നടന്ന രണ്ടാംപാദ ക്വാർട്ടറിൽ 4–-3 നായിരുന്നു സിറ്റിയുടെ വിജയം. ആദ്യപാദം ടോട്ടനം ഒരു ഗോളിന് ജയിച്ചിരുന്നു. 4–-4 സമനിലയിൽ സിറ്റിയുടെ മൈതാനത്ത് ടോട്ടനം നേടിയ മൂന്നു ഗോൾ നിർണായകമായി. സെമിയിൽ അയാക്സാണ് എതിരാളി.
സ്വന്തം തട്ടകത്തിൽ അടവുകളൊന്നും ബാക്കി വച്ചില്ല സിറ്റി, എന്നിട്ടും കാലിടറി. സീസണിൽ നാല് കിരീടങ്ങൾ നോട്ടമിട്ടവർക്ക് ചാമ്പ്യൻസ് ലീഗ് മറക്കാം. സിറ്റി ഉറപ്പിച്ചായിരുന്നു ഇറങ്ങിയത്. എതിർപ്പാതിയിലേക്ക് പെപ് ഗ്വാർഡിയോളയുടെ പടയാളികൾ വിശ്രമമില്ലാതെ മാർച്ച് ചെയ്തു. ചുഴിയിൽ അകപ്പെട്ട പായ്ക്കപ്പൽ പോലെയായി ടോട്ടനം പ്രതിരോധം. പലപ്പോഴും ആടിയുലഞ്ഞു. റഫറി വിസിലൂതി മിനിറ്റുകൾക്കുള്ളിൽ സിറ്റി ഗർജിച്ചു. റഹീം സ്റ്റെർലിങ് തുടക്കമിട്ടു. കെവിൻ ഡി ബ്രയ്ൻ കൈമാറിയ പന്ത് ബോക്സിന്റെ ഇടതുവശത്തുനിന്ന് സ്റ്റെർലിങ് വല കണക്കാക്കി പായിച്ചു. ടോട്ടനം കാവൽക്കാരൻ ഹ്യൂഗോ ലോറിസിന് ചാടിപ്പിടിക്കാൻ പോന്നതിലും അപ്പുറത്തായിരുന്നു പന്തിന്റെ പോക്ക്. സിറ്റി 1.
ഒട്ടും കാത്തിരുന്നില്ല ടോട്ടനം. പ്രത്യാക്രമണം ഗോളിൽ കലാശിച്ചു. പടനായകൻ സൺ ഹ്യൂങ് മിൻ ഗോൾമുഖത്തിന് എട്ട് വാര മുന്നിൽനിന്ന് തൊടുത്തു. ഗോളി എഡേഴ്സണിന്റെ ഇടതുകാലിനിടയിലൂടെ പന്തുരുണ്ടു. എതിർതട്ടകത്തിലെ ഗോൾ ചില്ലറ ആത്മവിശ്വാസമല്ല അവർക്ക് നൽകിയത്. ടോട്ടനം ഉണർന്നു. ക്രിസ്റ്റ്യൻ എറിക്സൺ ഒരുക്കിയ അവസരം ഹ്യൂങ് വലയിലാക്കി. ടോട്ടനം 2, സിറ്റി 1. എന്നിട്ടും സിറ്റി തളർന്നില്ല. ഡാനി റോസിന്റെ പിഴവ് മുതലാക്കി ബെർണാർഡോ സിൽവ സിറ്റിയെ ഒപ്പമെത്തിച്ചു.
