05 April Sunday

വാറിൽ തോറ്റ്‌ ചെൽസി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 19, 2020


ലണ്ടൻ
‘വാർ’ ചെൽസിയെ തുണച്ചില്ല. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട്‌ തോറ്റു (2–-0). രണ്ടുവട്ടം ചെൽസി യുണൈറ്റഡ്‌ വലകുലുക്കിയെങ്കിലും വാർ ഗോൾ നിഷേധിച്ചു. ലീഗിൽ നേരത്തേയും യുണൈറ്റഡ്‌ ചെൽസിയെ കീഴടക്കിയിരുന്നു. ജയത്തോടെ പട്ടികയിൽ ഏഴാമതെത്തി ഒലേ ഗുണ്ണാർ സോൾചെയറിന്റെ ടീം. 26  കളികളിലായി 38 പോയിന്റായി.

മൂന്നുതവണയാണ്‌ വാർ ചെൽസിയെ നിരാശപ്പെടുത്തിയത്‌. തുടക്കം ഫൗളിലൂടെയായിരുന്നു. ചെൽസി മുന്നേറ്റക്കാരൻ മിച്ചി ബാത്‌ഷുവായി യുണൈറ്റഡ്‌ ക്യാപ്‌റ്റൻ ഹാരി മഗ്വയർ അപകടകരമായി ചവിട്ടി. ചുവപ്പ്‌ കാർഡിനായുള്ള ചെൽസി കളിക്കാരുടെ ആവശ്യം വാർ നിരാകരിച്ചു. ഇടവേളയ്‌ക്കുമുമ്പ്‌ ആന്തണി മാർഷ്യൽ യുണൈറ്റഡിന്‌ ലീഡ്‌ നൽകി. 56–-ാം മിനിറ്റിൽ ചെൽസി ലക്ഷ്യംകണ്ടു. കോർണറിൽ തലവച്ച്‌ പ്രതിരോധക്കാരൻ കുർട്‌ സുമ വലകുലുക്കി. ബ്രണ്ടൻ ഫെർണാണ്ടസിനെ ചെൽസി ക്യാപ്‌റ്റൻ സെസാർ അസ്‌പ്ലിക്യൂട്ട വീഴ്‌ത്തിയതിനാൽ വാർ ഗോൾ പിൻവലിച്ചു. ഉടനെ യുണൈറ്റഡ്‌ ലീഡുയർത്തി. ഇത്തവണ മഗ്വയറായിരുന്നു.

പകരക്കാരനായെത്തിയ ഒളിവർ ജിറൂ വീണ്ടും യുണൈറ്റഡ്‌ വലയിൽ പന്തെത്തിച്ചു. ഇത്തവണ ഓഫ്‌സൈഡായിരുന്നു വിനയായത്‌. ജിറൂവിന്റെ ബൂട്ടിന്റെ മുൻഭാഗം ഓഫായിരുന്നുവെന്ന്‌ വാർ വിധിച്ചു.


പ്രധാന വാർത്തകൾ
 Top