21 August Wednesday

എളുപ്പം ലിവർപൂൾ

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019


പോർട്ടോ
അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ലിവർപൂൾ ചാമ്പ്യൻസ്‌ ലീഗ്‌ സെമിഫൈനലിൽ. രണ്ടാംപാദ ക്വാർട്ടറിൽ പോർട്ടോയെ 4–-1ന്‌ വീഴ്‌ത്തി. ഇരുപാദങ്ങളിലുമായി 6–-1ന്റെ വമ്പൻ ജയവുമായി ലിവർപൂൾ സെമിയിൽ ബാഴ്‌സലോണയ്‌ക്കെതിരെ. ലിവർപൂളിന്റെ തുടർച്ചയായ രണ്ടാം സെമിയാണിത്‌. സാദിയോ മാനെ, മുഹമ്മദ്‌ സലാ, റേബർട്ടോ ഫിർമിനോ, വിർജിൽ വാൻഡിക്ക്‌ എന്നിവർ ഗോളടിച്ചു.

ഫിർമിനോയെ ബെഞ്ചിലിരുത്തിയാണ്‌ യുർഗൻ ക്ലോപ്‌ തന്റെ ടീമിനെ അണിയിച്ചത്‌. ഡിവോക്‌ ഒറിജി ആയിരുന്നു സലായ്‌ക്കും മാനെയ്‌ക്കും കൂട്ട്‌. മത്സരഫലത്തിനു വിപരീതമായിരുന്നു കളിയുടെ തുടക്കം. പോർട്ടോ മുന്നേറി. അരമണിക്കൂറിനുള്ളിൽ പതിമൂന്നു തവണയാണ്‌ അവർ ലിവർപൂൾ ഗോൾമുഖത്തേക്ക്‌ പന്ത്‌ പായിച്ചത്‌. മുന്നേറ്റക്കാരൻ മൂസ്സ മരേഗ മുന്നിലെത്താനുള്ള സുവർണാവസരം തുലച്ചു. ലക്ഷ്യത്തിലേക്ക്‌ പായിച്ച ആദ്യ പന്തുതന്നെ വലയിലാക്കി ക്ലോപും ടീമും കളിയിലെത്തി. സലാ തെളിച്ച പന്ത്‌ മാനെ ഗോളാക്കി. മാനെ ഓഫ്‌സൈഡാണെന്ന വാദം ‘വാർ’ നിരസിച്ചു.

ഒരു ഗോളിന്റെ ലീഡുമായി ഇടവേളയ്‌ക്ക്‌ പിരിഞ്ഞ ലിവർപൂൾ രണ്ടാംപാതി കളി മാറ്റി. ഒറിജിക്കു പകരം ബ്രസീലുകാരൻ ഫിർമിനോ വന്നു. പ്രത്യാക്രമണത്തിൽ കിട്ടിയ പന്തുമായി മുന്നേറിയ സലാ ടീമിന്റെ സ്‌കോർ ഉയർത്തി. വലതുഭാഗത്തുനിന്ന്‌ അലക്‌സാണ്ടർ ആർനോൾഡ്‌ ഇടതുഭാഗത്തുള്ള സലായ്‌ക്ക്‌ നീട്ടിനൽകിയ പന്ത്‌ അതിവേഗം ഈ‌‌ജിപ്‌തുകാരൻ പോസ്റ്റിലേക്ക്‌ തട്ടിയിട്ടു. വൈകാതെ പോർട്ടോ തിരിച്ചടിച്ചു. അടുത്ത സീസണിൽ റയൽ മാഡ്രിഡിലേക്ക്‌ ചേക്കേറുന്ന ഏദർ മിലിറ്റാവോ ഹെഡ്ഡറിലൂടെ അലിസൺ ബക്കറെ കീഴടക്കി. അലക്‌സ്‌ ടെല്ലസെടുത്ത കോർണറിൽനിന്നാണ്‌ ബ്രസീലുകാരന്റെ ഗോൾ പിറന്നത്‌.

ഒരു ഗോൾ നേടിയെങ്കിലും പോർട്ടോ കളിയിൽ പിന്നിലായി. പ്രതിരോധം ഉലഞ്ഞു. ജോർദാൻ ഹെൻഡേഴ്‌സൺ ഒരുക്കിയ ക്രോസിൽ തലവച്ച്‌ ഫിർമിനോ ലീഡുയർത്തി. ജെയിംസ‌് മിൽനർ ലിവർപൂളിനായി എടുത്ത കോർണറിനെ തുടർന്നുണ്ടായ കൂട്ടപ്പൊരിച്ചിലിൽ പന്ത‌് കിട്ടിയ വാൻ ഡിക്ക‌് ഗോളാക്കി. കൂടുതൽ ഗോൾ വഴങ്ങാതെ പോർട്ടോ കളി അവസാനിപ്പിച്ചു.


പ്രധാന വാർത്തകൾ
 Top