വീറും വാശിയും കനത്തു. കളി മുറുകി. ഇത്തിഹാദ് മുഴുവൻ സിറ്റിക്കായി ആർത്തുവിളിച്ചു. വീര്യം കൂടി സിറ്റിക്ക്. ഡി ബ്രയ്ൻ–-സ്റ്റെർലിങ് സഖ്യം വീണ്ടും മുന്നേറി. ഗോൾ വീണു. ആതിഥേയർ 3–--2ന് മുന്നിൽ. മൈതാനത്തിലെ സ്ക്രീനിൽ സമയം 21 മിനിറ്റ്. കളി തുടർന്നു. ടോട്ടനം പ്രതിരോധത്തിലിറങ്ങി. രണ്ട് ഗോളിന്റെ വ്യത്യാസത്തിൽ ജയിച്ചാലേ സെമി ഉറപ്പാകു എന്ന ബോധ്യം സിറ്റി കാട്ടി. ഒഴുക്കുള്ള കളിയുമായി ടോട്ടനം പോസ്റ്റിൽ സിറ്റി താരങ്ങൾ തിരമാലകൾ തീർത്തു. ഇതിനിടയിൽ പരിക്കേറ്റ മൗസ സിസോക്കയ്ക്ക് പകരം ഫെർണാഡോ ലൊറന്റെയെ ഇറക്കി മൗറീസിയോ പൊച്ചെട്ടീനോ.
രണ്ടാംപകുതി സിറ്റി കടുപ്പിച്ചു. ടോട്ടനം ഞെരുങ്ങി. മധ്യനിരക്കാരൻ ഡി ബ്രയ്ൻ സിറ്റിയുടെ കടിഞ്ഞാണായി. ബൽജിയംകാരന്റെ സ്പർശം സിറ്റിയുടെ എല്ലാ നീക്കങ്ങളിലുമുണ്ടായി. ടീമിന്റെ നാലാം ഗോളിനും വഴിയൊരുക്കി ഡി ബ്രയ്ൻ. ഇത്തവണ സെർജിയോ അഗ്വേറോ വലകുലുക്കി. ഗോൾകണക്കിൽ സിറ്റി മുന്നിൽ. സെമി ഉറപ്പിക്കാൻ ശേഷിക്കുന്ന 31 മിനിറ്റുകൾ ടോട്ടനത്തെ പിടിച്ചുകെട്ടണം. ഇത്തിഹാദിൽ കാണികൾ ശ്വാസമടക്കി. കുമ്മായവരയ്ക്കപ്പുറത്ത് ഗ്വാർഡിയോള അക്ഷമനായി കളിക്കാർക്ക് നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. മധ്യനിരയിൽ ഡേവിഡ് സിൽവയ്ക്ക് പകരം ഫെർണാണ്ടിന്യോ എത്തി. ഗുണ്ടോഗന് പരന്നുകളിക്കാൻ അവസരം നൽകി ഇത്.
സിറ്റിയുടെ നെഞ്ച് പിളർന്ന് ലൊറന്റെ ടോട്ടനത്തിന്റെ മൂന്നാം ഗോൾ നേടി. കീറൺ ട്രിപ്പിറെടുത്ത കോർണർ ലൊറന്റെ ലക്ഷ്യത്തിലെത്തിച്ചു. പന്ത് ലൊറന്റെയുടെ കൈയിൽ തട്ടിയെന്ന് സിറ്റി വാദിച്ചു. വാർ സംവിധാനം പരിശോധിച്ചു. ഗോളനുവദിച്ചു. 4–-3. ആകെയുള്ള കണക്കെടുപ്പിൽ വീണ്ടും ആതിഥേയർ പിന്നിലായി. ഒരുഗോളിനായി അവർ ആർത്തിരമ്പി. അവസാന വിസിലൂതുന്നതിനു തൊട്ടുമുമ്പ് സ്റ്റെൾലിങ് ടോട്ടനം വല ഭേദിച്ചു. സിറ്റി ആഹ്ലാദിച്ചു. നിമിഷനേരമേ അതിനായുസ്സുണ്ടായിരുന്നുള്ളു. ‘വാർ’ പരിശോധനയിൽ അഗ്വേറോ ഓഫ്സൈഡെന്ന് വ്യക്തമായി. ഗോൾ നിഷേധിച്ചു. വിസിൽ മുഴങ്ങി. ടോട്ടനം സെമിഫൈനലിൽ.
തുടർച്ചയായ മത്സരങ്ങളിൽ മഞ്ഞക്കാർഡ് കണ്ട ഹ്യൂങ്ങിന് അയാക്സിനെതിരായ ആദ്യപാദ സെമിഫൈനൽ നഷ്ടമാകും.